മലയാളത്തിലെ അറിയപ്പെടുന്ന തിരക്കഥാകൃത്തുക്കളാണ് ബോബി സഞ്ജയ്. ഇവരുടെ കൂട്ടുകെട്ടില്‍ പിറന്ന ട്രാഫിക് മുംബൈ പോലീസ് തുടങ്ങിയ ചിത്രങ്ങളൊക്കെ ഹിറ്റായിരുന്നു. ഇവരുടെ തിരക്കഥയില്‍ ഇനി ഒരുങ്ങാനിരിക്കുന്നത് വണ്‍ എന്ന ചിത്രമാണ്. കോവിഡ് പടരുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റെ റിലീസ് നീണ്ടു പോകുകയാണ. ആരാധകര്‍ പ്രതീക്ഷയോടെയാണ് സന്തോഷ് വിശ്വനാഥ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥ മമ്മൂട്ടിയ്ക്ക് വായിച്ചു കൊടുക്കാന്‍ ചെന്നപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് സഞ്ജയ്. ടൈംസിന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം രസകരമായ അനുഭവം പങ്കുവച്ചത്.
മമ്മൂട്ടിയുടെ അടുത്ത തിരക്കഥ വായിക്കാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍ എല്ലാം പറഞ്ഞത് നിങ്ങള്‍ കഥ വായിക്കുമ്പോള്‍ അദ്ദേഹം ഫുള്‍ ടൈം മൊബൈലിലേക്ക് നോക്കിയിരിക്കുകയായിരിക്കും.അതൊരു ട്രാപ്പായിരിക്കും പുള്ളി നിങ്ങളെ ടെസ്റ്റ് ചെയ്യുന്നതാണ്. അതില്‍ വീഴരുതെന്നായിരുന്നുവെന്ന് സഞ്ജയ് പറയുന്നു.
നിങ്ങള്‍ വായിച്ചു കൊണ്ടിരുന്നാല്‍ മതി. നല്ല ടിപ്പാണല്ലോ എന്നു തങ്ങള്‍ കരുതി. അങ്ങനെ മമ്മൂക്കയുടെ അടുത്തതെത്തി. കഥ വായിക്കാന്‍ തുടങ്ങി. സുഹൃത്തുക്കള്‍ പറഞ്ഞത് പോലെ മമ്മൂട്ടിയുടെ കണ്ണ് മൊബൈലിലാണ്. കണ്ണെടുക്കുന്നില്ല. സീന്‍ ഒന്നായി, രണ്ടായി, മൂന്നായി. തങ്ങള്‍ വായിച്ചു കൊണ്ടേയിരുന്നു. എന്നാല്‍ മമ്മൂട്ടിയില്‍ നിന്നും യാതൊരു പ്രതികരണവുമില്ല. ഒടുവില്‍ ഒരു ഘട്ടം എത്തിയപ്പോള്‍ ആ കെണിയില്‍ തങ്ങള്‍ വീണുവെന്നും സഞ്ജയ് പറയുന്നു.
പറയുന്നതെല്ലാം മമ്മൂക്ക കേള്‍ക്കുന്നുണ്ടോയെന്ന് തങ്ങള്‍ മമ്മൂട്ടിയോട് ചോദിച്ചു. എന്നാല്‍ അപ്പോള്‍ മമ്മൂട്ടി അതുവരെ വായിച്ച സീനുകളെല്ലാം വള്ളിപുള്ളി തെറ്റാതെ ഇങ്ങോട്ട് പറഞ്ഞു തരികയായിരുന്നുവെന്നും സഞ്ജയ് പറയുന്നു. അപ്പോഴാണ് മൊബൈലില്‍ നോക്കുമ്പോഴും മമ്മൂട്ടിയുടെ ശ്രദ്ധ തങ്ങള്‍ വായിക്കുന്നതിലാണെന്ന് മനസിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.