Latest News

സന്തോഷ് നായരുടെ വിയോഗം സൃഷ്ടിച്ച ശൂന്യത വാക്കുകള്‍ക്ക് അപ്പുറം; കോളേജില്‍ എന്റെ ജൂനിയറായിരുന്ന കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനും; സുഹൃത്തിനെ നഷ്ടമായ വേദനയില്‍ സുരേഷ് ഗോപിയും മോഹന്‍ലാലും; വില്ലന്‍ സെറ്റിലെ ചിരിമാണിക്.മെന്ന് സുരാജും; വേദനയില്‍ സിനിമാ ലോകം

Malayalilife
 സന്തോഷ് നായരുടെ വിയോഗം സൃഷ്ടിച്ച ശൂന്യത വാക്കുകള്‍ക്ക് അപ്പുറം; കോളേജില്‍ എന്റെ ജൂനിയറായിരുന്ന കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനും; സുഹൃത്തിനെ നഷ്ടമായ വേദനയില്‍ സുരേഷ് ഗോപിയും മോഹന്‍ലാലും; വില്ലന്‍ സെറ്റിലെ ചിരിമാണിക്.മെന്ന് സുരാജും; വേദനയില്‍ സിനിമാ ലോകം

മലയാള ചലച്ചിത്ര രംഗത്തെ മുതിര്‍ന്ന നടന്‍ സന്തോഷ് കെ. നായരുടെ അപ്രതീക്ഷിത വിയോഗത്തില്‍ സിനിമാലോകം നടുക്കത്തില്‍. അടൂര്‍ എം.സി. റോഡില്‍ പുതുശ്ശേരി ഭാഗത്തുണ്ടായ വാഹനാപകടത്തിലാണ് അദ്ദേഹം അന്തരിച്ചത്. പ്രിയ സഹപ്രവര്‍ത്തകന്റെ വിയോഗത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും നടന്‍ മോഹന്‍ലാലും ഹൃദയസ്പര്‍ശിയായ കുറിപ്പുകളിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

സന്തോഷ് നായരുടെ വിയോഗം സൃഷ്ടിച്ച ശൂന്യത വാക്കുകള്‍ക്ക് അപ്പുറമാണെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'വെറുമൊരു ബന്ധുവിനോ സുഹൃത്തിനോ ഉപരിയായി, എന്റെ ജീവിതയാത്രയില്‍ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരതുല്യനായ ഒരാളായിരുന്നു സന്തോഷ്. പ്രിയപ്പെട്ടവന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത വാക്കുകള്‍ക്ക് അപ്പുറമാണ്. പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട... ആത്മാവിന് നിത്യശാന്തി നേരുന്നു. ആദരാഞ്ജലികള്‍.' - സുരേഷ് ഗോപി കുറിച്ചു. 

വ്യക്തിപരമായി ഏറെ അടുപ്പമുള്ള ഒരാളെയാണ് തനിക്ക് നഷ്ടമായതെന്ന് മോഹന്‍ലാല്‍ അനുസ്മരിച്ചു. 'ഏറെ വിഷമിപ്പിക്കുന്ന ഒരു ദുഃഖവാര്‍ത്തയാണ് ഇന്ന് രാവിലെ കേട്ടത്. കോളേജില്‍ എന്റെ ജൂനിയറായിരുന്നു സന്തോഷ്. ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹം എനിക്ക്. ഒട്ടനവധി സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. തലയെടുപ്പുള്ള വ്യക്തിത്വമായി ഏവരുടേയും സ്നേഹം പിടിച്ചുപറ്റിയ നല്ലൊരു മനസ്സിന്റെ ഉടമ. സന്തോഷിന്റെ അകാലത്തിലുള്ള വേര്‍പാടില്‍ വേദനയോടെ ആദരാഞ്ജലികള്‍.' - മോഹന്‍ലാല്‍ കുറിച്ചു. 

സന്തോഷ് നായരെ അനുസ്മരിച്ചുകൊണ്ട് സുരാജ് വെഞ്ഞാറമൂട് പങ്കുവെച്ചതിങ്ങനെ: ഒസന്തോഷ് നായരുടെ വിയോഗം തന്നെ അതീവ ദുഃഖത്തിലാഴ്ത്തിയെന്നും, സിനിമയില്‍ താന്‍ വരുന്ന കാലത്ത് വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ സന്തോഷ്, ഒന്നിച്ച് അഭിനയിച്ചു തുടങ്ങിയപ്പോള്‍ താന്‍ പ്രതീക്ഷിച്ചതിലും വലിയ തമാശക്കാരനായിരുന്നെന്നും സുരാജ് അനുസ്മരിക്കുന്നു. സന്തോഷ് നായര്‍ അവസാനമായി അഭിനയിച്ച മോഹിനിയാട്ടം എന്ന ചിത്രത്തില്‍ സുരാജും ഒരു പ്രധാന വേഷം ചെയ്തിരുന്നു, ആ ചിത്രത്തിന്റെ സെറ്റിലും സന്തോഷ് തമാശകള്‍ പറഞ്ഞ് എല്ലാവരെയും ചിരിപ്പിച്ചതായി സുരാജ് ഓര്‍ക്കുന്നു.


ചൊവ്വാഴ്ച രാവിലെ 6.15-ഓടെ അടൂര്‍ എം.സി റോഡിലായിരുന്നു നാടിനെ നടുക്കിയ അപകടം. സന്തോഷ് നായരും ഭാര്യയും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്നും കോട്ടയത്തേക്ക് പോകുകയായിരുന്നു ഇവര്‍. സന്തോഷാണ് വാഹനം ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സന്തോഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല. 

അപകടത്തില്‍ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ട്രക്ക് ഡ്രൈവര്‍ക്കും പരിക്കുണ്ട്. 1982-ല്‍ പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത 'ഇതു ഞങ്ങളുടെ കഥ' എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് കെ. നായര്‍ അഭിനയരംഗത്തെത്തിയത്. വില്ലനായും ഹാസ്യതാരമായും സഹനടനായും നൂറിലേറെ ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു. 'ഇരുപതാം നൂറ്റാണ്ട്' ഉള്‍പ്പെടെയുള്ള സിനിമകളില്‍ മോഹന്‍ലാലിനൊപ്പമുള്ള അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'മോഹിനിയാട്ടം' ആണ് അദ്ദേഹം ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.

santhosh nair tribute to film industry

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES