തന്റെ നിലപാടുകള്‍ പൊതു വേദികളിലടക്കം ധൈര്യത്തോടെ പറയുന്ന നടിയാണ് റിമ കല്ലിങ്കല്‍. നടിയുടെ അഭിപ്രായങ്ങളെ സോഷ്യല്‍ മീഡിയിലെ ഒരു വിഭാഗം, ട്രോളുകളിലൂടെ ആക്ഷേപിച്ചിട്ടുമുണ്ട്. അത്തരത്തില്‍ വന്ന ട്രോളുകളോട് പ്രതികരിക്കുകയാണ് റിമ കല്ലിങ്കല്‍.വീടുകളിലെ സ്ത്രീ - പുരുഷ വിവേചനം ചൂണ്ടിക്കാട്ടിക്കൊണ്ട് റിമ കല്ലിങ്കല്‍ പറഞ്ഞ 'പൊരിച്ച മീന്‍' ഏറെ ട്രോളുകള്‍ക്കാണ് വഴിവെച്ചത്. ഇപ്പോള്‍ ഈ വിവാദത്തെ കുറിച്ച് നടി മനസ് തുറക്കുകയാണ്. ധന്യാ വര്‍മ്മയുമായി നടത്തിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
താന്‍ എന്താണ് പറയാന്‍ ശ്രമിച്ചത് എന്ന് ആളുകള്‍ മനസിലാക്കിയില്ല എന്നും ട്രോള്‍ ചെയ്യാന്‍ എന്തെങ്കിലും കിട്ടിയാല്‍ മതിയെന്ന അവസ്ഥയാണ് എന്നും റിമ പറഞ്ഞു.നാല് പേര്‍ ഇരിക്കുന്ന ടേബിളില്‍ മൂന്ന് ഫിഷ് ഫ്രൈ ആണുള്ളതെങ്കില്‍ അത് ഷെയര്‍ ചെയ്ത് നാലുപേരും കഴിക്കണമെന്ന ചിന്ത മാതാപിതാക്കളാണ് എന്നിലുണ്ടാക്കിയത്. തുടര്‍ച്ചയായി ഫിഷ് ഫ്രൈ കിട്ടാത്ത സാഹചര്യം എനിക്കുണ്ടായിരുന്നെങ്കില്‍ ഞാന്‍ അതുമായി പൊരുത്തപ്പെട്ടുപോകുമായിരുന്നല്ലോ. എനിക്ക് കിട്ടിയില്ലാ എന്നേ വിചാരിക്കൂ.
എന്നാല്‍ എന്റെ വീട്ടില്‍ അങ്ങനെയല്ലായിരുന്നു. ചെയ്യുന്നത് തെറ്റാണെന്ന് പറയാന്‍ കഴിയുന്നൊരു സ്പേസ് വീട്ടിലുണ്ടായിരുന്നു. എന്റെ അച്ഛനും അമ്മയുമൊക്കെ ഈ സമൂഹത്തില്‍ തന്നെ വളര്‍ന്നുവന്നവരാണെങ്കിലും, അതിന്റെയുള്ളില്‍ നിന്ന് അവര്‍ക്ക് മാറ്റാന്‍ പറ്റുന്നതൊക്കെ മാറ്റിയിട്ടാണ് എന്നെ വളര്‍ത്തിയത്. അതുകൊണ്ടാണ് ഇന്ന് ഞാനിവിടെ സംസാരിക്കുന്നത്.
എന്റെ അമ്മയെ കുറ്റപ്പെടുത്താനല്ല ഫിഷ് ഫ്രൈയുടെ കാര്യം പറയുന്നതെന്ന് വേദിയില്‍ വച്ച് ഞാന്‍ കൃത്യമായി പറഞ്ഞിരുന്നു.
തങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ സാധിക്കാത്ത സ്ത്രീകളുടെ കാര്യം പറയാന്‍ കൂടിയാണ് ഞാനിവിടെ വന്നതെന്നും പറഞ്ഞിരുന്നു. ആ ഫിഷ് ഫ്രൈയുടെ പ്ലേറ്റില്‍ നാലെണ്ണമുണ്ടെങ്കില്‍ അത് കൂടി എനിക്ക് തന്നിട്ട് എന്റെ അമ്മയാണ് കഴിക്കാതിരിക്കുക. ഇവിടത്തെ എല്ലാ വീടുകളിലും നടക്കുന്നത് അതാണല്ലോ. അവര്‍ക്കുവേണ്ടി കൂടിയാണ് സംസാരിക്കുന്നതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ആളുകള്‍ക്ക് അതൊന്നും അറിയണ്ടല്ലോ. ട്രോള്‍ ചെയ്യാന്‍ എന്തെങ്കിലും കിട്ടിയാല്‍ മതിയല്ലോ.'- റിമ കല്ലിങ്കല്‍ പറഞ്ഞു.