ഷൂട്ടിങ്ങിനിടെ നടന്‍ എസ് ജെ സൂര്യയ്ക്ക് ഗുരുതര പരിക്ക്. കില്ലര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് നടന്റെ കാലിന് പരിക്കേറ്റത്. മുകളില്‍ നിന്ന് റോപ്പിലൂടെ ഇറങ്ങവെ, കാല് തെന്നി ഒരു സ്റ്റീല്‍ കമ്പിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.
സൂര്യയുടെ രണ്ട് കാലിലും വിവിധയിടങ്ങളില്‍ പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടന്റെ രണ്ട് കാലുകളിലും ആഴത്തിലുളള മുറിവുകള്‍ ഉണ്ടായിരുന്നുവെന്നും അത് തുന്നിച്ചേര്‍ത്തുവെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
നിലവില്‍ നടന്റെ ആരോഗ്യനില തൃപ്തികരമാണ്. കുറഞ്ഞത് 15 ദിവസമെങ്കിലും നടന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. എസ് ജെ സൂര്യ പരിക്കില്‍ നിന്ന് മുക്തനാകുന്നതുവരെ കില്ലറിന്റെ ഷൂട്ട് നിര്‍മാതാക്കള്‍ നിര്‍ത്തിവച്ചു.
എസ് ജെ സൂര്യ തന്നെയാണ് കില്ലറിന്റെ സംവിധാനവും തിരക്കഥയും. പ്രീതി അസ്രാണി ആണ് നായിക. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക. എആര്‍ റഹ്മാനാണ് സംഗീതമൊരുക്കുന്നത്.