Latest News

സലിം കുമാറിന് കണ്ണീരോടെ വിടചൊല്ലി മലയാളക്കര; മതചടങ്ങുകള്‍ വേണ്ടെന്ന് അന്ത്യാഭിലാഷം, കോണ്‍ഗ്രസ് പതാക പുതപ്പിച്ചു; 'കൂടപ്പിറപ്പ് 'നഷ്ടപ്പെട്ട സങ്കടത്തില്‍ വികാരാധീനനായി മുഖ്യമന്ത്രി വി.ഡി.സതീശന്‍; പറവൂരിലേക്ക് ഒഴുകിയെത്തി പതിനായിരങ്ങള്‍; ഭൗതിക ശരീരം ടൗണ്‍ഹാളില്‍ നിന്ന് വീട്ടിലെത്തിച്ചു; ഇനി വീട്ടുവളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

Malayalilife
സലിം കുമാറിന് കണ്ണീരോടെ വിടചൊല്ലി മലയാളക്കര; മതചടങ്ങുകള്‍ വേണ്ടെന്ന് അന്ത്യാഭിലാഷം, കോണ്‍ഗ്രസ് പതാക പുതപ്പിച്ചു; 'കൂടപ്പിറപ്പ് 'നഷ്ടപ്പെട്ട സങ്കടത്തില്‍ വികാരാധീനനായി മുഖ്യമന്ത്രി വി.ഡി.സതീശന്‍; പറവൂരിലേക്ക് ഒഴുകിയെത്തി പതിനായിരങ്ങള്‍; ഭൗതിക ശരീരം ടൗണ്‍ഹാളില്‍ നിന്ന് വീട്ടിലെത്തിച്ചു; ഇനി വീട്ടുവളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

മലയാളികളെ പതിറ്റാണ്ടുകളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രിയനടന്‍ സലിം കുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് കേരളം. അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ പതിനായിരങ്ങളാണ് എറണാകുളം പറവൂര്‍ ടൗണ്‍ഹാളിലേക്ക് ഒഴുകിയെത്തിയത്. ചലച്ചിത്ര-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സാധാരണക്കാരുമടക്കം വന്‍ ജനവലിയാണ് പ്രിയതാരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.

രാവിലെ എട്ടുമണിയോടെ കൊച്ചി അമൃത ആശുപത്രിയില്‍ നിന്നും വിലാപയാത്രയായാണ് ഭൗതികശരീരം പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചത്. സലിം കുമാറിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഈ സമയം സന്നിഹിതരായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണി വരെ നീണ്ടുനിന്ന പൊതുദര്‍ശനത്തിന് ശേഷം ഭൗതികശരീരം ആംബുലന്‍സിലേക്ക് മാറ്റി. അടിയുറച്ച കോണ്‍ഗ്രസ് അനുഭാവിയായിരുന്ന സലിം കുമാറിന്റെ അന്ത്യാഭിലാഷ പ്രകാരം, പാര്‍ട്ടി പതാക പുതപ്പിച്ചാണ് അദ്ദേഹത്തിന്റെ മൃതദേഹം ആംബുലന്‍സിലേക്ക് കയറ്റിയത്. തുടര്‍ന്ന് മൃതദേഹം പറവൂരിലെ വീട്ടിലെത്തിച്ചു. വൈകിട്ട് 3.30 ഓടെ വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും

പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും കേരളം തങ്ങളുടെ പ്രിയ കലാകാരനെ യാത്രയാക്കുക. തന്റെ മരണാനന്തര ചടങ്ങുകളില്‍ യാതൊരുവിധ മതപരമായ ചടങ്ങുകളും പാടില്ലെന്ന സലിം കുമാറിന്റെ അന്ത്യാഭിലാഷം മാനിച്ചായിരിക്കും സംസ്‌കാരം നടക്കുക. സഹോദരതുല്യനായ സുഹൃത്തിന്റെ വിയോഗത്തില്‍ അത്യന്തം വികാരാധീനനായാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറവൂര്‍ ടൗണ്‍ഹാളിലെത്തി അന്തിമോപചാരമര്‍പ്പിച്ചത്. വെറുമൊരു ചലച്ചിത്ര താരത്തെയല്ല, തനിക്ക് സ്വന്തം കൂടപ്പിറപ്പിനെയാണ് നഷ്ടപ്പെട്ടതെന്ന് വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. സലിം കുമാറിന്റെ അടിയുറച്ച കോണ്‍ഗ്രസ് ബോധത്തെയും രാഷ്ട്രീയ നിലപാടുകളെയും അദ്ദേഹം അനുസ്മരിച്ചു. തന്റെ എല്ലാ നിയമസഭാ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളും ഉദ്ഘാടനം ചെയ്തത് സലിം കുമാറായിരുന്നുവെന്നും, ഏത് സംഘര്‍ഷ സാഹചര്യത്തിലും സാധാരണ നിലയിലേക്ക് കാര്യങ്ങളെ മടക്കിക്കൊണ്ടുവരാന്‍ പ്രത്യേക കഴിവുള്ള നര്‍മ്മബോധമായിരുന്നു അദ്ദേഹത്തിന്റേതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഹാസ്യനടന്‍ എന്നതിനപ്പുറം താന്‍ എത്രമാത്രം വലിയൊരു നടനാണെന്ന് 'ആദാമിന്റെ മകന്‍ അബു' എന്ന ചിത്രത്തിലൂടെ സലിം കുമാര്‍ തെളിയിച്ചതാണ്. അടൂര്‍ ഭാസിയെയും ബഹദൂറിനെയും പോലെ മലയാളിയുടെ മനസ്സില്‍ അദ്ദേഹം എന്നും ജീവിക്കും. ഇന്നത്തെ സോഷ്യല്‍ മീഡിയയിലെ ട്രോളുകളും തമാശകളും പോലും സലിം കുമാറിന്റെ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണെന്നും വി.ഡി. സതീശന്‍ ഓര്‍മ്മിപ്പിച്ചു.

കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുന്‍നിര നടന്‍ ജയറാം, രമേശ് പിഷാരടി, നവ്യ നായര്‍ തുടങ്ങി സിനിമാ-സാംസ്‌കാരിക ലോകത്തെ നിരവധി പ്രമുഖര്‍ ടൗണ്‍ഹാളിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മെഗാസ്റ്റാര്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരും സലിം കുമാറിന്റെ വിയോഗത്തില്‍ ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി. മലയാള ചലച്ചിത്ര മേഖലയ്ക്ക് ഒരിക്കലും നികത്താനാകാത്ത വലിയൊരു നഷ്ടമാണ് ഈ വിയോഗമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അനുസ്മരിച്ചു.

തീരാത്ത സങ്കടമാണ് ഈ വേര്‍പാടെന്ന് മമ്മൂട്ടിയും, സിനിമയ്ക്കകത്തും പുറത്തും തനിക്ക് ലഭിച്ച ഏറ്റവും നല്ലൊരു സുഹൃത്തായിരുന്നു സലിം കുമാറെന്ന് മോഹന്‍ലാലും ഓര്‍മ്മിച്ചു. ഹാസ്യസാമ്രാട്ടായി മലയാള സിനിമ ഭരിച്ച സലിം കുമാറിന്റെ വിയോഗത്തോടെ മലയാള സിനിമയിലെ ഒരു സുവര്‍ണ്ണ അധ്യായത്തിനാണ് അന്ത്യമാകുന്നത്.

salimkumar funeral today

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES