വന്‍ വിജയമായിരുന്ന 'പരാശക്തി' എന്ന ചിത്രത്തിന്റെ പ്രതിഫല തുക ലഭിച്ചില്ലെന്ന് ആരോപിച്ച് പ്രശസ്ത സംവിധായിക സുധ കൊങ്കര മദ്രാസ് ഹൈക്കോടതിയില്‍. ചിത്രത്തിന്റെ നിര്‍മാതാവിനെതിരെയാണ് സംവിധായിക നിയമപോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. തനിക്ക് ലഭിക്കേണ്ട 8.39 കോടി രൂപ നല്‍കിയില്ലെന്നാണ് സുധ കൊങ്കരയുടെ പരാതി. ഇതേ നിര്‍മാണക്കമ്പനിയുടെ പുതിയ ചിത്രമായ 'ഇദയം മുരളി'യുടെ റിലീസ് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി പരിഗണിച്ച കോടതി 'പരാശക്തി'യുടെ സാറ്റ്ലൈറ്റ് റിലീസ് ജൂലൈ എട്ടുവരെ തടഞ്ഞു.
ശിവകാര്‍ത്തികേയന്‍, രവിമോഹന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ 'പരാശക്തി' ജനുവരിയിലാണ് തിയേറ്ററുകളിലെത്തിയത്. ഡോണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ ആകാശ് ഭാസ്‌കരനാണ് ചിത്രം നിര്‍മിച്ചത്. ആകാശ് ഭാസ്‌കരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ഇദയം മുരളി' എന്ന ചിത്രം ജൂലൈ 10-ന് റിലീസ് ചെയ്യാനിരിക്കെയാണ് സുധ കൊങ്കര കോടതിയെ സമീപിച്ചത്. റിലീസ് സമയം മുതല്‍ തന്നെ വലിയ രാഷ്ട്രീയ-സിനിമാ വിവാദങ്ങള്‍ക്ക് വഴിവെച്ച ചിത്രമാണ് 'പരാശക്തി'. ആദ്യം ജനുവരി ഒന്‍പതിന് റിലീസ് ചെയ്യാനിരുന്ന വിജയ്യുടെ 'ജനനായകന്‍' എന്ന ചിത്രവുമായി ബോക്‌സ് ഓഫീസ് മത്സരത്തിന് (ക്ലാഷ് റിലീസ്) വേണ്ടിയാണ് പരാശക്തിയുടെ റിലീസ് പൊങ്കല്‍ സമയത്തേക്ക് മാറ്റിയത്.
രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന് മുന്‍പുള്ള വിജയ്യുടെ അവസാന ചിത്രമെന്ന നിലയില്‍ 'ജനനായകന്‍' വലിയ ശ്രദ്ധ നേടിയിരുന്നു. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ആയിരുന്നു 'പരാശക്തി'യുടെ വിതരണം ഏറ്റെടുത്തത്. വിജയ് ചിത്രത്തെ തകര്‍ക്കാന്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് 'പരാശക്തി' നേരത്തെ റിലീസ് ചെയ്തതെന്ന വിമര്‍ശനവും അന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ നടപടികള്‍ നീണ്ടുപോയതുമൂലം 'ജനനായകന്‍' റിലീസ് വൈകുകയായിരുന്നു. റിലീസ് വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ പ്രതിഫല തര്‍ക്കത്തെത്തുടര്‍ന്ന് ചിത്രം വീണ്ടും കോടതി കയറിയിരിക്കുന്നത്. ജൂലൈ എട്ടിന് കോടതി കേസ് വീണ്ടും പരിഗണിക്കും.