ചെറുവേഷങ്ങളിലൂടെ മലയാളം സിനിമാ ലോകത്ത് തന്റേതായ ഇടം നേടിയ നടന്‍ പുന്നപ്ര അപ്പച്ചന്‍ (അല്‍ഫോന്‍സ്-77) അന്തരിച്ചു. 77 വയസായിരുന്നു. ജെ. അല്‍ഫോന്‍സ് എന്നാണ് യഥാര്‍ത്ഥ പേര്. തലയില്‍ രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് മരണം.
മലയാളത്തിന് പുറമെ ഹിന്ദിയിലും തമിഴിലും ഉള്‍പ്പെടെ ആയിരത്തിലേറെ ചിത്രങ്ങളില്‍ വിവിധ കഥാപാത്രങ്ങളായി തിളങ്ങിയ അദ്ദേഹം, പലപ്പോഴും വില്ലന്‍ വേഷങ്ങളിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടിയത്. സത്യന്‍ നായകനായ 'ഒതേനന്റെ മകന്‍' എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച അപ്പച്ചന്‍, 'അനുഭവങ്ങള്‍ പാളിച്ചകള്‍', 'അനന്തരം', 'ഞാന്‍ ഗന്ധര്‍വന്‍', 'മതിലുകള്‍', 'സംഘം', 'അധികാരം', 'ദി കിങ്', 'ജലോത്സവം', 'കടുവ', 'സ്വര്‍ഗത്തിലെ കട്ടുറുമ്പ്' തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. പ്രേംനസീര്‍ മുതല്‍ പുതുതലമുറയിലെ ധ്യാന്‍ ശ്രീനിവാസന്‍ വരെയുള്ള പ്രമുഖ നടന്മാര്‍ക്കൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
സുരേഷ് ഗോപിയുടെ 'ഒറ്റക്കൊമ്പനാണ്' അദ്ദേഹത്തിന്റെ ഒടുവിലത്തെ ചിത്രം. ഹിന്ദിയില്‍ ദിലീപ് കുമാര്‍ നായകനായ 'ദുനിയ' എന്ന ചിത്രത്തില്‍ ദിലീപ് കുമാറിനെ അറസ്റ്റു ചെയ്യുന്ന പോലീസ് ഓഫീസറായും, തമിഴില്‍ വിജയ് നായകനായ 'സുറ' എന്ന സിനിമയിലും അപ്പച്ചന്‍ അഭിനയിച്ചു. വില്ലന്‍ വേഷങ്ങളായിരുന്നു ഏറെയെങ്കിലും, മമ്മൂട്ടി ചിത്രം 'ദി കിങില്‍' മുഖ്യമന്ത്രിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ അഞ്ചു ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
പുന്നപ്ര അരശര്‍കടവില്‍ എ.സി. ജെറോംകുട്ടിയുടെയും മറിയമ്മയുടെയും മകനാണ്. ആലപ്പുഴ മണ്ണഞ്ചേരി തമ്പകച്ചുവട് അരശര്‍കടവിലായിരുന്നു താമസം. സിനിമാ ജീവിതത്തിനു പുറമെ എല്‍ഐസി ഏജന്റായിരുന്ന അപ്പച്ചന്‍ ആറുതവണ കോടിപതിയായിട്ടുണ്ട്. ഭാര്യ മേരിക്കുട്ടിയും മക്കളായ ആന്റണി ജെറോം, ആലീസ് അല്‍ഫോന്‍സ് എന്നിവരും അദ്ദേഹത്തിനുണ്ട്