അപ്രത്യക്ഷമായി വീട്ടില്‍ കയറിവന്ന അതിഥിയെ കണ്ട ഞെട്ടലിലാണ് കോട്ടയം കഞ്ഞിക്കുഴി സ്വദേശിനി ഷീല എന്ന യുവതി. തമിഴ് സൂപ്പര്‍ താരം രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്ത് ആണ് ഷീലയെയും കുടുംബത്തെയും ഞെട്ടിച്ച ആ അതിഥി. ഷീലയുടെ ഭര്‍തൃമാതാവും മെഡിക്കല്‍ കോളജില്‍നിന്നു വിരമിച്ച നഴ്‌സുമായ എല്‍സമ്മ ജോസഫിനെ കാണാനാണ് ഐശ്വര്യ വന്നത്.
കാന്‍സര്‍ ചികിത്സാരംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള ഡോ. സി.പി.മാത്യുവിനെപ്പറ്റി ഐശ്വര്യ ചെയ്യുന്ന ഡോക്യുമെന്ററിയിലേക്ക് എത്സമ്മയുടെ അഭിമുഖം എടുക്കുകയായിരുന്നു വരവിന്റെ ഉദ്ദേശ്യം. എല്‍സമ്മ ജോസഫിന്റെ മകന്‍ അനു തോമസിന്റെ ഭാര്യയാണ് ഷീല.
''കോട്ടയം കഞ്ഞിക്കുഴി പാറമ്പുഴയിലാണ് ഞങ്ങളുടെ വീട്. മേയ് രണ്ടിന് അപ്രതീക്ഷിതമായിട്ടാണ് വീട്ടില്‍ ഒരു അതിഥി എത്തിയത്. പെട്ടെന്ന് വീട്ടില്‍ കയറിവന്ന അതിഥിയെക്കണ്ടു ഞങ്ങള്‍ ഞെട്ടി. ഞങ്ങള്‍ക്ക് വളരെ അടുപ്പമുള്ള, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. സുരേഷിനൊപ്പം കയറി വന്നത് തമിഴ് സൂപ്പര്‍ താരം രജനികാന്തിന്റെ മകള്‍ ഐശ്വര്യ ആയിരുന്നു. എന്റെ ഭര്‍ത്താവിന്റെ അമ്മ എല്‍സമ്മ ജോസഫ് 24 വര്‍ഷത്തോളം കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്‌സ് ആയിരുന്നു. വിരമിച്ചിട്ടു പതിനെട്ടു വര്‍ഷമായി. മമ്മി ജോലി ചെയ്യുമ്പോള്‍ അവിടെ സി.പി. മാത്യു എന്നൊരു ഡോക്ടര്‍ ഉണ്ടായിരുന്നു.
കാന്‍സര്‍ സ്‌പെഷലിസ്റ്റ് ആയിരുന്നു അദ്ദേഹം. വൈദ്യശാസ്ത്ര രംഗത്ത് ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുള്ള അദ്ദേഹം മരിച്ചുപോയി. ഡോ. സി.പി. മാത്യുവിനോപ്പം കാന്‍സര്‍ വാര്‍ഡില്‍ ഒരുപാടുകാലം അമ്മ വര്‍ക്ക് ചെയ്തിരുന്നു. ഐശ്വര്യ രജനികാന്ത് ഡോക്ടറെപ്പറ്റി ഒരു ഡോക്യുമെന്ററി ചെയ്യുന്നുണ്ട്. അമ്മയുമായി ഏറെ അടുപ്പം സാറിനുണ്ടായിരുന്നു. അതറിഞ്ഞിട്ട് അമ്മയോട് ഡോക്ടറെപ്പറ്റി ചോദിച്ചറിയാന്‍ വന്നതാണ്. ഐശ്വര്യയാണ് അമ്മയോട് ചോദ്യങ്ങള്‍ ചോദിച്ചത്.
അവരോടൊപ്പം ക്യാമറ ചെയ്യാനും മറ്റുമായി എട്ടൊമ്പതു പേരുണ്ടായിരുന്നു. അമ്മയെ കാണാന്‍ ചിലരൊക്കെ ഇടയ്ക്കിടെ വരാറുണ്ട്. ഡോക്ടര്‍മാരൊക്കെ ഇതുവഴി പോകുമ്പോള്‍ കയറും. സുരേഷ് സാര്‍ ഇടയ്ക്ക് വരാറുണ്ട്. ഇതുപോലൊരു ദിവസം ഡോക്ടര്‍ വിളിച്ചിട്ട്, അതുവഴി വരുന്നുണ്ട് എന്നു പറഞ്ഞു. ആരാണ് കൂടെ വരുന്നതെന്ന് പറഞ്ഞില്ല. ഐശ്വര്യ വരുമെന്ന് ഞങ്ങള്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല, അതുകൊണ്ടു തന്നെ ഐശ്വര്യ വന്നത് ആരും അറിഞ്ഞില്ല.