മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും നടനും സംവിധായകനുമായ ബേസില്‍ ജോസഫും തമ്മിലുള്ള ആത്മബന്ധം പരസ്യമാണ്. സഞ്ജുവിന്റെ മൈതാനത്തെ പ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ബേസില്‍ ആഘോഷമാക്കാറുണ്ട്. ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമായ 'അതിരടി' കേരളത്തിലെ വന്‍ വിജയത്തിന് ശേഷം തമിഴിലേക്ക് മൊഴിമാറ്റി എത്തുമ്പോള്‍, ചെന്നൈയില്‍ നടന്ന പ്രൗഢഗംഭീരമായ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയത് ഉറ്റസുഹൃത്തായ സഞ്ജു സാംസണായിരുന്നു.
ചടങ്ങില്‍ സഞ്ജുവും ബേസിലും തമ്മില്‍ വേദിയില്‍ പങ്കുവെച്ച രസകരമായ കൗണ്ടറുകളും വെളിപ്പെടുത്തലുകളുമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 'അതിരടി' എന്ന ചിത്രത്തിലെ ഒരു അതിഥി വേഷത്തിലേക്ക് സഞ്ജു സാംസണെ ആദ്യം ആലോചിച്ചിരുന്നതായി ബേസില്‍ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. എന്തുകൊണ്ടാണ് ആ വേഷം ചെയ്യാതിരുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് തനതായ ശൈലിയില്‍ സഞ്ജു നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: 'വളരെ ചെറിയൊരു വേഷമാണ് ബേസില്‍ എനിക്ക് തന്നത്.
അതുകൊണ്ടാണ് ഞാന്‍ അത് ചെയ്യാതിരുന്നത്. തരുമ്പോള്‍ കുറച്ചുകൂടി വലിയ വേഷം തരണമെന്ന് ഞാന്‍ അവനോട് പറഞ്ഞു. അവന്‍ ഭയങ്കര വലിയ സംവിധായകനാണ്, അതുകൊണ്ട് എനിക്ക് എങ്ങനെയുള്ള വേഷമാണ് നല്‍കേണ്ടതെന്ന് അവന് കൃത്യമായി അറിയാം.സഞ്ജുവിന് ഏതുതരം വേഷമാണ് നല്‍കാന്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന്, നല്ല 'മാസ്' ആയ സ്‌റ്റൈലിഷ് വേഷമായിരിക്കുമെന്നായിരുന്നു ബേസിലിന്റെ മറുപടി. ഉടന്‍ തന്നെ ബേസില്‍ അടുത്ത കൗണ്ടറുമിട്ടു, 'ഇതും മാസാണ്, ഒരു ഓട്ടോ ഡ്രൈവറുടെ വേഷമായിരുന്നു അത്.' എന്നാല്‍ വിട്ടുകൊടുക്കാന്‍ സഞ്ജുവും തയ്യാറായില്ല; 'തമിഴ്നാട്ടില്‍ പണ്ടുമുതലേ ഓട്ടോ ഡ്രൈവര്‍ വേഷങ്ങള്‍ സൂപ്പര്‍ മാസാണ്'' എന്നായിരുന്നു സഞ്ജുവിന്റെ തകര്‍പ്പന്‍ മറുപടി.
ഇതുപോലൊരു സിനിമാ ചടങ്ങില്‍ താന്‍ മുന്‍പ് പങ്കെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ സഞ്ജു, സുഹൃത്ത് വിളിച്ചതുകൊണ്ട് മാത്രമാണ് എത്തിയതെന്നും കൂട്ടിച്ചേര്‍ത്തു. 'ബേസിലിനെ എനിക്ക് വര്‍ഷങ്ങളായി അറിയാം. എല്ലാ സാധാരണ സൗഹൃദങ്ങളെയും പോലെ തന്നെയാണ് ഞങ്ങളും. ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ ഞാന്‍ എങ്ങനെയെന്ന് അവനും, സിനിമക്കാരന്‍ എന്ന നിലയില്‍ അവന്‍ എങ്ങനെയെന്ന് എനിക്കും നന്നായി അറിയാം. എല്ലാവര്‍ക്കും ബേസില്‍ എപ്പോഴും ചിരിച്ചു കളിച്ചു നടക്കുന്ന ഒരാളാണ്, എന്നാല്‍ ശരിക്കും അവന്‍ ജോലിയുടെ കാര്യത്തില്‍ കടുത്ത കണിശക്കാരനും സീരിയസുമായ വ്യക്തിയാണ്.' - സഞ്ജു പറഞ്ഞു.
'അതിരടി' ബേസില്‍ ജോസഫ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ്. ഇതിനായി അവന്‍ എടുത്ത കഠിനാധ്വാനം നേരിട്ടറിയാവുന്നത് കൊണ്ടാണ് താന്‍ ഇവിടെ എത്തിയതെന്നും, ബേസില്‍ ഒരു കാര്യത്തില്‍ ഉറച്ചുനിന്നാല്‍ അതിനായി നൂറു ശതമാനം സമര്‍പ്പിക്കുന്ന ആളാണെന്നും സഞ്ജു ഓര്‍മ്മിപ്പിച്ചു. സിനിമ തമിഴിലും മലയാളത്തിലും കണ്ട് എല്ലാവരും വിലയിരുത്തണമെന്ന് സഞ്ജു അഭ്യര്‍ത്ഥിച്ചു. ഒപ്പം മറ്റൊരു രസകരമായ കാര്യം കൂടി താരം വെളിപ്പെടുത്തി: 'എന്റെ ഓരോ ക്രിക്കറ്റ് മാച്ച് കഴിയുമ്പോഴും ബേസില്‍ എന്നെ ഫോണില്‍ വിളിക്കും. എന്നിട്ട് 'നീ ആ ഷോട്ട് കളിച്ചത് ശരിയായില്ല, ഈ ഷോട്ട് ഇങ്ങനെ കളിക്കണമായിരുന്നു' എന്നൊക്കെ പറഞ്ഞ് വിലയിരുത്തും. അതുകൊണ്ട് ഇനി ഇവന്റെ സിനിമ കണ്ട് എനിക്കും അതുപോലെ തിരിച്ച് കമന്റുകള്‍ പറയണം.' - സഞ്ജു ചിരിയോടെ പറഞ്ഞുനിര്‍ത്തി