നടിയെ അക്രമിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞ നടന്‍ ദിലീപിനെ താര സംഘടനയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് രാജി വെച്ചവര്‍ക്കെതിരെ പ്രതികാര നടപടികളെന്ന് നടി രമ്യ നമ്പീശന്‍. താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം അവസരങ്ങള്‍ ഇല്ലാതാക്കാനും അടിച്ചമര്‍ത്താനും ശ്രമം നടക്കുന്നതായി രമ്യ നമ്പീശന്‍. കൊച്ചിയില്‍ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രമ്യ. രാജി വച്ച നടിമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും രമ്യ ആവശ്യപ്പെട്ടു.രമ്യ നമ്പീശനു പുറമെ ഗീതു മോഹന്‍ദാസ്, ഭാവന, റിമ കല്ലിങ്കല്‍ എന്നിവരാണ് ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് രാജിവെച്ചത്.
'നിരുത്തരവാദ സമീപനം ഉണ്ടായപ്പോഴാണ് അമ്മയില്‍ നിന്ന് രാജി വെച്ചത്. എന്ത് പറഞ്ഞാലും പുരുഷന്മാര്‍ക്ക് എതിരെയാണ് എന്ന് കരുതരുത്, ഞങ്ങള്‍ക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ട്. അത് ഞങ്ങള്‍ ചേര്‍ന്ന് പറയുകയാണ്. താരസംഘടനയില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ ചില അരക്ഷിതാവസ്ഥയൊക്കെ വന്നു തുടങ്ങി. ജോലി ഇല്ലാതെയാവുക അടിച്ചമര്‍ത്താന്‍ നോക്കുക , അവള്‍ പ്രശ്‌നക്കാരിയാണ് അവളെ ഈ സിനിമയിലേക്കെടുക്കേണ്ട എന്ന രീതിയിലുള്ള നീക്കങ്ങളൊക്കെ വന്നുകൊണ്ടിരിക്കുക, ഇതൊക്കെ നടക്കുമ്പോഴും ഞങ്ങള്‍ പറയുന്നത് ഞങ്ങള്‍ക്കൊരു പ്രശ്‌നമുണ്ട് അത് പരിഹരിച്ചെടുക്കണമെന്നാണ്', രമ്യ പറഞ്ഞു. ഡബ്‌ള്യു.സി.സി പുരുഷന്മാര്‍ക്ക് എതിരെയുള്ള സംഘടനയല്ലെന്നും രമ്യ വ്യക്തമാക്കി
രാജിവെച്ച നടിമാരും ഡബ്ല്യുസിസി പ്രതിനിധികളും ഈ മാസം താര സംഘടനയുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ രമ്യ നമ്പീശന്റെ വെളിപ്പെടുത്തലില്‍ ഉള്‍പ്പെടുന്ന കാര്യങ്ങളും ചര്‍ച്ചയില്‍ സജീവമായി തന്നെ ഉരുതിരിഞ്ഞ് വരാനാണ് സാധ്യത. നടനെ തിരിച്ചെടുത്തത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴി വെച്ചത്. അവസാനം നടന്‍ ദിലീപ് തന്നെ സ്വയം ഒഴിവാകുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തു.
പുറത്ത് പോയ നടിമാര്‍ സിനിമ മേഖലയില്‍ സജീവമല്ലെന്നതുള്‍പ്പടെയുള്ള വാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ എല്ലാ കലാകാരന്മാരെയും കലാകാരികളെയും പരമാവധി ഒരുമിച്ച് നിര്‍ത്താന്‍ തന്നെയാണ് ശ്രമം എന്ന് പറയുമ്പോഴും പ്രതികാര നടപടികള്‍ മുറയ്ക്ക് നടക്കുന്നുവെന്നും ദിലീപിനെ പുറത്താക്കുന്നതിന് കാരണക്കാരായവര്‍ക്ക് വലിയ തിരിച്ചടികള്‍ തന്നെ നേരിടേണ്ടി വരുമെന്നും തന്നെയാണ് രമ്യ നമ്പീശന്റെ വെളിപ്പെടുത്തലില്‍ നിന്നും മനസ്സിലാക്കേണ്ടത്.
ഈ മാസം നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് മുന്‍പ് അക്രമിക്കപ്പെട്ട നടിക്ക് പറയാനുള്ളതും കേട്ട ശേഷം മാത്രമായിരിക്കും പങ്കെടുക്കുക എന്ന നടിമാരുടെ സംഘടന പറഞ്ഞിരുന്നു.സിനിമയില്‍ അവസരം ഇല്ലാതാക്കുക, തൊഴില്‍ ഇടത്തില്‍ മറ്റ് പ്രശ്നങ്ങള്‍ നേരിടേണ്ടി വരാതിരിക്കുക അഭിപ്രായം പറയുന്നവരെ ശത്രുവായി കാണുക തുടങ്ങിയ സമീപനമാണ് ഇല്ലാതാകേണ്ടത് എന്ന് നടിമാര്‍ നേരത്തെ തന്നെ ഉന്നയിക്കുന്ന ആവശ്യവുമാണ്.