സിനിമ ലോകത്ത് പുതിയ ചരിത്രം കുറിച്ചുകൊണ്ടിരിക്കുകയാണ് ഋഷഭ് ഷെട്ടിയുടെ കാന്താര: ചാപ്റ്റര്‍ 1. റിലീസിന് ശേഷം നിരന്തരമായ ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങളിലൂടെ മുന്നേറുന്ന ചിത്രം തിയേറ്ററുകളില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ചിത്രത്തില്‍ എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ടത് ക്ലമാക്‌സ് രംഗങ്ങളാണ്. അതിലെ അദ്ദേഹത്തിന്റെ അഭിനയവും ആക്ഷന്‍ രംഗങ്ങളുമാണ് ഇപ്പോള്‍ ആരാധകര്‍ക്ക് ഇടയിലെ ചര്‍ച്ചാവിഷയം. ഇപ്പോഴിതാ ചിത്രത്തില്‍ താന്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഋഷഭ് ഷെട്ടി.
അന്നത്തെ ചിത്രീകരണ സമയത്ത് നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് താരം സോഷ്യല്‍ മീഡിയയിലൂടെ തുറന്നുപറഞ്ഞു. ''ക്ലൈമാക്സ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ കാലില്‍ നീര് കെട്ടിയ നിലയിലായിരുന്നു. ശരീരം തളര്‍ന്നിരുന്നെങ്കിലും മനസിന്റെ ശക്തിയാല്‍ ആ രംഗങ്ങള്‍ പൂര്‍ത്തിയാക്കാനായി. ഇന്ന് ആ രംഗങ്ങള്‍ കോടിക്കണക്കിന് പ്രേക്ഷകര്‍ കണ്ടും പ്രശംസിച്ചും ഇരിക്കുന്നു. അത് ഞങ്ങള്‍ വിശ്വസിക്കുന്ന ദൈവിക ഊര്‍ജ്ജത്തിന്റെ അനുഗ്രഹമാണ്, എല്ലാവര്‍ക്കും നന്ദി'' എന്ന് ഋഷഭ് കുറിച്ചു.
ചിത്രത്തിന്റെ തിരക്കഥയും രൂപകല്പനയും എളുപ്പമൊന്നായിരുന്നില്ലെന്നും, നിരവധി പരിഷ്‌കരണങ്ങളിലൂടെ കടന്നുപോയതാണെന്നും ഋഷഭ് വ്യക്തമാക്കി. ''കാന്താര: ചാപ്റ്റര്‍ 1 തയ്യാറാക്കുമ്പോള്‍ ഏകദേശം 15 മുതല്‍ 16 വരെ ഡ്രാഫ്റ്റുകള്‍ എഴുതേണ്ടി വന്നു. ആദ്യഭാഗം അത്ര അധികം ശ്രമം ആവശ്യമില്ലാതെയായിരുന്നു. എന്നാല്‍ ഈ പ്രീക്വല്‍ ഏറെ പഠനവും പുനര്‍വിചാരവും ആവശ്യപ്പെട്ടിരുന്നു. കഥയെ ശിവയുടെ അച്ഛന്റെ ജീവിതത്തില്‍ നിന്നാണ് ആരംഭിച്ചത്. അത് പിന്നീട് സ്വതന്ത്രമായ ഒരു കഥയായി വളര്‍ന്നു,'' എന്നും അദ്ദേഹം പറഞ്ഞു.
നാലാം നൂറ്റാണ്ടിലെ കദമ്പ സാമ്രാജ്യത്തിന്റെ പശ്ചാത്തലത്തിലാണ് കാന്താര: ചാപ്റ്റര്‍ 1 രൂപപ്പെട്ടിരിക്കുന്നത്. രുക്മിണി വസന്ത്, ഗുല്‍ഷന്‍ ദേവയ്യ, മലയാളികളുടെ പ്രിയതാരം ജയറാം എന്നിവരാണ് പ്രധാന വേഷങ്ങളില്‍. നിലവില്‍ ചിത്രം ആഗോളതലത്തില്‍ 600 കോടി രൂപയുടെ കളക്ഷന്‍ കടന്ന് മുന്നേറുകയാണെന്ന് ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.