ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ ഏറെ ഇടംപിടിച്ചിരുന്നു കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ നേരിട്ടിരുന്ന റിയ, മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലാവുകയും ഒരു മാസം ജയില്‍ വാസം അനുഭവിക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ സുശാന്തിന്റെ മരണത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് റിയ. സുസ്മിത സെന്‍ അതിഥിയായി എത്തിയ തന്റെ പോഡ്കാസ്റ്റായ 'ചാപ്റ്റര്‍ 2 'ന്റെ എപ്പിസോഡിലാണ് റിയ ഇക്കാര്യം വ്യക്തമാക്കിയത്.
ജീവിതത്തില്‍ ഞാന്‍ എന്ത് ചെയ്യുന്നു എന്ന് ആളുകള്‍ക്ക് ആശയക്കുഴപ്പമുണ്ട്. ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് നിറുത്തി. മറ്റു ചില കാര്യങ്ങള്‍ ചെയ്യുന്നു. ഉപജീവനത്തിന് മോട്ടിവേഷണല്‍ സ്പീക്കറായി ജോലി ചെയ്യുന്നുണ്ട്. എന്റെ ജീവിതത്തിലെ ഒന്നാം അദ്ധ്യായം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. വ്യത്യസ്തമായ വികാരങ്ങള്‍ അനുഭവിക്കുന്നതിന്റെ ഒരുപാട് ഘട്ടങ്ങളിലൂടെ ഞാന്‍ കടന്നുപോയി.
എന്റെ തന്നെ വ്യത്യസ്തമായ പതിപ്പുകളായിരുന്നു അവ. ഒടുവില്‍ ഒരു പുനര്‍ജന്മം എന്ന പോലെ, എന്റെ പുത്തന്‍ പതിപ്പ് പോലെ എനിക്ക് അനുഭവപ്പെട്ടു. ജീവിതത്തില്‍ രണ്ടാം അദ്ധ്യായമുള്ള ആരുമായെങ്കിലും അതൊന്നാഘോഷിക്കണമെന്ന് എനിക്ക് തോന്നി. ജീവിതത്തില്‍ രണ്ടാം അദ്ധ്യായം ഉള്ളത് പ്രശ്‌നമുള്ള കാര്യമല്ലെന്ന് പറയണമെന്ന് തോന്നി. എനിക്ക് മാറ്റം ആഘോഷിക്കണം. റിയയുടെ വാക്കുകള്‍.
ആളുകള്‍ വെറുക്കുന്നത് തന്നെയല്ല, പക്ഷേ പൊതുജനങ്ങള്‍ക്കായി സൃഷ്ടിച്ച തന്റെ വ്യക്തിത്വത്തെയാണെന്നും താരം പറഞ്ഞു. 'ഞാന്‍ സൃഷ്ടിച്ച എന്റെ പ്രതിച്ഛായയുമായി അവര്‍ക്ക് ഒരു പ്രശ്നമുണ്ടായിരുന്നു, അത് അവര്‍ വ്യത്യസ്ത രീതിയില്‍ വ്യാഖ്യാനിച്ചു,' റിയ ചൂണ്ടിക്കാട്ടി. തന്നെക്കുറിച്ച് ആളുകള്‍ എന്ത് കരുതുന്നുവെന്ന് താന്‍ മനസിലാക്കുന്നുണ്ടെന്നും റിയ പറയുന്നു. 'അതുകൊണ്ടൊന്നും കാര്യമില്ല എന്ന് എനിക്കും മനസ്സിലായി. ആളുകള്‍ എന്നെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അത് നല്ലത്, വെറുക്കുകയാണെങ്കില്‍ അതും ശരി. അത് പ്രശ്‌നമല്ല, ''റിയ വ്യക്തമാക്കി. ഇനി അഭിനയരംഗത്തേക്കില്ലെന്നും റിയ ചൂണ്ടിക്കാട്ടി.
ഈ വര്‍ഷം മാര്‍ച്ചില്‍, എന്‍ഡിപിഎസ് നിയമപ്രകാരം നിയുക്തമാക്കിയ മുംബൈയിലെ പ്രത്യേക കോടതി റിയ ചക്രബര്‍ത്തിക്ക് കുടുംബത്തോടൊപ്പം തായ്ലന്‍ഡില്‍ ഒരു ചെറിയ അവധിക്കാലം ആഘോഷിക്കാന്‍ വിദേശയാത്രയ്ക്ക് അനുമതി നല്‍കിയിരുന്നു