നടി രജിഷ വിജയന്റെ സഹോദരി അഞ്ജുഷ വിവാഹിതയായി. അച്യുതന്‍ സുരേഷ് ആണ് വരന്‍. കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. ഇപ്പോള്‍ അനിയത്തിക്ക് വിവാഹാശംസകള്‍ നേര്‍ന്ന് രജിഷ പങ്കുവെച്ച വൈകാരികമായ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.
വിവാഹചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് രജിഷ കുറിച്ചത് ഇങ്ങനെയാണ്: ''കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് എന്റെ ഈ കുഞ്ഞു കുട്ടി ഒരു വധുവായി മാറിയത്. നീ എപ്പോഴും എന്റെ പ്രിയപ്പെട്ട ഡോള്‍ ആയിരിക്കും!'' താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ അഞ്ജുഷയ്ക്കും അച്യുതനും ആശംസകളുമായി എത്തുന്നത്. കോഴിക്കോട് സ്വദേശികളായ വിജയന്‍- ഷീല ദമ്പതികളുടെ മക്കളാണ് രജിഷയും അഞ്ജുഷയും.
അനുരാഗ കരിക്കിന്‍ വെള്ളം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച രജിഷ വിജയന്‍, വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും താരം തന്റെ സാന്നിധ്യമറിയിച്ചു. ധനുഷ് നായകനായ 'കര്‍ണന്‍' എന്ന തമിഴ് ചിത്രം തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ രജിഷയ്ക്ക് വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തത്.
വൈറല്‍ ശരത് മന്ദവന സംവിധാനം ചെയ്ത 'രാമറാവു ഓണ്‍ ഡ്യൂട്ടി' എന്ന ചിത്രത്തിലൂടെ തെലുങ്കിലും താരം സുപരിചിതയായി. മാരി സെല്‍വരാജ് സംവിധാനം ചെയ്ത 'ബൈസണ്‍' ആണ് രജിഷയുടേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ തമിഴ് ചിത്രം. മലയാളത്തില്‍ 'മസ്തിഷ്‌ക മരണം' എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.