മഹാഭാരതം എന്ന സീരിയല്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്നത് സീരിയലുകളുടെ സുവര്‍ണ കാലത്തിലായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അതിന്റെ പുനര്‍ സംപ്രേക്ഷണം എത്തിയപ്പോള്‍ മുന്‍പത്തെയത്ര ജനപ്രീതി നേടിയില്ല. എങ്കിലും പരമ്പരയുടെ ആദ്യത്തെ ഹിന്ദി, മലയാളം ഭാഗങ്ങള്‍ ഒരു എപ്പിസോഡ് പോലും മുടക്കാതെ കണ്ടവര്‍ നിരവധിയാണ്.
ഇപ്പോഴിതാ, പരമ്പരയില്‍ കര്‍ണ്ണനായി അഭിനയിച്ച് പ്രേക്ഷക പ്രീതി മുഴുവന്‍ നേടിയെടുത്ത അന്നത്തെ സൂപ്പര്‍ താരം മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്. നടന്‍ പങ്കജ് ധീര്‍ ആണ് മരണത്തിന് കീഴടങ്ങിയത്. ഹിന്ദി നടനായിരുന്നുവെങ്കിലും മലയാളികള്‍ക്ക് പോലും സുപരിചിതനായിരുന്നു അദ്ദേഹം.
നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹത്തെ മലയാളികള്‍ക്കടക്കം ജനപ്രിയനാക്കിയത് മഹാഭാരതം എന്ന സീരിയലും അതിലെ കര്‍ണ്ണന്റെ വേഷവുമാണ്. 68 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം. ആരോഗ്യവാനായിരുന്ന അദ്ദേഹത്തെ അസുഖം ബാധിച്ചതും രോഗം കീഴടക്കിയതുമെല്ലാം പെട്ടെന്നായിരുന്നു.
ബി ആര്‍ ചോപ്രയുടെ മഹാഭാരതം പരമ്പരയില്‍ കര്‍ണന്റെ വേഷം അഭിനയിച്ചാണ് പങ്കജ് പ്രേക്ഷക മനം കവര്‍ന്നത്. ഏറെ നാളുകളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആരോഗ്യനില വഷളാവുകയും അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നുവെന്നാണ് വിവരം. ധീറിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് CINTAA എന്ന (സിനി & ടിവി ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന്‍) ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. 'അതീവ ദുഃഖത്തോടെയും വേദനയോടെയും പങ്കജ് ധീറിന്റെ മരണം അറിയിക്കുന്നു. സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച വൈകീട്ട് 4.30ന് മുംബൈയില്‍ നടക്കും', പ്രസ്താവനയില്‍ പറയുന്നു.
1988 ല്‍ സംപ്രേഷണം ചെയ്ത മഹാഭാരത്തിലെ കര്‍ണന്റെ വേഷം പങ്കജിന്റെ എക്കാലവും ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളിലൊന്നാണ്. ചന്ദ്രകാന്ത, ബധോ ബാഹു, സീ ഹൊറര്‍ ഷോ, കാനൂന്‍ തുടങ്ങിയ ടിവി സീരിയലുകളും സോള്‍ജിയര്‍, ആന്ദാസ്, ബാദ്ഷാ, തുംകോ നാ ഭൂല്‍ പായേംഗേ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മൈ ഫാദര്‍ ഗോഡ്ഫാദര്‍ എന്ന സിനിമയും പങ്കജ് സംവിധാനം ചെയ്തിട്ടുണ്ട്. അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, ഇര്‍ഫാന്‍ ഖാന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പവും പങ്കജ് മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 1990 ല്‍ കെ മധു സംവിധാനം ചെയ്ത രണ്ടാം വരവ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചിരുന്നു. സംസ്‌കാരം ബുധനാഴ്ച വൈകുന്നേരം 4.30ന് മുംബൈയിലെ സാന്താക്രൂസിനടുത്തുള്ള പവന്‍ ഹാന്‍സ് ശ്മശാനത്തില്‍ നടക്കും.