മലയാളം സിനിമാ തര്‍ക്കത്തില്‍ സമരം പ്രഖ്യാപിച്ചതും പിന്നാലെ വിവാദ പ്രതികരണങ്ങള്‍ വരികയും ചെയ്ത ശേഷം വിവാദം തണുപ്പിക്കാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങള്‍ തല്‍ക്കാലം വിജയം കണ്ടേക്കും. വിഷയത്തില്‍ മുതിര്‍ന്ന നിര്‍മാതാക്കള്‍ പ്രതികരണം നടത്തുന്നത് തല്‍ക്കാലം അവസാനിപ്പിച്ചിരിക്കയാണ്. ഇതിനിടെ സാന്ദ്രാ തോമസ് വിഷയത്തില്‍ ഇടപെട്ട് രംഗത്തുവന്നെങ്കിലും ആരും അധികം പ്രതികരണത്തിന് താല്‍പ്പര്യമില്ലാത്ത നിലയിലാണ്. പ്രൊഡ്യൂസേഴ്്സ് അസോസിയേഷന്‍ നേതാവായ ആന്റോ ജോസഫ് പനി പിടിച്ച് ആശുപത്രിയിലാണ്. ജി സുരേഷ് കുമാര്‍ ദുബായിലും. കഴിഞ്ഞ ദിവസങ്ങളില്‍ ജയന്‍ ചേര്‍ത്തല അടക്കം നടത്തിയ പ്രതികരണങ്ങള്‍ ഏറ്റുപിടിക്കാന്‍ ഇവര്‍ക്കാര്‍ക്കും താല്‍പ്പര്യമില്ല.
സര്‍ക്കാറില്‍ നിന്നും സമ്മര്‍ദ്ദം ചെലുത്തി വിനോദ നികുതി കുറയ്ക്കുക എന്നതാണ് നിര്‍മാതാക്കളുടെ പ്രധാന ലക്ഷ്യം. എന്നാല്‍, അതിലേക്ക് ചര്‍ച്ചകള്‍ പോയിട്ടില്ല. ഇതില്‍ പലര്‍ക്കും അമര്‍ഷമുണ്ട് താനും. അതേസമയം ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടന സമരാഹ്വാനം നടത്തുകയും, ശേഷം വൈസ്-പ്രസിഡന്റ് ജി. സുരേഷ് കുമാര്‍ നടത്തിയ പ്രതികരണവും, മറ്റൊരു നിര്‍മാതാവായ ആന്റണി പെരുമ്പാവൂരിന്റെ മറുപ്രതികരണവും വിവാദമാകുകയും ചെയ്തു. ചലച്ചിത്ര നിര്‍മാതാക്കള്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചായിരുന്നു സുരേഷ് കുമാറിന്റെ വാദം. താരങ്ങള്‍ പലരും പിന്തുണച്ചത് ആന്റണി പെരുമ്പാവൂരിനെയും. ഈ സാഹചര്യത്തില്‍ അടിയന്തര ജനറല്‍ബോഡി യോഗം വിളിക്കണം എന്ന് ചൂണ്ടിക്കാട്ടി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വനിതാ നിര്‍മാതാവായ സാന്ദ്ര തോമസ് കത്തയച്ചു.
നിലവില്‍ നടക്കുന്ന കാര്യങ്ങളിലും പത്രസമ്മേളനങ്ങളിലും ആശയക്കുഴപ്പമുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്റെ പത്രസമ്മേളനം കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കി. ജയന്‍ ചേര്‍ത്തലയുടെ പ്രസ്താവന സംഘടനയ്ക്ക് വലിയ നാണക്കേടായി. 'വെടക്കാക്കി തനിക്കാക്കുക' എന്ന തരത്തില്‍ ആരൊക്കെയോ പ്രവര്‍ത്തിക്കുന്നതായി തോന്നുന്നു. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ജനറല്‍ബോഡിയോഗം ചേരണമെന്ന് സാന്ദ്ര കത്തില്‍ ആവശ്യപ്പെട്ടു.
വ്യാജ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍, ഇരട്ട നികുതി, താരങ്ങളുടെ ശമ്പളം തുടങ്ങി വിവിധ കാരണങ്ങളാല്‍ കഷ്ടപ്പാടുകള്‍ അഭിമുഖീകരിക്കുന്ന മലയാള സിനിമയുടെ ദയനീയമായ പ്രതിസന്ധിയെക്കുറിച്ച് മുതിര്‍ന്ന നിര്‍മ്മാതാവ് ജി. സുരേഷ് കുമാര്‍ പറഞ്ഞ വാക്കുകള്‍ അടുത്തിടെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. വ്യവസായത്തിനുള്ളില്‍ നടക്കുന്ന സംഭവങ്ങള്‍ ക്രമപ്പെടുത്തുന്നതിനായി, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ (കെഎഫ്പിഎ) ഉള്‍പ്പെടെ നിരവധി ചലച്ചിത്ര സംഘടനകള്‍ ജൂണ്‍ 1 മുതല്‍ വ്യവസായ വ്യാപകമായ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
എന്നിരുന്നാലും, ആശീര്‍വാദ് സിനിമാസിന്റെ ആന്റണി പെരുമ്പാവൂരും നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ പൃഥ്വിരാജ് സുകുമാരന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇത് സ്വീകരിച്ചിട്ടില്ല. ഈ സമരം നിര്‍മ്മാതാക്കളുടെ ദുരവസ്ഥയ്ക്ക് വിപരീത ഫലമുണ്ടാക്കുമെന്നും ഇത് സിനിമാ മേഖലയില്‍ പങ്കാളിത്തമുള്ള എല്ലാവര്‍ക്കും വലിയ നഷ്ടം സൃഷ്ടിക്കുമെന്നും ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു. സമരത്തെ പരസ്യമായി അപലപിച്ച ആന്റണി, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റായ സുരേഷിനെ പണിമുടക്കിന്റെ പ്രഖ്യാപനം നടത്താന്‍ നിര്‍ബന്ധിച്ചിരിക്കാമെന്നും അഭിപ്രായപ്പെട്ടു.
അതേസമയം തര്‍ക്കം അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആശങ്കയുമായി മുതിര്‍ന്ന താരങ്ങള്‍ അടക്കമുണ്ട്. ഒരാവേശത്തില്‍ സുരേഷ്‌കുമാറിനെ വിമര്‍ശിച്ചു വന്നവരാണ് ഇപ്പോള്‍ തങ്ങളുടെ പ്രതിഫല വിവരം അടക്കം പുറത്തുവരുന്നതില്‍ ആശങ്കയില്‍ കഴിയുന്നത്. സിനിമകളുടെ കളക്ഷന്‍ വിവരങ്ങളും, താരങ്ങളുടെ പ്രതിഫല കണക്കും പുറത്ത് വിടരുതെന്ന് മുതിര്‍ന്ന താരങ്ങള്‍ ആവശ്യപ്പെട്ടതായി വിവരം പുറത്തുവരുന്നുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ അത് തങ്ങള്‍ക്ക് തന്നെ തിരിച്ചടിയാകുമെന്ന് ഇവര്‍ ഭയപ്പെടുന്നു. അതുകൊണ്ട് കടുത്ത നിലപാട് അരുതെന്ന് പറഞ്ഞു താരങ്ങള്‍ നിര്‍മാതാവ് ജി സുരേഷ് കുമാറിനെ ഫോണില്‍ ബന്ധപ്പെട്ടതായാണ് വിവരം. എന്നാല്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.
ഇതോടെ മലയാള സിനിമയിലെ ആവേശക്കമ്മറ്റിക്കാരനാണ് വെട്ടിലായിരിക്കു്‌നത്. മുതിര്‍ന്ന താരങ്ങള്‍ ജി സുരേഷ് കുമാറിനെ ഫോണില്‍ ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. 100 കോടി ക്ലബ് പ്രചരണം വിനയാകുമെന്നുമാണ് പ്രധാന ആശങ്ക. പുറത്തുവരുന്ന കണക്കുകളുടെ പശ്ചാത്തലത്തില്‍ ആദായനികുതി വകുപ്പിന്റെ പരിശോധനയടക്കം ഉണ്ടാകുമെന്ന് വിലയിരുത്തല്‍. ഫെബ്രുവരിവരിയിലെ കണക്ക് പുറത്ത് വിടുമെന്ന് ജി സുരേഷ് കുമാര്‍ പറഞ്ഞിരുന്നു.
നേരത്തെ കോടികള്‍ വാരിക്കൂട്ടിയെന്ന പ്രചരണം നടത്തി സൗബിന്‍ സാഹിറി്‌ന്റെ സിനിമയായ മഞ്ഞുമ്മല്‍ ബോയ്‌സും ആദായ നികുതി വകുപ്പിന്റെ കെണിയില്‍ പെട്ടിരുന്നു. ഈ സിനിമയെ മറയാക്കി കള്ളപ്പണ ഇടപാട് നടന്നെന്ന ആക്ഷേപം പോലും ഉയര്‍ന്നു. ഈ പശ്ചാത്തലം നിലനില്‍ക്കേയാണ് കണക്കുകള്‍ പുറത്തുവിടരുന്നെന്ന ആവശ്യം സിനിമാക്കാര്‍ ഉന്നയിക്കുന്നത്. താരങ്ങളുടെ പ്രതിഫലം നിലവിലെ നിലയില്‍ തുടര്‍ന്നാല്‍ സിനിമാ വ്യവസായം തകരും. ഫെബ്രുവരിയിലെ കണക്ക് കൂടി പുറത്തുവരുന്നതോടെ സമൂഹത്തിനും ഇത് ബോധ്യപ്പെടും' എന്ന നിലപാടിലാണ് പ്രൊഡ്യൂസേഴ്‌സ് അസോ.പ്രസിസന്റ് ജി സുരേഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയത്. ജനുവരിയില്‍ പുറത്തിറങ്ങിയ സിനിമകളുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കുള്ളില്‍ ഒരു പ്രശ്‌നവുമില്ലെന്ന് നിര്‍മാതാവും, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷററുമായ ലിസ്റ്റില്‍ സ്റ്റീഫന്‍ പ്രതികരിച്ചിരുന്നു.