സുഹൃത്തുക്കളുടെ സിനിമയില്‍ ചാന്‍സ് ചോദിക്കാറില്ലെന്ന് രമേഷ് പിഷാരടി. താന്‍ ചാന്‍സ് ചോദിക്കുമ്പോള്‍ അവര്‍ക്ക് നോ പറയാന്‍ ബുദ്ധിമുട്ടായിരിക്കും എന്നും അതുകൊണ്ട് പരിചയം ഉള്ളവരോട് ചാന്‍സ് ചോദിക്കാറില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. ഒരു വേഷം കിട്ടി ജീവിതം മെച്ചപ്പെടുത്തുന്നതിനേക്കാള്‍ സൗഹൃദം തുടരുന്നതാണ് തനിക്ക് ഇഷ്ടമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ ഉള്ള എല്ലാവര്‍ക്കും ഞാന്‍ ഇവിടെ ഉണ്ടെന്ന് അറിയാം. അപ്പോള്‍ ഒരു വേഷം സിനിമയില്‍ തരണം എങ്കില്‍ അവര്‍ക്ക് തരാം. പക്ഷെ ഞാന്‍ ഇത് ചോദിച്ച് തുടങ്ങുന്നതില്‍ നിന്ന് സൗഹൃദത്തെ ബാധിക്കും. എനിക്ക് സൗഹൃദം ഇല്ലാത്ത ഒരാളോട് ചോദിക്കാം. പക്ഷെ പരിചയം ഉള്ള ഒരാളോട് ചോദിച്ചാല്‍ ഉത്തരം നോ എന്നാണെങ്കില്‍ അവര്‍ക്ക് അത് എളുപ്പത്തില്‍ പറയാന്‍ പറ്റില്ല. അപ്പോള്‍ അവര്‍ ഒരു കഥ ഉണ്ടാക്കുകയും പറയേണ്ടിയും വരുന്ന സ്‌ട്രെസ് ഞാന്‍ അവര്‍ക്ക് കൊടുക്കണ്ടി വരും. ഞാന്‍ എന്തിനാ അവരെ ബുദ്ധിമുട്ടിക്കുന്നത്. ഞാന്‍ എന്റെ ജോലി ചെയുന്നുണ്ട് നല്ലോണം പണിയെടുക്കുന്നുണ്ട്. എനിക്ക് അതില്‍ ഒരു കുഴപ്പവും ഇല്ല. സംതൃപതനാണ്. ഇന്നോളം ഞാന്‍ ചാന്‍സ് ചോദിച്ചിട്ടില്ല.
ആന്റോ ചേട്ടന്റെ കൂടെ ഞാന്‍ ഇരിയ്ക്കുമ്പോള്‍ ഇപ്പോള്‍ മഹേഷ് നാരായണന്റെ പടം നടക്കുന്നുണ്ടാലോ അതില്‍ ഒരു വേഷം ആലോചിക്കുമായിരുന്നു, വെറുതെ വര്‍ത്താനം ആണ്. ഞാന്‍ ചാന്‍സ് ചോദിച്ചു എന്നതല്ല, അതില്‍ ഒന്നും ഇല്ലെന്നും എനിക്ക് അറിയാം. അതുകൊണ്ട് ചോദിക്കാറില്ല. ഒരു വേഷം കിട്ടി ജീവിതം മെച്ചപ്പെടുത്തുന്നതിനേക്കാള്‍ സൗഹൃദം തുടരുന്നതാണ് എനിക്ക് ഇഷ്ടം,' രമേഷ് പിഷാരടി പറഞ്ഞു. അടുത്ത കൊല്ലം താന്‍ ഒരു സിനിമ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും തിരക്കഥ പൂര്‍ത്തിയായെന്നും രമേശ് പിഷാരടി കൂട്ടിച്ചേര്‍ത്തു. തനിക്ക് സമയം ഇല്ലെങ്കില്‍ തന്റെ കഥയില്‍ മറ്റൊരാള്‍ സംവിധാനം ചെയ്യുമെന്നും ഒന്നില്‍ കൂടുതല്‍ കഥകള്‍ ഉണ്ടെന്നും രമേശ് പിഷാരടി പറഞ്ഞു.
അമര്‍ അക്ബര്‍ അന്തോണി'യില്‍ തനിക്ക് ലഭിച്ച വേഷം കാരണം പിന്നീട് ഷര്‍വാണി ധരിക്കാറില്ലെന്ന് നടന്‍ രമേശ് പിഷാരടി പങ്ക് വച്ചു. ചിത്രത്തില്‍ 'നല്ലവനായ ഉണ്ണി' എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.
സിനിമയില്‍ ഉണ്ണിയുടെ അച്ഛന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഷര്‍വാണി ധരിച്ച് വരുന്ന ഒരു രംഗമുണ്ട്. ഈ രംഗം തിയേറ്ററുകളില്‍ വലിയ ചിരിയുണര്‍ത്തിയിരുന്നു. എന്നാല്‍, ഈ രംഗത്തിന്റെ ഓര്‍മ്മ കാരണം വിവാഹങ്ങള്‍ക്കോ മറ്റ് ചടങ്ങുകള്‍ക്കോ പോലും ഷര്‍വാണി ധരിച്ച് പോകാറില്ലെന്ന് പിഷാരടി പറഞ്ഞു. 'ഇത് ഇട്ടാല്‍ അപ്പോള്‍ നല്ലവനായ ഉണ്ണി എന്ന പേര് വരും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നാണ് ഒരുക്കിയത്. നമിത പ്രമോദായിരുന്നു ചിത്രത്തിലെ നായിക. സുജിത് വാസുദേവ് ഛായാഗ്രഹണം നിര്‍വഹിച്ചു. മീനാക്ഷി അനൂപ്, വി.കെ. ശ്രീരാമന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ടായിരുന്നു. ഏകദേശം 50 കോടി രൂപയോളം ചിത്രം ബോക്‌സോഫീസില്‍ കളക്ഷന്‍ നേടി. 'ജോണ്‍ ജാനി ജനാര്‍ദ്ദന്‍' എന്ന പേരില്‍ ചിത്രം കന്നഡയിലേക്കും റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.