മലയാളത്തില്‍ വന്‍ വിജയമായിരുന്ന 'ബാംഗ്ലൂര്‍ ഡേയ്‌സ്' എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് പരാജയപ്പെട്ടതിനെക്കുറിച്ച് നടന്‍ റാണ ദഗുബാട്ടി നടത്തിയ പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ യഥാര്‍ത്ഥ ചിത്രത്തെ നശിപ്പിച്ചു കളഞ്ഞുവെന്നാണ് റാണയുടെ വെളിപ്പെടുത്തല്‍. പുതിയ ചിത്രം 'കാന്ത'യുടെ പ്രചാരണവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബാംഗ്ലൂര്‍ ഡേയ്‌സ്' എന്ന ചിത്രത്തിലെ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ച കഥാപാത്രത്തോടാണ് തനിക്ക് ആദ്യം ഇഷ്ടം തോന്നിയതെന്നും എന്നാല്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച കഥാപാത്രം ചെയ്യാനാണ് തനിക്ക് അവസരം ലഭിച്ചതെന്നും റാണ പറഞ്ഞു. തമിഴില്‍ റീമേക്ക് ചെയ്ത 'ബാംഗ്ലൂര്‍ നാട്ട്ക്കള്‍' എന്ന ചിത്രത്തില്‍ താന്‍ ഫഹദ് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിച്ചു. സഹനടന്‍ ആര്യ, ദുല്‍ഖര്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് ചെയ്തത്. ഷൂട്ടിങ്ങിനിടെ ആര്യ പറഞ്ഞ വാക്കുകള്‍ റാണ വെളിപ്പെടുത്തി: 'മച്ചാ, നോക്ക് ദുല്‍ഖറും നിവിനും ചെറുപ്പക്കാരായ പിള്ളേരാണ്. നമ്മളെ കണ്ടാല്‍ റിട്ടയര്‍ ജീവിതം നയിക്കുന്ന മധ്യവയസ്‌കരെ പോലെയുണ്ട്.'
ഭാസ്‌കര്‍ സംവിധാനം ചെയ്ത 'ബാംഗ്ലൂര്‍ നാട്ട്ക്കള്‍' എന്ന ചിത്രത്തില്‍ റാണ ദഗുബാട്ടി, ആര്യ, ബോബി സിംഹ, പാര്‍വതി തിരുവോത്ത്, ലക്ഷ്മി റായ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. എന്നാല്‍, മലയാളത്തിലെ വിജയം ആവര്‍ത്തിക്കാന്‍ ഈ ചിത്രത്തിനോ ഇതിന്റെ ഹിന്ദി പതിപ്പിനോ സാധിച്ചില്ല. 'ബാംഗ്ലൂര്‍ ഡേയ്‌സ്' റീമേക്ക് പരാജയപ്പെട്ടതിനെക്കുറിച്ചുള്ള റാണയുടെ ഈ തുറന്നുപറച്ചില്‍ സിനിമാലോകത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്.