 
  സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെയും ധനുഷിന്റെയും വീടുകളില്‍ ബോംബ് ഭീഷണി. ഇരുവരുടെയും ചെന്നൈയിലെ വീടുകളില്‍ ബോംബ് വച്ചതായുള്ള ഈമെയിലുകള്‍ ലഭിച്ചതായി തമിഴ്നാട് പൊലീസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെ 8.30ന് ആണ് രജനികാന്തിനെതിരെ ഭീഷണി മുഴക്കി കൊണ്ടുള്ള ഈമെയില്‍ എത്തിയത് എന്നാണ് തേനാംപേട്ട് പൊലീസ് വ്യക്തമാക്കുന്നത്.
ഈമെയില്‍ ലഭിച്ചതോടെ ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്‌ക്വാഡ് പരിശോധനയ്ക്ക് എത്തിയെങ്കിലും അജ്ഞാതരായ ആരും വീട്ടില്‍ പ്രവേശിച്ചിട്ടില്ലെന്ന് നടന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതിനാല്‍ തന്നെ വ്യാജ ഭീഷണിയാണ് എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബോംബ് സ്‌ക്വാഡിന്റെ സഹായം ആവശ്യമില്ലെന്ന് പറഞ്ഞതായാണ് പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈകുന്നേരം 6.30 ഓടെ ബോംബ് ഭീഷണി ഈമെയില്‍ വന്നെങ്കിലും രജനികാന്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബോംബ് സ്‌ക്വാഡിന്റെ പരിശോധന വേണ്ടെന്ന് വച്ചു.
സമാനമായ രീതിയില്‍ ഭീഷണി സന്ദേശങ്ങള്‍ നടനും സംവിധായകനുമായ ധനുഷിനും എത്തിയെങ്കിലും ബോംബ് സ്‌ക്വാഡിന്റെ പരിശോധന ആവശ്യമില്ലെന്ന് നടന്റെ ടീമും വ്യക്തമാക്കി. ഇക്കഴിഞ്ഞ ആഴ്ചകളില്‍ നിരവധി പ്രമുഖര്‍ക്ക് ഭീഷണി മെയിലുകള്‍ ലഭിച്ചതായും പൊലീസ് വ്യക്തമാക്കി. ഇതിന്റെ ഉത്ഭവം കണ്ടെത്താനായി സൈബര്‍ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നടി തൃഷയുടെ വസതിയിലും ബോംബ് വച്ചതായുള്ള ഭീഷണി മെയിലുകള്‍ ഒക്ടോബര്‍ 2ന് എത്തിയിരുന്നു. നേരത്തെ നടനും ടിവികെ നേതാവുമായ വിജയ്യുടെ നീലങ്കരൈ വസതിയില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് 37കാരനായ ഒരാളെ ഒക്ടോബര്‍ 9ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.