Latest News

നാടക കലാകാരനായ അച്ഛന്റെ ജീവിതത്തില്‍ എത്തിയത് ഇരട്ട സഹോദരിമാര്‍; രണ്ടമ്മമാരുടെ സ്നേഹവും ലാളനയുമേറ്റ് വളര്‍ന്നത് മൂന്നു മക്കള്‍; പെറ്റമ്മയാരെന്ന് ഇപ്പോഴും അറിയില്ല; കൊട്ടാരം വീട്ടിലെ അപ്പൂട്ടനില്‍ നായികയായി എത്തിയ നടി ശ്രുതിയുടെ ജീവിതകഥ

Malayalilife
നാടക കലാകാരനായ അച്ഛന്റെ ജീവിതത്തില്‍ എത്തിയത് ഇരട്ട സഹോദരിമാര്‍; രണ്ടമ്മമാരുടെ സ്നേഹവും ലാളനയുമേറ്റ് വളര്‍ന്നത് മൂന്നു മക്കള്‍; പെറ്റമ്മയാരെന്ന് ഇപ്പോഴും അറിയില്ല; കൊട്ടാരം വീട്ടിലെ അപ്പൂട്ടനില്‍ നായികയായി എത്തിയ നടി ശ്രുതിയുടെ ജീവിതകഥ

കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ എന്ന സിനിമ കാണാത്ത മലയാളികളുണ്ടാകില്ല. എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാന്‍ ഇരുന്നുപോകുന്ന, യഥാര്‍ത്ഥ പേരിനേക്കാള്‍ ഡോ. അമ്പിളി എന്ന് അറിയപ്പെടുന്ന നടിയാണ് ശ്രുതി കൃഷ്ണ. കന്നഡക്കാരിയാണെങ്കിലും ശ്രുതി നമുക്കെല്ലാം പ്രിയങ്കരിയാണ്. നാടന്‍ സുന്ദരിയായി, ഒരു പാവം മുഖമുള്ള പെണ്‍കുട്ടി. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഇന്നും നടിയുടെ സൗന്ദര്യത്തിനോ രൂപത്തിനൊ മാറ്റമൊന്നും വന്നിട്ടില്ല. ഇടയ്ക്കിടെ ശ്രുതിയുടെ വിശേഷങ്ങള്‍ മാധ്യമങ്ങളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ, നടിയുടെ സ്വകാര്യ ജീവിതത്തെ സംബന്ധിച്ചുള്ള വിവരമാണ് പുറത്തു വന്നിരിക്കുന്നത്. നടിയുടെ അച്ഛനും അമ്മമാര്‍ക്കും സഹോദരിയ്ക്കും ഒപ്പമുള്ള ചിത്രം പുറത്തു വന്നപ്പോഴാണ് ആരാധകര്‍ നടിയുടെ കുടുംബത്തെ കുറിച്ച് തിരഞ്ഞു തുടങ്ങിയതും വിശ്വസിക്കാന്‍ സാധിക്കാത്ത ഒരു കഥ ആരാധകരിലേക്ക് എത്തിയതും. ആ കഥ ഇങ്ങനെയാണ്:

നാടക കലാകാരനാണ് ശ്രുതിയുടെ അച്ഛന്‍ ജി വി കൃഷ്ണ. അദ്ദേഹം ഒരു നാടക കമ്പനി ഉടമയും ആയിരുന്നു, അദ്ദേഹത്തിന്റെ നാടക സംഘത്തില്‍ അഭിനയിക്കാന്‍ വന്നവരായിരുന്നു രാധയും രുക്മിണിയും. അതീവ സുന്ദരികളായ ഇരട്ട സഹോദരിമാര്‍. വിവാഹത്തോടെ വേര്‍പിരിയാന്‍ കഴിയാതിരുന്ന സഹോദരിമാരെ അദ്ദേഹം വിവാഹം കഴിക്കുകയായിരുന്നു. അങ്ങനെ നാടക കലാകാരന്മാരുടെ കുടുംബത്തില്‍ ജനിക്കുകയായിരുന്നു ശ്രുതി. നടന്‍ ശരണ്‍, ഉഷ എന്നിങ്ങനെ രണ്ട് സഹോദരങ്ങള്‍ കൂടിയുണ്ട് ശ്രുതിയ്ക്ക്. എന്നാല്‍ ഇതില്‍ കൗതുകകരമായ കാര്യം, ഇതില്‍ ഏത് കുട്ടി ഏത് അമ്മയുടേതാണെന്ന് ഈ കുടുംബം ഇന്നുവരെ പുറത്തുവിട്ടിട്ടില്ല എന്നതാണ്. രണ്ട് അമ്മമാരുടെയും തുല്യമായ സ്നേഹം അനുഭവിച്ചാണ് മക്കള്‍ മൂന്നുപേരും വളര്‍ന്നത്.

ഗിരിജ എന്നായിരുന്നു ശ്രുതിയുടെ യഥാര്‍ത്ഥ പേര്. തന്റെ പതിനാലാമത്തെ വയസ്സില്‍ 'നമ്പിദ്രെ നമ്പി ബിട്രെ ബിഡി' എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലെത്തുന്നത്. ആദ്യ ചിത്രങ്ങളില്‍ പ്രിയദര്‍ശിനി എന്ന പേരാണ് ഉപയോഗിച്ചതെങ്കിലും പിന്നീട് പ്രശസ്ത സംവിധായകന്‍ ദ്വാരകീഷിന്റെ 'ശ്രുതി' എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം, സംവിധായകന്റെ നിര്‍ദ്ദേശപ്രകാരം ചിത്രത്തിന്റെ പേര് തന്നെ തന്റെ സിനിമാ നാമമായി സ്വീകരിക്കുകയായിരുന്നു. ഈ ചിത്രം വലിയ ഹിറ്റാവുകയും ചെയ്തു.

'ഒരാള്‍ മാത്രം' എന്ന ചിത്രത്തിലൂടെയാണ് ശ്രുതി മലയാളത്തിലെത്തുന്നത്. പിന്നീട് 'സി.ഐ. മഹാദേവന്‍ 5 അടി 4 ഇഞ്ച്' എന്ന ചിത്രത്തിലും അഭിനയിച്ചു. തുടര്‍ന്ന് മലയാള സിനിമയില്‍ സജീവമല്ലായിരുന്നെങ്കിലും, കന്നഡ സിനിമാ ലോകത്ത് കഴിഞ്ഞ 36 വര്‍ഷമായി 150-ലധികം സിനിമകളില്‍ അഭിനയിച്ച് വലിയ ജനപ്രീതി നേടുവാന്‍ ശ്രുതിയ്ക്ക് കഴിഞ്ഞു. മികച്ച നടിക്കുള്ള കര്‍ണാടക സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് രണ്ടുതവണയും തമിഴ്‌നാട് സംസ്ഥാന അവാര്‍ഡ് ഒരു തവണയും താരം സ്വന്തമാക്കിയിട്ടുണ്ട്. അവാര്‍ഡിന് അര്‍ഹയാക്കിയ 'ഗൗഡ്രു' എന്ന ചിത്രത്തിന്റെ സംവിധായകന്‍ എസ്. മഹേന്ദറുമായുള്ള 11 വര്‍ഷത്തെ വിവാഹജീവിതം പിന്നീട് വേര്‍പിരിയലിലാണ് കലാശിച്ചത്. ഈ ബന്ധത്തില്‍ ഗൗരി ശ്രുതി എന്നൊരു മകളുണ്ട്.

പിന്നീട് 2013-ല്‍ പ്രശസ്ത മാധ്യമപ്രവര്‍ത്തകനും കവിയുമായ ചക്രവര്‍ത്തി ചന്ദ്രചൂഡിനെ ശ്രുതി വിവാഹം കഴിച്ചുവെങ്കിലും ആ ബന്ധത്തിനും അധികം ആയുസ്സുണ്ടായിരുന്നില്ല. ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ ഇരുവരും വിവാഹമോചനം നേടി. വ്യക്തിജീവിതത്തിലെ ഈ തിരിച്ചടികള്‍ക്കിടയിലും സിനിമയിലും അതോടൊപ്പം രാഷ്ട്രീയത്തിലും സജീവമായി ഇടപെട്ടുകൊണ്ട് ശക്തമായ ഒരു തിരിച്ചുവരവാണ് ശ്രുതി കൃഷ്ണ നടത്തിയത്. പ്രതിസന്ധികളെ ധീരമായി നേരിട്ടുകൊണ്ട് അവര്‍ ഇന്നും കന്നഡ സിനിമയിലും ടെലിവിഷന്‍ രംഗത്തും സജീവമായി തുടരുന്നു.

ACTRESS shruthi life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES