Latest News

ലക്ഷണമൊത്ത വില്ലനായ കാര്‍ലോസായി ബിഗ്‌സ്‌ക്രീനില്‍ വരവറിയിച്ചു; അച്ചാമകുട്ടിയുടെ അച്ചായന്‍ നാടകം സിനിമ ആയപ്പോള്‍ കഥാപാത്രമായതും ഈ മഹാനടന്‍ തന്നെ; ഇന്ദ്രജാലത്തിലുടെ തുടങ്ങിവച്ച ജാലവിദ്യ കോമഡിയിലും വില്ലന്‍ റോളിലും ക്യാരറ്റര്‍ റോളിലും വരെ; മലയാളികളുടെ രാജന്‍ പി ദേവ് വിടവാങ്ങിയിട്ട് ഇന്ന് പത്ത് വര്‍ഷം

Malayalilife
topbanner
ലക്ഷണമൊത്ത വില്ലനായ കാര്‍ലോസായി ബിഗ്‌സ്‌ക്രീനില്‍ വരവറിയിച്ചു; അച്ചാമകുട്ടിയുടെ അച്ചായന്‍ നാടകം സിനിമ ആയപ്പോള്‍ കഥാപാത്രമായതും ഈ മഹാനടന്‍ തന്നെ; ഇന്ദ്രജാലത്തിലുടെ തുടങ്ങിവച്ച ജാലവിദ്യ കോമഡിയിലും വില്ലന്‍ റോളിലും ക്യാരറ്റര്‍ റോളിലും വരെ; മലയാളികളുടെ രാജന്‍ പി ദേവ് വിടവാങ്ങിയിട്ട് ഇന്ന് പത്ത് വര്‍ഷം

ലയാളികൾ ഇത്രയധികം അഘോഷിച്ച ഒരു വില്ലൻ ചുരുക്കമായിരിക്കും. അത്രയ്ക്കുണ്ട് രാജന്‍ പി ദേവ് എന്ന പ്രതിഭയുടെ വൈവിധ്യങ്ങൾ. കാട്ടുകുതിരയിലൂടെ തന്റെ പ്രതിഭ തെളിയിച്ച രാജൻ നാടക രംഗത്തെ പകരം വയ്ക്കാനില്ലാത്ത നടനായിരുന്നു. അങ്ങെനെ നാടക രംഗത്തു മാത്രമായി ഒതുങ്ങി നിൽക്കാൻ കാലം അദ്ദേഹത്തെ അനുവദിച്ചില്ല. 1983ൽ പുറത്തിറങ്ങിയ എന്റെ മാമാട്ടിക്കുട്ടിയമ്മ എന്ന സിനിമയോടെ രാജൻ പി.ദേവ് മലയാള ചലച്ചിത്ര ലോകത്ത് അരങ്ങേറി. പിന്നീട് ഇന്ത്യ കണ്ട മികച്ച നടനിലേക്കുള്ള രാജൻ പി ദേവിലേക്കുള്ള പ്രയാണമായിരുന്നു പുറത്തിറങ്ങിയ ഓരോ ചിത്രവും.

ഒരു വില്ലനും ഇങ്ങിനെ പ്രേക്ഷകരുടെ ഇഷ്ടം നേടിയുണ്ടാവില്ല എന്ന് അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും അടയാളപ്പെടുത്തുന്നു. മുഖം നിറയെ പുഞ്ചിരിയും തമാശയുമായി വരുന്ന ആ വില്ലനെ പ്രേക്ഷകർ കയ്യടിയോടെയാണ് സ്വീകരിച്ചത്. വില്ലത്തരത്തെക്കാൾ ആളുകൾക്കിഷ്ടെ അയാളുടെ കോമഡിയായിരുന്നു. രാജൻ പി.ദേവ് എന്ന നടൻ കാലങ്ങൾക്ക് അപ്പുറത്തേക്ക് നടന്നു കഴിഞ്ഞിട്ടും മലയാളികൾ ഇപ്പോഴും ഓർക്കുന്നത് അദ്ദേഹത്തിന്റെ അനായാസമായ അഭിനയ ശൈലിയിലൂടെയാണ്. ഇന്ന് ജൂലൈ 29 രാജൻ പി.ദേവ് ഓർമ്മയായിട്ട് 10് വർഷം. 2009 ജൂലൈ 29ന് കൊച്ചിയിൽ വച്ചാണ് കരൾ സംബന്ധമായ അസുഖം മൂലം അദ്ദേഹം അന്തരിക്കുന്നത്.

ഓർമയായിട്ട് പത്ത് വർഷങ്ങൾ പിന്നിട്ടെങ്കിലും രാജൻ പി.ദേവ് എന്ന നടനെ ഇന്നും മലയാളികൾ ഓർക്കുന്നു. വില്ലൻ വേഷങ്ങൾ എന്നാൽ അത് സിനിമ കാണുന്നവനെ ഭയപ്പെടുത്താനും വെറുപ്പിക്കാനും മാത്രമല്ല എന്ന് മലയാള സിനിമയെ പഠിപ്പിച്ച അതുല്യനായ നടനായിരുന്നു രാജൻ പി.ദേവ്. വില്ലൻ വേഷങ്ങൾ ചെയ്യുമ്പോഴും നർമം കലർത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് മലയാള സിനിമയ്ക്ക് മുതൽക്കൂട്ടായി. മോഹൻലാൽ ചിത്രം ഇന്ദ്രജാലത്തിലെ കാർലോസ് മുതൽ പിന്നീട് വന്ന നൂറ് കണക്കിന് വില്ലൻ വേഷങ്ങളിലും രാജൻ പി.ദേവ് തന്റേതായ അഭിനയ ശൈലി പകർന്നാടി. വില്ലൻ വേഷങ്ങളെ പോലെ തന്നെ കോമഡി കഥാപാത്രങ്ങളും തനിക്ക് അനായാസം വഴങ്ങുമെന്ന് തെളിയിച്ച തൊമ്മനെ മലയാളികൾ എങ്ങനെ മറക്കും?

തമ്പി കണ്ണന്താനത്തിന്റെ ഇന്ദ്രജാലത്തിലൂടെ രാജൻ പി.ദേവ് തന്റേതായ ഒരു ഇരിപ്പിടം മലയാള സിനിമയിൽ സ്വന്തമാക്കി.തന്നിലെ നടന്റെ റെയ്ഞ്ച് എന്താണെന്ന് മലയാളിക്ക് കാണിച്ചുകൊടുക്കകയായിരുന്നു. പിന്നീട് 150 ഓളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. വില്ലനായും ഹാസ്യതാരമായും മലയാള സിനിമയ്ക്ക് ഓർത്തിരിക്കാവുന്ന ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചു. ക്രൂരനായ വില്ലനും സ്‌നേഹനിധിയായ അപ്പനും നിഷ്‌കളങ്കനായ ഹാസ്യതാരവും രാജൻ പി.ദേവിന്റെ കയ്യിൽ ഭദ്രമായിരുന്നു. മോഹൻലാലിനൊപ്പമുള്ള 'സ്ഫടിക'വും മമ്മൂട്ടിക്കൊപ്പമുള്ള 'തൊമ്മനും മക്കളും' രാജൻ പി.ദേവിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളാണ്.പിന്നാലെ എത്തിയ ഛോട്ടമുംബൈയും മലയാളക്കര ആഘോഷമാക്കി.

സംവിധായകനായും രാജൻ പി.ദേവ് മലയാള സിനിമയ്ക്ക് സംഭാവനകൾ നൽകി. 'അച്ചാമ്മക്കുട്ടിയുടെ അച്ചായൻ', 'മണിയറക്കള്ളൻ', 'അച്ഛന്റെ കൊച്ചുമോൾക്ക്' എന്നീ മൂന്നു ചിത്രങ്ങളും രാജൻ പി.ദേവാണ് സംവിധാനം ചെയ്തത്. അജ്മൽ സംവിധാനം ചെയ്ത 'റിങ് ടോണാ'ണ് രാജൻ പി.ദേവ് ഒടുവിൽ അഭിനയിച്ച ചിത്രം. അഭിനയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് രാജൻ പി.ദേവ് വരുന്നത്. നാട കലാകാരനായ എസ്.ജെ ദേവിന്റെയും കുട്ടിയമ്മയുടേയും മകനായിരുന്നു രാജൻ. മുതിര്ന്നി നാടകക്കാരനായ എൻ. എൻ പിള്ളക്കൊപ്പം സ്റ്റേജ് പങ്കിട്ടിട്ടുള്ള രാജൻ നാടക രംഗത്തെ തിരക്കുള്ള നടൻ കൂടിയായിരുന്നു.

 

കാട്ടുകുതിരയിലെ കൊച്ചുവാവയായിരുന്നു രാജന്റെ നാടക ജീവിതത്തിലെ ഏറ്റവും തിളങ്ങുന്ന കാഥാപാത്രം. നൂറോളെ വേദികൾ കളിച്ച കാട്ടുകുതിര സിനിമയായപ്പോൾ ആ റോൾ അവതരിപ്പിച്ചത് അനശ്വര നടൻ തിലകനായിരുന്നു. നാടകത്തെ ജീവന് തുല്യം സ്‌നേഹിച്ച രാജൻ പി.ദേവ് സിനിമാ തിരക്കുകൾക്കിടയിൽ സ്ഥാപിച്ചതാണ് ജൂബിലി തിയറ്റേഴ്‌സ്. അമ്മിണിപുരം ഗ്രാമപഞ്ചായത്ത് ആണ് ജൂബിലി തിയറ്റേഴസ് ഒടുവിൽ കളിച്ച നാടകം. ഇതിന്റെ ഗാനരചനയും സംഗീതവും ദേവായിരുന്നു.മലയാളത്തിനൊപ്പം തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങളിലും അദ്ദേഹം സ്ഥിരം സാന്നിധ്യമായിരുന്നു. മമ്മൂട്ടി, ജയസൂര്യ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കായൽ രാജാവ്, സിംഹം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യാനിരിക്കെയാണ് അദ്ദേഹത്തിനെ മരണം കൂട്ടികൊണ്ടുപോയത്.

rajan p dev 10th deadth anniversary

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES