''എതിര്‍ക്കുന്ന ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമം ആണധികാര ശബ്ദത്തിന്റെ പ്രതിഫലനമാണ്''; സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതികരിക്കുന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വം; ഉമ തോമസിനെതിരായ സൈബര്‍ ആക്രമണത്തില്‍ സാന്ദ്രാ തോമസ്

Malayalilife
''എതിര്‍ക്കുന്ന ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമം ആണധികാര ശബ്ദത്തിന്റെ പ്രതിഫലനമാണ്''; സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതികരിക്കുന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വം; ഉമ തോമസിനെതിരായ സൈബര്‍ ആക്രമണത്തില്‍ സാന്ദ്രാ തോമസ്

എറണാകുളം എംഎല്‍എ ഉമ തോമസിനെതിരായി നടന്ന സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധവുമായി ചലച്ചിത്ര നിര്‍മാതാവ് സാന്ദ്ര തോമസ് രംഗത്തെത്തി. സ്ത്രീകളെ ലക്ഷ്യമിട്ട് നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ രാഷ്ട്രീയഭേദമന്യേ എതിര്‍ക്കപ്പെടേണ്ടതാണെന്ന് അവര്‍ വ്യക്തമാക്കി. സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവെച്ച സാന്ദ്ര തോമസ്, ''എതിര്‍ക്കുന്ന ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമം ആണധികാര ശബ്ദത്തിന്റെ പ്രതിഫലനമാണ്'' എന്നും അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതികരിക്കുന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

ഉമാ തോമസ് എംഎല്‍എക്കെതിരെ സൈബര്‍ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേരളാ രാഷ്ട്രീയത്തിന്റെ പൊതുമണ്ഡലത്തില്‍ ഇന്നേവരെ കേട്ടുകേള്‍വിയില്ലാത്ത ലൈംഗികാതിക്രമ പരമ്പരയുടെ വിവരങ്ങള്‍ ഒരു യുവ എംഎല്‍എക്കെതിരെ ഉണ്ടായപ്പോള്‍ അതില്‍ ഒരു സ്ത്രീ എന്ന നിലയില്‍ ശക്തമായ നിലപാട് സ്വീകരിച്ച ഉമാ തോമസ് എംഎല്‍എയെ സൈബര്‍ ഇടത്തില്‍ അക്രമിക്കുന്നതിനെ ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു. അവരുടെ പ്രസ്ഥാനം സൈബര്‍ ഇടങ്ങളിലെ അക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചിട്ടുണ്ടെങ്കിലും അതില്‍ ആ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടുള്ളവര്‍ ആരെങ്കിലും പങ്കാളികള്‍ ആയിട്ടുണ്ടെങ്കില്‍ ആ പ്രസ്ഥാനം അവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുകയും വേണം. സ്ത്രീകള്‍ക്കെതിരെ ഉണ്ടാവുന്ന ആക്രമണങ്ങളെ രാഷ്ട്രീയഭേദമന്യേ എതിര്‍ക്കപ്പെടേണ്ടതാണ്. അങ്ങനെ എതിര്‍ക്കുന്ന ശബ്ദങ്ങളെ നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നത് ഒരു ആണധികാര ശബ്ദത്തിന്റെ പ്രതിഫലനമാണ്, അതൊരു കാരണവശാലും കേരളം അനുവദിച്ചു കൊടുത്തുകൂടാ.

പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷനുമായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമ ആരോപണങ്ങളില്‍ എംഎല്‍എ ഉമാ തോമസ് ശക്തമായി പ്രതികരിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവയ്ക്കണമെന്നും ഉമ തോമസ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഉമ തോമസിനെതിരെ രൂക്ഷ സൈബര്‍ ആക്രമണമുണ്ടാകുന്നത്.

പി.ടി.തോമസ് മരിച്ചതുകൊണ്ടു മാത്രം എംഎല്‍എ ആയ ആളല്ലേ ഉമ തോമസ് എന്നും രാഹുല്‍ അടിത്തട്ടില്‍ നിന്നു വളര്‍ന്നുവന്നതാണ് എന്നുമുള്ള തരത്തില്‍ ഉമാ തോമസിന്റെ പോസ്റ്റുകള്‍ക്ക് താഴെ കമന്റുകള്‍ നിറഞ്ഞിരുന്നു. എന്നാല്‍, ജനാധിപത്യമുള്ള നാടല്ലേ എല്ലാവര്‍ക്കും പ്രതികരിക്കാമല്ലോ എന്നായിരുന്നു സൈബര്‍ ആക്രമണങ്ങളോട്  ഉമ തോമസിന്റെ പ്രതികരണം. തന്റെ പ്രസ്ഥാനം കൂടെ നില്‍ക്കുമെന്നും കഴിഞ്ഞ ദിവസം പറഞ്ഞതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും ഉമ തോമസ് വ്യക്തമാക്കി.

sandra thomas on uma thomas cyber attack

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES