കൊച്ചി: സംവിധായകന്റെ ഇംഗിതങ്ങൾക്ക് വഴങ്ങാത്തതിന്റെ പേരിൽ, നടി നിഷ സാരംഗിനെ ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ സീരിയലായ ഉപ്പും മുളകിലും നിന്ന് മാറ്റാനുള്ള നീക്കം പൊളിഞ്ഞതിന് പിന്നാലെ സംവിധായകൻ ഉണ്ണികൃഷ്ണനെതിരെ സീരിയൽ രംഗത്ത് നിന്ന കൂടുതൽ പരാതികൾ ഉയരുന്നു. ആർ. ഉണ്ണികൃഷ്ണന്റെ ഈഗോയുടെ ഇരയാണ് താനെന്ന് നടി രചന നാരായണൻകുട്ടിയും തുറന്നടിച്ചു. മഴവിൽ മനോരമയിലെ ആക്ഷേപഹാസ്യ പരമ്പരയായ മറിമായത്തിന്റെ സംവിധായകനായിരുന്ന സമയത്താണ് രചനയും സംവിധായകനും തമ്മിൽ പ്രശ്‌നങ്ങളുണ്ടായത്.
സിരീയലിനൊപ്പം സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ സംവിധായകന് ചില ഈഗോ പ്രശ്നങ്ങൾ ഉണ്ടായി. അതിനാൽ പരമ്പരയുടെ അടുത്ത ഷെഡ്യൂൾ തൊട്ട് വരേണ്ടന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു. വിനോദ് കോവൂരിനെയും അങ്ങനെയാണ് പുറത്താക്കിയത്. സംവിധായകന്റെ പീഡനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ നിഷ സാരംഗിന് സംഘടനയുടെ പൂർണപിന്തുണയുണ്ട്. സംഭവം അറിഞ്ഞയുടനെ നിഷയെ വിളിച്ചിരുന്നെന്ന് രചന പറഞ്ഞു. കഴിഞ്ഞദിവസമാണ് നിഷ സാരംഗ് ഉണ്ണികൃഷ്ണനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്നത്.
കൊല്ലം സ്വദേശിയായ ഉണ്ണികൃഷ്ണനെ കലാപരമായി ഉയർത്തിക്കൊണ്ടു വന്നത് സംവിധായകനായ ശ്യാമ പ്രസാദിന്റെ നാടക സംഘമാണ്. ഉണ്ണിക്കൃഷ്ണൻ മുൻപും അഭിനേത്രികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മഴവിൽ മനോരമയിലെ തട്ടിയും മുട്ടിയും എന്ന പരമ്പരയിലെ പ്രമുഖ നടിയോടായിരുന്നു ഉണ്ണികൃഷ്ണന്റെ പരാക്രമം. നടിയോട് അശ്ലീലം സംസാരിക്കുകയും കിടപ്പറയിലേക്ക് ക്ഷണിക്കുകയുമായിരുന്നു. നടി ഇക്കാര്യം മഴവിൽ മനോരമ മേധാവിയോട് പരാതി പറഞ്ഞതോടെ കളി മാറി. പരാതി കിട്ടിയ ദിവസം തന്നെ ഉണ്ണികൃഷ്ണനെ വിളിച്ചു വരുത്തി രാജി എഴുതി വാങ്ങിച്ചു. മഴവിൽ മനോരമയിലെ രണ്ട് പരമ്പരകളുടെ സംവിധായകനായിരുന്നു ഉണ്ണിക്കൃഷ്ണൻ.തട്ടിയും മുട്ടിയും, മറിമായം എന്നിവയായിരുന്നു. ഏറെ ഹിറ്റായ പരമ്പരകളായിരുന്നു ഇവ രണ്ടും.
എന്നാൽ നടിയോട് മോശമായി പെരുമാറി എന്ന കാരണത്താൽ ഉടനടി ചാനൽ മേധാവി നടപടി എടുക്കുകയായിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ വച്ചു പൊറുപ്പിക്കില്ല എന്നതാണ് മനോരമയുടെ നയം എന്ന് തെളിയിക്കുന്ന സംഭവമായിരുന്നു ഇത്. രണ്ട് വർഷം മുൻപായിരുന്നു ഇത്തരത്തിൽ ഉണ്ണികൃഷ്ണനെ മഴവിൽ മനോരമ പുറത്താക്കിയത്. ചാനലിന്റെ റേറ്റിങ്ങിൽ ഏറെ മുൻപിലെത്താൻ ഈ പരമ്പരകൾ സഹായിച്ചിരുന്നു. ഇതിനിടയിലാണ് ഇയാൾ ഫ്ളവേഴ്സ് ചാനലുമായി കരാർ ഒപ്പിടുന്നത്. സമാന സംഭവം ഇപ്പോഴുണ്ടായപ്പോൾ നിരവധി പേരെ ഇയാൾ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയിട്ടുണ്ടോ എന്ന സംശയമാണുയരുന്നത്.