'ആത്മസഖി'യിലെ ഐ.പി.എസ് ഉദ്യോഗസ്ഥന്റെ വേഷത്തിലൂടെ സീരിയല്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് റെയ്ജന്‍ രാജന്‍. അപ്രതീക്ഷിതമായി അഭിനയരംഗത്തേക്ക് കടന്നുവന്ന താരം, സിനിമയ്ക്കായുള്ള അലച്ചിലിനിടയില്‍ നേരിട്ട ദുരനുഭവങ്ങളും പ്രണയത്തില്‍ നിന്നുമുണ്ടായ ചതികളും മനസ്സുതുറന്ന് പങ്കുവെച്ചിരിക്കുകയാണ്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ കരിയറിലെയും ജീവിതത്തിലെയും പ്രതിസന്ധികളെക്കുറിച്ച് വെളിപ്പെടുത്തിയത്.
തുടക്കത്തില്‍ സെയില്‍സ് എക്‌സിക്യൂട്ടീവായും റിസപ്ഷനിസ്റ്റായും ജോലി ചെയ്ത റെയ്ജന് സിനിമയായിരുന്നു മനസ്സിലെ വലിയ ആഗ്രഹം. കുറച്ച് പരസ്യങ്ങളിലും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ച ശേഷമാണ് സീരിയലിലേക്ക് ക്ഷണ ലഭിക്കുന്നത്. എന്നാല്‍ ആദ്യ സീരിയലിന് ശേഷം മൂന്ന് വര്‍ഷത്തോളം ഇടവേള വന്നു. പിന്നീട് അഭിനയിച്ച ഷോര്‍ട്ട് ഫിലിം കണ്ടാണ് 'ആത്മസഖി'യിലേക്ക് കാസ്റ്റിംഗ് നടക്കുന്നത്.
സിനിമ എന്ന ലക്ഷ്യത്തിന് പിന്നാലെ നടന്നപ്പോള്‍ സാമ്പത്തിക നഷ്ടവും വഞ്ചനയുമാണ് നേരിടേണ്ടി വന്നതെന്ന് റെയ്ജന്‍ പറയുന്നു. 'നിരവധി ഓഡീഷനുകളില്‍ പങ്കെടുത്തു, ഒരുപാട് പണം നഷ്ടമായി. ചില പ്രോജക്ടുകളുടെ കൂടെ ദീര്‍ഘകാലം നിന്നപ്പോഴാണ് അവര്‍ എന്നെ ഉപയോഗിക്കുകയാണെന്ന് തിരിച്ചറിഞ്ഞത്. കൂടാതെ, ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കാന്‍ ക്യാമറയ്ക്ക് മുന്നില്‍ പറയാന്‍ പോലും പറ്റാത്ത തരത്തിലുള്ള കാര്യങ്ങളാണ് ഒരു സംവിധായകന്‍ എന്നോട് ആവശ്യപ്പെട്ടത്. ഇതോടെയാണ് സിനിമ എന്ന ആഗ്രഹം ഉപേക്ഷിച്ച് സീരിയലിലേക്ക് ശ്രദ്ധ നല്‍കിയത്' - റെയ്ജന്‍ വ്യക്തമാക്കി.
തന്റെ പ്രണയ തകര്‍ച്ചകളെക്കുറിച്ചും താരം തുറന്നുപറഞ്ഞു. കോളേജ് കാലത്തുണ്ടായ ആദ്യ പ്രണയത്തില്‍ പെണ്‍കുട്ടി തന്നെ വെറുമൊരു 'ഗ്യാപ്പ് ഫില്ലര്‍' ആയി ഉപയോഗിക്കുകയായിരുന്നുവെന്ന് റെയ്ജന്‍ ഓര്‍ക്കുന്നു. 'പാതിരാത്രി വിളിച്ചാല്‍ പോലും ഓടിച്ചെല്ലുന്ന തരത്തിലുള്ള തീവ്രമായ പ്രണയമായിരുന്നു അത്. എന്നാല്‍ പെട്ടെന്നൊരു ദിവസം ഫോണ്‍ വിളിച്ച് ചേട്ടാ എന്റെ കല്യാണമായി, വേറെ ആളെ നോക്കിക്കോളൂ എന്ന് അവള്‍ പറഞ്ഞു. എട്ടാം ക്ലാസ് മുതല്‍ അവള്‍ പ്രണയിച്ചിരുന്നയാളെയാണ് വിവാഹം കഴിച്ചത്. ആ വഞ്ചനയില്‍ ഞാന്‍ ആകെ തകര്‍ന്നുപോയി' - റെയ്ജന്‍ വെളിപ്പെടുത്തി.
ആദ്യ പ്രണയം തകര്‍ന്നതോടെ ഒന്നര വര്‍ഷത്തോളം താന്‍ മാനസിക വിഷമത്തിലായിരുന്നു . 'ആ സമയത്ത് ആരോടും സംസാരിക്കാന്‍ ഇഷ്ടമില്ലായിരുന്നു. എന്റെ അവസ്ഥ കണ്ട് ഞാന്‍ കഞ്ചാവടിച്ച് കിളിപോയിരിക്കുകയാണെന്നാണ് വീട്ടുകാര്‍ കരുതിയത്. അന്നൊക്കെ സ്ത്രീകളോട് പുച്ഛവും വെറുപ്പുമായിരുന്നു.' അതിനുശേഷം ഉണ്ടായ രണ്ടാമത്തെ പ്രണയം പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പ് മൂലമാണ് തകര്‍ന്നത്. തന്റേത് സര്‍ക്കാര്‍ ജോലിയല്ലാത്തതിനാല്‍ പുച്ഛത്തോടെയാണ് അവര്‍ സംസാരിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഈ തിരിച്ചടികള്‍ക്ക് ശേഷമാണ് റെയ്ജന്‍ തന്റെ ജീവിതപങ്കാളിയായ ശില്‍പയെ പ്രണയിച്ച് വിവാഹം കഴിക്കുന്നത്. നിലവില്‍ ഭാര്യയോടൊപ്പം സമാധാനപരമായ ജീവിതം നയിക്കുകയാണെന്നും, പണ്ടത്തെ അനുഭവങ്ങള്‍ വച്ചുനോക്കുമ്പോള്‍ അന്ന് അങ്ങനെ സംഭവിച്ചത് നന്നായെന്നാണ് ഇപ്പോള്‍ തോന്നുന്നതെന്നും താരം വ്യക്തമാക്കുന്നു.