സിനിമാ ലോകത്തെ വലിയ താരങ്ങളും ഒടിടി സീരീസുകളിലേക്ക് ചുവടുവെക്കുന്ന കാലമാണിത്.ബോളിവുഡിലേയും തെന്നിന്ത്യന്‍ സിനിമയിലേയുമെല്ലാം വലിയ താരങ്ങള്‍ ഇതിനോടകം തന്നെ ഒടിടിയില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പ്രിയങ്ക ചോപ്രയും ഷാഹിദ് കപൂറും അജയ് ദേവ്ഗണും മനോജ് വാജ്പേയും വിജയ് സേതുപതിയും തമന്നയും കരീന കപൂറുമെല്ലാം ഇതിനോടകം ഒടിടി ലോകത്ത് കയ്യൊപ്പ് ചാര്‍ത്തിയവരാണ്.
ബിഗ് സ്‌ക്രീനില്‍ നിന്നും ഒടിടിയിലേക്ക് വന്നവരില്‍ മുന്‍നിരക്കാരിയാണ് സമാന്ത. തെന്നിന്ത്യന്‍ താരസുന്ദരിയായ സമാന്ത ഒടിടി ലോകത്തേക്ക് കടന്നു വരുന്നത് ഫാമിലി മാന്‍ 2 വെബ് സീരീസിലൂടെയാണ്. തെന്നിന്ത്യന്‍ സിനിമയില്‍ ഗ്ലാമറസ് വേഷങ്ങളിലും സ്റ്റീരിയോടൈപ്പ് നായിക വേഷങ്ങളിലും ഒതുങ്ങി നിന്നിരുന്ന സമാന്തയുടെ അഭിനയ മികവും ആക്ഷന്‍ ചെയ്യാനുള്ള മിടുക്കുമെല്ലാം മുതലെടുത്ത സീരീസായിരുന്നു ഫാമിലി മാന്‍ 2. ഇതോടെ സമാന്ത താരമായി മാറി. ഇന്ന് ഇന്ത്യയാകെ ആരാധകരുള്ള നായികയാണ് സമാന്ത.
അതോടൊപ്പം ഒടിടിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികായയും സമാന്ത വളര്‍ന്നരിക്കുകയാണ്. നേരത്തെ രാധിക ആപ്തയെ പോലുള്ളവര്‍ ആയിരുന്നു ആ സ്ഥാനത്തുണ്ടായിരുന്നത്. ബോളിവുഡിലെ മുന്‍നിരനായികമാരായ കരീന കപൂര്‍, സൊനാക്ഷി സിന്‍ഹ തുടങ്ങിയവരേയും പിന്തള്ളിയാണ് സമാന്ത ഒടിടിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ നായികയായി മാറുന്നത്.
ഈയ്യടുത്തിറങ്ങിയ സിറ്റഡല്‍ സീരീസിലൂടെയാണ് സമാന്ത ഈ നേട്ടം സ്വന്തമാക്കിയത്. വരുണ്‍ ധവാന്‍ ആണ് സീരീസിലെ നായകന്‍. ഫാമിലി മാന്‍ ഒരുക്കിയ രാജും ഡികെയും ചേര്‍ന്നാണ് സിറ്റഡലും ഒരുക്കിയത്. വിവാഹ മോചനവും ആരോഗ്യ പ്രശ്നങ്ങളുമെല്ലാം അലട്ടിയ വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ചാണ് സമാന്ത കരിയറില്‍ നേട്ടം കൊയ്യുന്നത്.
ഒരിക്കല്‍ താന്‍ മോഡലിംഗിലേക്ക് വന്നതിനെക്കുറിച്ച് സമാന്ത തന്നെ പറഞ്ഞിരുന്നു. വിദ്യാഭ്യാസത്തിനുള്ള പണം കണ്ടെത്താനായിരുന്നു താന്‍ മോഡലിംഗ് ചെയ്തതെന്നാണ് സമാന്ത പറഞ്ഞത്. തന്റെ തിരഞ്ഞെടുപ്പായിരുന്നില്ല മോഡലിംഗ്. പഠിക്കാനുള്ള പണമുണ്ടായിരുന്നില്ല എന്റെ പക്കല്‍. പക്ഷെ ഞാനതില്‍ സന്തോഷിക്കുന്നു. നിനക്ക് പഠിക്കാനുള്ള ലോണൊന്നും ഞാന്‍ അടയ്ക്കില്ലെന്ന് അച്ഛന്‍ പറുന്നതോടെയാണ് എന്റെ ജീവിതം മാറുന്നത്. നേരത്തെ കോഫി വിത്ത് കരണില്‍ സംസാരിക്കുകയായിരുന്നു സമാന്ത.