തമിഴ്-തെലുങ്ക് കന്നഡ താരവും നടി നിക്കി ഗൽറാണിയുടെ സഹോദരിയുമായ സഞ്ജന ഗൽറാണി സിനിമയിൽ നിന്നും ഒരു താത്കാലിക ബ്രേക്കെടുത്തിട്ട് കുറച്ചു നാളുകളായി. ചില ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണെന്നും ചികിത്സയിലാണെന്നും സഞ്ജന കുറച്ചു നാളുകൾ മുൻപ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ തന്നെ അലട്ടിയ രോഗത്തെക്കുറിച്ചും നടി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
ശസ്ത്രക്രിയയിലൂടെ 550 എംഎല്ലുള്ള അണ്ഡാശയ മുഴ നീക്കം ചെയ്‌തെന്നും, വീണ്ടും കലാരംഗത്തും സജീവമാകുമെന്നും, എല്ലാ സ്ത്രീകളും ആരോഗ്യ പരിശോധനകൾ നടത്തണമെന്നും സഞ്ജന ശസ്ത്രക്രിയക്ക് ശേഷം ട്വീറ്റ് ചെയ്തിട്ടുണ്ട്. ട്വീറ്റിനൊപ്പം ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളും സഞ്ജന പങ്കു വച്ചിട്ടുണ്ട്.വളരെ വേഗം സുഖം പ്രാപിക്കട്ടെയെന്നു ട്വീറ്റിനു താഴെ ആശംസകളുമായി ആരാധകരും എത്തിയിട്ടുണ്ട്
ദണ്ഡുപാല്യ എന്ന ചിത്രത്തിൽ നഗ്‌ന രംഗത്തിൽ അഭിനയിച്ചു എന്ന ആരോപണത്തിലൂടെ വിവാദ നായികയായിരുന്നു സഞ്ജന ഗൽറാണി. ഈ രംഗം സിനിമയിൽ ഇല്ലെങ്കിലും ഓൺലൈനിലൂടെ രംഗങ്ങൾ പ്രചരിച്ചിരുന്നു. മോഹൻലാലിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കാസനോവ എന്ന ചിത്രത്തിലും സഞ്ജന ഗൽറാണി അഭിനയിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് സഞ്ജന.