മലയാളികള്‍ക്കും മറ്റ് തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്കും സുപരിചിതരായ താരങ്ങളാണ് പ്രിയ രാമനും രഞ്ജിത്തും. രണ്ടുപേരും പ്രണയിച്ച് വിവാഹം ചെയ്തവരാണ്.നിരവധി സിനിമകളില്‍ നായിക വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള പ്രിയ പിന്നീട് തമിഴിലാണ് സജീവമായത്.നടന്‍ രഞ്ജിത്തുമായി വിവാഹിതയായ നടി അദ്ദേഹത്തിനും മക്കള്‍ക്കുമൊപ്പം കുടുംബിനിയായി ജീവിക്കുകയായിരുന്നു. മമ്മൂട്ടിയുടെ രാജമാണിക്യം സിനിമയിലെ വില്ലനെ അവതരിച്ചാണ് നടന്‍ രഞ്ജിത്ത് മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. തമിഴിലും മറ്റുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടന്‍ സീരിയലുകളിലും സജീവമായിരുന്നു. ഇപ്പോള്‍ വീണ്ടും രഞ്ജിത്തും പ്രിയാ രാമനും വാര്‍ത്തകളില്‍ നിറയുകയാണ്.
ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ അസ്വാരസ്യങ്ങളുണ്ടായ ഇരുവരും വേര്‍പരിയുകയും രഞ്ജിത്ത് മറ്റൊരു വിവാഹം ചെയ്യുകയും ചെയ്തു. എന്നാല്‍ വിവാഹമോചനം നേടിയ താരങ്ങള്‍ വീണ്ടും ഒന്നിച്ച് ജീവിക്കുന്ന കാഴ്ച അപൂര്‍വമാണ്. ആ അപൂര്‍വ്വതയിലാണ് പ്രിയയും രഞ്ജിത്തും. ഔദ്യോഗികമായി വിവാഹ മോചനം നേടിയ രഞ്ജിത്തും പ്രിയ രാമനും ഇപ്പോള്‍ ഒന്നിച്ചാണ് ജീവിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ രണ്ടാളും ഇക്കാര്യം സ്ഥിതീകരിക്കുകയും ചെയ്തിരുന്നു.
ബിഗ് ബോസ് തമിഴിന്റെ സീസണ്‍ 8 ന്റെ മത്സരാര്‍ത്ഥി കൂടിയാണ് രഞ്ജിത്ത്. ആ വിശേഷങ്ങളും തന്റെ പ്രതികരണങ്ങളുമൊക്കെ പ്രിയ രാമന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വിജയ് സേതുപതി അവതാരകനായ ബിഗ് ബോസ് തമിഴ് സീസണ്‍ 8 ല്‍ നിന്ന് ഏറ്റവും കുറവ് വോട്ട് ലഭിച്ചതിനെ തുടര്‍ന്ന് രഞ്ജിത്ത് പുറത്തായത്.
ഇപ്പോഴിതാ പുറത്തു വരുന്ന രഞ്ജിത്ത് ദിവസങ്ങള്‍ക്കു ശേഷം പ്രിയ രാമനെ കാണുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിജയ് സേതുപതി രഞ്ജിത്തിനെ വേദിയിലേക്ക് ക്ഷണിക്കും മുമ്പ് പ്രിയാരാമനോട് കുശലം ചോദിക്കുന്നുണ്ട്. പ്രിയ രാമന്‍ പ്രേക്ഷകര്‍ക്കൊപ്പമുണ്ടെന്ന് അറിയാതെയാണ് രഞ്ജിത്ത് വേദിയിലേക്ക് എത്തിയത്. എല്ലാവരെയും കൈവീശി കാണിച്ച് ചിരിയോടെ വരുന്ന രഞ്ജിത്ത് പെട്ടെന്നാണ് പ്രിയരാമനെ കാണുന്നത്. കണ്ടപാടെ നിറകണ്ണുകളോടെ പ്രിയരാമനോടുള്ള സ്‌നേഹം ഒരു ഫ്‌ലൈയിംഗ് കിസ്സിലൂടെ രഞ്ജിത്ത് പങ്കിടുന്നുണ്ട്. പ്രിയരാമനും രണ്ടുകൈ കൊണ്ട് തന്റെ പ്രിയതമനും ഉമ്മകള്‍ നല്‍കുന്നുണ്ട്. സോഷ്യല്‍ മീഡിയ ഇവരുടെ ഈ വീഡിയോ ഏറ്റെടുക്കുന്നുണ്ട്.
ട്രോഫി കിട്ടിയില്ലെങ്കിലെന്താ, ജീവിതം കിട്ടിയല്ലോ, രണ്ടുപേരുടെയും മുഖത്തുള്ള സന്തോഷം കണ്ടാലറിയാം സ്‌നേഹത്തിന്റെ ആഴം,പ്രിയരാമനെ കണ്ടയുടനെയുള്ള രഞ്ജിത്തിന്റെ മുഖഭാവത്തിലുണ്ട് ആ സ്‌നേഹം' എന്നതടക്കമാണ് ആരാധകരുടെ കമന്റുകള്‍.
രഞ്ജിത്ത് പ്രിയയെ 1999 ആണ് വിവാഹം കഴിച്ചത്. പക്ഷെ 2014 ല്‍ കെആര്‍ വിജയയുടെ സഹോദരിയും നടിയുമായ കെ ആര്‍ സാവിത്രിയുടെ മകള്‍ രാഗസുധയുമായി ഉണ്ടായിരുന്ന അവിഹിത ബന്ധത്തെ തുടര്‍ന്ന് പ്രിയയുമായി പിരിഞ്ഞു. ശേഷം രാഗസുധയെ വിവാഹം കഴിച്ചെങ്കിലും പക്ഷെ, ആ ബന്ധം ഒരു വര്‍ഷം മാത്രമേ നില നിന്നുള്ളു. പ്രിയ അപ്പോഴും കുട്ടികള്‍ക്ക് വേണ്ടി ജീവിച്ചു. ഇതിനിടയില്‍ രോഗബാധിതനായ രഞ്ജിത്തിനെ 3 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയ വീണ്ടും അവരുടെ ജീവിതത്തിലേക്ക് കൂട്ടുകയായിരുന്നു.