സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും മറുപടിയുമായി നടി സീമ ജി. നായര്‍. കഴിഞ്ഞ ദിവസം അന്തരിച്ച നടന്‍ സുധിയുടെ ഭാര്യ രേണു സുധിയെക്കുറിച്ച് പങ്കുവെച്ച കുറിപ്പിലെ വാക്കുകള്‍ വളച്ചൊടിച്ചവര്‍ക്കും, സാമ്പത്തിക പിരിവ് നടത്തുന്നുവെന്ന് ആക്ഷേപിച്ചവര്‍ക്കുമാണ് നടി ഫെയ്സ്ബുക്കിലൂടെ മറുപടി നല്‍കിയത്. കാന്‍സര്‍ ബാധിതയായ രേണു സുധിയെ പോയി കണ്ടതിനെക്കുറിച്ച് സീമ ജി നായര്‍ കഴിഞ്ഞദിവസം എഴുതിയിരുന്നു. രേണുവിനെക്കുറിച്ചുള്ള തന്റെ കുറിപ്പ് ക്യാന്‍സര്‍ എന്ന അസുഖത്തെക്കുറിച്ചും അതിന്റെ ഭീകരതയെക്കുറിച്ചും വ്യക്തമാക്കാന്‍ വേണ്ടിയായിരുന്നുവെന്ന് സീമ പറയുന്നു.
സീമ ജി നായരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
കഴിഞ്ഞ ദിവസം രേണു സുധിയെ കുറിച്ച് ഒരു പോസ്റ്റ് ഞാന്‍ ഇട്ടിരുന്നു, അതില്‍ ഞാന്‍ വ്യക്തമായി പറയുന്ന ചില കാര്യങ്ങള്‍ ഉണ്ട്, അത്കാന്‍സര്‍ എന്ന അസുഖത്തെക്കുറിച്ചും അതിന്റെ അവസ്ഥയെ കുറിച്ചും ആണ്, അല്ലാതെ രേണുവിനെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള പോസ്റ്റ് അല്ല. .അത് പല മീഡിയകളും ഏറ്റെടുത്തു അവരുടെ ശൈലിയില്‍ എഴുതി തുടങ്ങി, പല ''വാക്കുകളും''വളച്ചൊടിക്കപ്പെട്ടു..അതില്‍ ചില കമന്റുകള്‍ വന്നു, അതില്‍ തിരുവനന്തപുരത്തു നിന്ന് ഒരു ഷീജ റാണി (പ്രൊഫൈല്‍ ലോക്ക് ആണ് )..എഴുതി ഞാന്‍ പിരിവ് തുടങ്ങും, പാതി ഞാന്‍ എടുക്കും, പാതി അവര്‍ക്കു കൊടുക്കും, പ്രശസ്തി എനിക്കും എന്ന്.
ഷീജ റാണിയോട് ഒരു വാക്ക്, നിങ്ങളുടെ വീട്ടില്‍ ആര്‍ക്കെങ്കിലും കാന്‍സര്‍ വന്നിട്ട് ഞാന്‍ പിരിക്കാന്‍ ഇറങ്ങിയിട്ടില്ല, ആര്‍ക്കു വേണ്ടിയും പിരിക്കാറില്ല, സഹായങ്ങള്‍ അവരവരുടെ അക്കൗണ്ട് നമ്പര്‍ കൊടുത്തിട്ട് അതിലേക്കാണ് ആരേലും സഹായിക്കുന്നെങ്കില്‍ സഹായിക്കുക, അത് എടുക്കാനും, കൈകാര്യം ചെയ്യാനും അവര്‍ക്ക് മാത്രം അധികാരം, ഈ ഭൂമിയില്‍ നിന്ന് കടന്നു പോയ പ്രിയപെട്ടവരുടെ മാതാപിതാക്കള്‍ ഇവിടെ ജീവിച്ചിരുപ്പുണ്ട്.
ബന്ധുക്കള്‍ ജീവിച്ചിരുപ്പുണ്ട്, ഇന്നും ആ വീടുകളില്‍ ഒരു പ്രശ്‌നം വന്നാല്‍ ആദ്യം അവര്‍ എന്നെയാണ് വിളിക്കുക, പിന്നെ സെലെബ്രറ്റികളെ മാത്രം ആണ് മൈന്‍ഡ് ചെയ്യുക എന്ന് ചിലര്‍,സത്യത്തില്‍ ചിരിയാണ് വരുന്നത്, ഏകദേശം 34 വര്‍ഷങ്ങള്‍ക്കു മുന്നേ ഒരു സെലിബ്രറ്റിയും അല്ലാതിരുന്ന കാലത്ത് എന്റെ അമ്മയെയും കൊണ്ട് RCC യുടെ വരാന്തകളില്‍ ഇരുന്ന വ്യക്തിയാണ് ഞാന്‍. എന്തെങ്കിലും ഞാന്‍ ചെയ്യുന്നുവെങ്കില്‍ സെലെബ്രറ്റികളെക്കാള്‍ കൂടുതല്‍ സാധാരണക്കാര്‍ക്കാണ് ചെയ്യുന്നത്, അറിയുന്നത് കലാരംഗത്തുള്ളവരുടെ കാര്യം ആണ്, ഞാന്‍ ആര്‍ക്കും ശല്യം ആകുന്നില്ലല്ലോ,??ആരെയും ശല്യപ്പെടുത്താനും വരുന്നില്ല, ഒരു വശത്തു കൂടി ഇങ്ങനെ ജീവിച്ചു പൊയ്‌ക്കോട്ടേ.
ഒരു നേരത്തെ മരുന്നെങ്കിലും സുഖമില്ലാത്തവര്‍ക്ക് മേടിച്ചു കൊടുക്ക്, വിശപ്പിന് ഒരു നേരത്തെ ആഹാരം കൊടുക്ക്, ഒരു കുട്ടിക്ക് വിദ്യാഭാസ ചിലവ് കൊടുക്ക്, പാവപെട്ട ഒരു പെണ്‍ കുട്ടിയുടെ കല്യാണം നടത്തികൊടുക്ക്, വീടുവെക്കാന്‍ സ്ഥലം ഇല്ലാത്തവര്‍ക്ക് 3 സെന്റ് സ്ഥലം മേടിച്ചു കൊടുക്ക്, വീടില്ലാത്തവര്‍ക്ക് ഒരു വീട് വെച്ച് കൊടുക്ക്, എല്ലാരുടെയും പേര് എഴുതാന്‍ പറ്റില്ല, കൈ വിരലുകളുടെ തുമ്പത്ത് ഒരു ഫോണും, കീ ബോര്‍ഡും ഉണ്ടെങ്കില്‍ എന്തും പറയാമെന്നും, എഴുതാമെന്നും കരുതരുത്, ഇതിലേതെങ്കിലും ചെയ്തു കൊടുത്തിട്ട്, എന്നിട്ട് എന്നെ ക്രിട്ടിസൈസ് ചെയ്യൂ ..ആരെയും വേദനിപ്പിക്കുന്ന രീതിയില്‍ ഇന്നുവരെ ഞാന്‍ ഒന്നും പറഞ്ഞിട്ടുമില്ല, എഴുതിയിട്ടുമില്ല. .
കഴിഞ്ഞദിവസം രേണു സുധിയുടെ ആരോഗ്യ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ട് നടി സീമ ജി നായര്‍ ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അവര്‍ ഇപ്പോള്‍ വളരെ മോശമായ അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത് എന്നും അതിനൊപ്പം അവരെ വേദനിപ്പിക്കുന്ന രീതിയിലുള്ള കമന്റുകളും മറ്റും ഇട്ട് നമ്മള്‍ അവരെ കൂടുതല്‍ ദുരിതത്തില്‍ ആക്കി മാറ്റുകയാണ്. അവര്‍ക്ക് ഇപ്പോള്‍ വേണ്ടത് കരുതലാണ് എന്നും നമ്മുടെ പിന്തുണയോടെ കൂടി തന്നെ അവര്‍ എല്ലാ അസുഖവും ഭേദമായി എളുപ്പം തിരിച്ചു വരട്ടെ എന്നിങ്ങനെയായിരുന്നു സീമ ജി നായര്‍ പങ്കുവെച്ച് പോസ്റ്റ്.
കുറിപ്പ് ഇങ്ങനെയായിരുന്നു:
കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി ചില കാര്യങ്ങള്‍ എഴുത്തണമെന്ന് വിചാരിച്ചിരുന്നു, ഞാന്‍ രേണുവിനെ ഫോളോ ചെയ്യുന്ന വ്യക്തിയോ, രേണുവിന്റെ വിഡിയോ കാണുന്ന ആളോ ആയിരുന്നില്ല, പക്ഷേ രേണുവിന് കാന്‍സര്‍ ആണെന്നറിഞ്ഞ ദിവസം മുതല്‍ അവരെ വിളിക്കാനും, കാര്യങ്ങള്‍ അറിയാനും ശ്രമിച്ചു, കഴിഞ്ഞ ദിവസം രേണുവിന്റെ അടുത്ത് പോയിരുന്നു, രേണുവിനെ കണ്ടിരുന്നു. .എന്റെ ജീവിതത്തില്‍ ഞാന്‍ അറിഞ്ഞും, അറിയാതെയും കടന്നു വന്ന ഇത്തരത്തില്‍ ഒരുപാടുപേര്‍ ഉണ്ടായിരുന്നു, ഇപ്പോളും ഉണ്ട്, ഇന്നലെവരെ അവര്‍ ആരെന്നോ, എന്തെന്നോ അറിയാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല, ഇനി അങ്ങോട്ടും അങ്ങനെ തന്നെ...പക്ഷേ ഈ അസുഖം എന്താണെന്നും, അതെങ്ങനെ ആവും എന്നറിയാനും ഞാന്‍ ശ്രമിച്ചിട്ടുണ്ട്,എല്ലാദിവസവും ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നത് ആര്‍ക്കും ഈ അസുഖം വരുത്തല്ലേയെന്നാണ്.നിരവധിപേരുടെ കൂടെ ഞാന്‍ യാത്ര ചെയ്തു, എന്റെ അമ്മയ്ക്കും ഇതേ അസുഖം ആയിരുന്നു..പല വേര്‍പാടുകളും ഇപ്പോളും ഉള്‍കൊള്ളാന്‍ കഴിയുന്നുമില്ലാതാനും.
ഇന്നലെ വരെ ഒരാളുടെ തണലില്‍ ജീവിച്ചിരുന്ന വ്യക്തി, പെട്ടെന്ന് അയാള്‍ ഇല്ലാതാകുമ്പോള്‍..മുന്നോട്ടു ഇനിയും ജീവിച്ചേ മതിയാകു എന്നവസ്ഥയില്‍ അവനവന് പറ്റുമെന്നു അവര്‍ക്കു തോന്നുന്ന ജോലി ചെയ്യാന്‍ ശ്രമിക്കും, കാണേണ്ടവര്‍ക്ക് കാണാം, ഇല്ലാത്തവര്‍ക്ക് തിരസ്‌ക്കരിക്കാം, ആരുടെ കയ്യും, കാലും പിടിച്ച് എന്റെ വര്‍ക്ക് നിങ്ങള്‍ കണ്ടേ മതിയാകു എന്നാവശ്യപ്പെട്ടിട്ടില്ല..ചിലപ്പോള്‍ അവര്‍ ജീവിതത്തെ പിടിച്ച് നിര്‍ത്താന്‍ ശ്രമിച്ചതാവാം
രേണുവിന് അസുഖം ആയിക്കഴിഞ്ഞ്, അവരുടെ വിഡിയോ കണ്ടപ്പോള്‍, അതിന്റെ താഴെ വന്ന നെഗറ്റിവ് കമന്റ് മനസ്സിനെ വല്ലാതെ അലോസരപെടുത്തി, എന്തിനാണ് നമ്മള്‍ ഇത്രയധികം അസഹിഷ്ണുത കാണിക്കുന്നത്, ഈ അസുഖം ആര്‍ക്കു വേണമെങ്കിലും, എപ്പോള്‍ വേണമെങ്കിലും വരാം, ഇപ്പോള്‍ തെറി വിളിക്കുന്ന പലരുടെയും ഉള്ളില്‍ ഇതുണ്ടാകാം, ചിലപ്പോള്‍ അവസാന നിമിഷമാകാം ഇതറിയുന്നത്..എന്തിനാണ് അവരെ തെറി വിളിക്കാന്‍ നമ്മള്‍ മത്സരിക്കുന്നത്. അവര്‍ ഇപ്പോള്‍ കടന്നുപോകുന്ന അവസ്ഥ ദുഷ്‌കരമാണ്, അതി കഠിനമാണ്..അതിനെ അതിജീവിക്കാന്‍ രേണുവിന് കഴിയട്ടെ. അസുഖത്തിന്റെ വേദനയിലുപരി, അതിന്റെ കാഠിന്യത്തിലുപരി, രേണു പുറത്തു പറഞ്ഞില്ലെങ്കിലും അവരെ വേദനിപ്പിക്കുന്നത്, ഇങ്ങനെയുള്ള തെറി വിളികളും, ശാപവാക്കുകളും ആവാം..അതുകൊണ്ട് പറയുവാണ്, അവരെ വെറുതെ വിടു. .കാന്‍സറിനോട് പൊരുതി അവര്‍ തിരിച്ചു വരട്ടെ.''-എന്നായിരുന്നു സീമയുടെ വാക്കുകള്‍