ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. 2025 ജനുവരിയിലോ ഫെബ്രുവരിയിലോ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൊറര്‍ ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ചിത്രം രാഹുല്‍ സദാശിവനും വൈ നോട്ട് ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
40 ദിവസത്തെ ഷൂട്ടിംഗാണ് നിലവില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.റെഡ് റെയിന്‍ എന്ന ആദ്യ സിനിമയ്ക്ക് ശേഷം രാഹുല്‍ ഒരുക്കിയ ചിത്രമാണ് ഭൂതകാലം. ഷെയ്ന്‍ നിഗവും രേവതിയും പ്രധാന കഥാപാത്രങ്ങളായ ചിത്രം ഡയറക്ട് ഒ.ടി.ടി റിലീസ് ആയിരുന്നെങ്കിലും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇതിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഭ്രമയുഗം വലിയ വിജയമായിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമിലെത്തിയ ചിത്രം 50 കോടി ക്ലബ്ബില്‍ കയറിയിരുന്നു.
അതേസമയം, വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് പ്രണവിന്റേതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. വിഷു റിലീസായി എത്തിയ ചിത്രം തിയേറ്ററില്‍ വിജയം നേടിയിരുന്നു. 81 കോടിക്ക് മുകളില്‍ കളക്ഷനാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്നും നേടിയത്. ഹൃദയം എന്ന ചിത്രത്തിന് ശേഷം പ്രണവ് അഭിനയിച്ച ചിത്രമാണിത്.