സിനിമ പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണ് വ്യാജന്‍ ഇറങ്ങാന്‍. പല നല്ല സിനിമയുടെയും വ്യാജന്‍ വെബ്സൈറ്റിലെത്തുന്നത് പതിവ് കാഴ്ച്ചയായി മാറുന്നു. തമിഴിലും മലയാളത്തിലുമടക്കം സിനിമയുടെ വ്യാജന്മമാര്‍ ഉണ്ട് എന്നതാണ് സത്യം. പരാതികള്‍ ഉയരുമ്പോഴും റിലിസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പല സിനിമകളും ഓണ്‍ലൈനില്‍ എത്തുന്നതും കാണാറുണ്ട്. ഇപ്പോള്‍ പുണ്യാളന്റെ രണ്ടാം ഭാഗം ഓണ്‍ലൈനില്‍ എത്തിയതിന്റെ പിന്നാലെ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. വനിതയുമായുള്ള അഭിമുഖത്തില്‍ രഞ്ജിത് ശങ്കര്‍ വെളിപ്പെടുത്തല്‍ നടത്തിയത്,
സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ;
'പുണ്യാളന്‍ 2' റിലീസായി മൂന്നാം ദിവസമാണ് സംഭവം നടക്കുന്നത്. തൃശൂരിലെ തീയറ്ററിലേക്കുള്ള യാത്രയിലാണ് ഞാന്‍. അപ്പോഴാണ് ഓണ്‍ലൈന്‍ പ്രമോഷന്‍ നോക്കുന്നയാളുടെ വിളി എത്തി., തമിള്‍ റോക്കേഴ്‌സ് ചാനലില്‍ പുണ്യാളന്‍ 2 അപ്ലോഡ് ചെയ്യുന്നു. അപ്ലോഡിങ് തുടങ്ങിക്കഴിഞ്ഞു. എന്തു ചെയ്യണമെന്ന് അറിയാതെ തരിച്ചിരുന്ന നിമിഷങ്ങള്‍. എന്റെ കണ്‍മുന്നില്‍ പടത്തിന്റെ വ്യാജന്‍ അപ്ലോഡ് ആവുകയാണ്. ഉടന്‍ തന്നെ പൊലീസുമായി ബന്ധപ്പെട്ട് സൈബര്‍ സെല്ലില്‍ പരാതി നല്‍കി. ടിആര്‍ ലവര്‍ എന്ന അക്കൗണ്ടില്‍ നിന്നാണ് സൈറ്റില്‍ ചിത്രം അപ്ലോഡ് ചെയ്യുന്നത് എന്നു കണ്ടെത്തി. ഏതോ ഒരു രാജ്യത്ത് അജ്ഞാതമായ കേന്ദ്രത്തിലിരുന്ന് സാങ്കേതിക വിദ്യയുടെ മറവില്‍ ഒളിച്ചാണ് അയാള്‍ ചിത്രം അപ്ലോഡ് ചെയ്യുന്നത്. ഒട്ടുമിക്ക മലയാള സിനിമകളും തമിള്‍ റോക്കേഴ്‌സില്‍ അപ്ലോഡ് ചെയ്യുന്നത് ഇയാളുടെ ഐഡിയില്‍ നിന്നാണ്.
തുടര്‍ന്നു നടത്തിയ അന്വേഷണം ചെന്നു നിന്നത് ഒരു കൗമാരക്കാരനില്‍. അവനാണ് തീയറ്ററില്‍ നിന്ന് പോക്കറ്റിലൊളിപ്പിച്ച മൊബൈല്‍ ഫോണ്‍ കാമറയില്‍ സിനിമ റെക്കോര്‍ഡ് ചെയ്തത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ചിത്രത്തിന്റെ പകര്‍പ്പ് തമിള്‍ റോക്കേഴ്‌സിന്റെ പക്കല്‍ എത്തിയ കഥ മനസിലാക്കിയത്. ഫോണില്‍ റെക്കോര്‍ഡ് ചെയ്ത സിനിമ ടെലഗ്രാമില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ നിന്നാണ് തമിള്‍ റോക്കേഴ്‌സ് പയ്യനെ ബന്ധപ്പെടുന്നത്. അവര്‍ 600 രൂപ നല്‍കിയാണ് അവന്റ പക്കല്‍ നിന്ന് ചിത്രം വാങ്ങിയത്. കോടികള്‍ മുടക്കിയെടുത്ത സിനിമയുടെ വ്യാജ പതിപ്പിന് ഇട്ടിരിക്കുന്ന വില കേട്ടപ്പോള്‍ തകര്‍ന്നു പോയി. പിന്നീട് മാസങ്ങളോളം തുടര്‍ അന്വേഷണങ്ങളിലായിരുന്നു. കണ്ടെത്തിയതാകട്ടെ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍.
600 മുതല്‍ 2000 വരെയാണ് ഇത്തരം വിഡിയോകള്‍ക്ക് തമിള്‍ റോക്കേഴ് നല്‍കുന്നത്. മികച്ച ക്ലാരിറ്റിയുള്ള ചിത്രങ്ങള്‍ക്കാണ് പരമാവധി തുക. തങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തിയുടെ ഗുരുതരാവസ്ഥ അറിയാത്ത കൗമാരക്കാരാണ് ഇവരുടെ ഇര. ഇത്തരത്തില്‍ മാസം നാലായിരം രൂപ വരെ പോക്കറ്റ് മണി സ്വന്തമാക്കുന്ന വിദ്യാര്‍ത്ഥികള്‍ വരെയുണ്ടെന്ന് ഞങ്ങള്‍ കണ്ടെത്തി. കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് എന്താണ് ചെയ്യുന്നതെന്ന് പല മാതാപിതാക്കള്‍ക്കും അറിയില്ല. ഇതും കൂടി ഉള്‍ക്കൊള്ളിച്ച് രസകരമായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചാണ് പ്രേതം 2 ഒരുക്കിയിരിക്കുന്നതെന്നും രഞ്ജിത്ത് പറയുന്നു.