മമ്മൂട്ടിയും മോഹൻലാലും തന്നെയാണ് എന്റെയും ഹീറോകളെന്ന് ഷൈൻ ടോം ചാക്കോ. അവർ അഭിനയിച്ച അമരവും കിരീടവും ഒക്കെ എന്നിലെ നടന് പ്രചോദനമായിട്ടുണ്ടെന്ന് ഷൈൻ ടോം ചാക്കോ പറയുന്നു. ഒമ്പതുവർഷത്തോളം കമലിന്റെ സംവിധാനസഹായിയായി പ്രവർത്തിച്ചിരുന്ന് ഷൈൻ ടോം ചാക്കോ കമലിന്റെ തന്നെ സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. കാവ്യാമാധവൻ മുഖ്യകഥാപാത്രമായി അഭിനയിച്ച ഗദ്ദാമ എന്ന ചിത്രത്തിലെ ഷൈനിന്റെ വേഷപ്പകർച്ച ഷൈനിലെ അഭിനേതാവിനെ മോളിവുഡിൽ പരിചയപ്പെടുത്തി.
പിന്നീട് അന്നയും റസൂലും, നോട്ടിപ്രൊഫസർ, ചാപ്പിറ്റേഴ്സ്, അഞ്ചുസുന്ദരികൾ, അരികിൽ ഒരാൾ, പകിട, ഹാങ്ഓവർ, മസാല റിപ്പബ്ലിക് തുടങ്ങിയ ചിത്രങ്ങൾ ഷൈനിലെ അഭിനേതാവിനെ മിനുക്കിയെടുക്കുകയായിരുന്നു. ഷൈനിനെ നായകനാക്കി ബിനു എസ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രം ഇതിഹാസ' ഹിറ്റായതോടെ ഷൈനെ മലയാളപ്രേക്ഷകർ കൂടുതൽ ഇഷ്ടപ്പെടാൻ തുടങ്ങി. ഇതിഹാസ, സൈഗാൾ പാടുകയാണ്, പോപ് കോൺ തുടങ്ങീ പത്തോളം സിനിമകളിൽ ഷൈൻ നായകനായി. ഷൈൻ ടോം നായകനായ ഒരു കാറ്റിൽ ഒരു പായ്കപ്പൽ റിലീസായിരിക്കുകയാണ്. സിനിമ സ്വപ്നംകണ്ടുനടന്ന നാളുകളെക്കുറിച്ച് സംസാരിക്കുകയാണ് ഷൈൻ
സിനിമാസ്വപ്നം കണ്ടുനടന്ന നാളുകളെക്കുറിച്ച് പറയാമോ ?
പൊന്നാനിയിലായിരുന്നു ബാല്യകാലം. അച്ഛനും അമ്മയ്ക്കും ജോലി അവിടെ ആയിരുന്നു. അഭിനയിക്കാൻതന്നെയായിരുന്നു മോഹം. കൊച്ചുകുട്ടി ആയിരിക്കുമ്പോൾ നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രരചനാമത്സരത്തിലൊക്കെ പങ്കെടുത്തിട്ടുണ്ട്. എന്നെ നിയന്ത്രിച്ചതും കലയുടെ വളർച്ചയിൽ കൂട്ടുനിന്നതും വീട്ടുകാർതന്നെയാണ്. മൂന്നര വയസുമുതൽ സിനിമ കണ്ടതൊക്കെ ഓർമ്മയുണ്ട്. പൊന്നാനിയിലൊന്നും ഷൂട്ടിങ് ഉണ്ടാകാറില്ല. അതുകൊണ്ട് ഒരു കാമറ കാണുമ്പോൾതന്നെ അന്തംവിട്ടുനിന്നിട്ടുണ്ട്. ഞാൻ ഏഴാംക്ലാസിൽ പഠിക്കുന്ന കാലത്ത് കമൽ സാർ ഒരു കടയുടെ ഉദ്ഘാടനത്തിനായി വന്നു. ഞാൻ അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അന്ന് അതൊരു കൊച്ചുകുട്ടിയുടെ മോഹമായി പറഞ്ഞതാണ്. ഗൗരവമായി പറഞ്ഞതല്ല. എന്നാലും സിനിമ എനിക്ക് അഭിനിവേശമായിരുന്നു. വെള്ളിത്തിരയിൽ മിന്നിമറയുന്ന നടന്മാരെപോലെ ആകാൻ ഒരു ആഗ്രഹം. മമ്മൂട്ടിയും മോഹൻലാലും തന്നെയായിരുന്നു എന്റെയും ഹീറോകൾ. അവർ അഭിനയിച്ച അമരവും കിരീടവും ഒക്കെ എന്നിലെ നടന് പ്രചോദനമായിട്ടുണ്ട്. പന്ത്രണ്ടുവർഷത്തോളം പഠിക്കുമ്പോഴെല്ലാം കിട്ടുന്ന സുഖവും ആശ്വാസവും സിനിമ കാണുമ്പോഴും കലാപരമായ പരിപാടികളിൽ മറ്റും പങ്കെടുക്കുമ്പോഴുമായിരുന്നു. വീട്ടുകാർ അന്ന് എന്നെ ഏറെ സഹായിച്ചിരുന്നു. മോണോ ആക്റ്റ് പഠിപ്പിച്ചുതന്നത് ഉണ്ണിക്കൃഷ്ണൻ ചേട്ടനാണ്. അദ്ദേഹം നന്നായി മോണോ ആക്റ്റ് പരിശീലിപ്പിച്ചു. ഇതൊക്കെ ചെയ്തുനന്നത് വീട്ടുകാരാണ്.
കമൽസാറിന്റെ സഹായി ആയത് എങ്ങനെ ?
പ്ലസ്ടു കഴിഞ്ഞപ്പോഴാണ് കമൽസാറിന്റെ സഹായി ആകുന്നത്. മനസു നിറയെ അഭിനയമോഹമായിട്ടാണ് കമൽസാറിന്റെ സഹായി ആയി പ്രവർത്തിച്ചിരുന്നത്. എന്നാൽ അതെല്ലാം മനസിൽ ഒളിപ്പിച്ചുവച്ചു. കമൽസാർ മഞ്ഞുപോലൊരു പെൺകുട്ടി, നമ്മൾ തുടങ്ങിയ സിനിമകൾ ചെയ്യുന്ന കാലം. മഞ്ഞുപോലൊരു പെൺകുട്ടിയിലേക്ക് പുതുമുഖങ്ങളെ തെരരഞ്ഞെടുക്കുന്ന സമയം. നമ്മുടെ മനസിലും അഭിനയമോഹമുണ്ട്. എന്നാൽ അത് പറയാൻ പറ്റിയ സമയമല്ലല്ലോ. അഭിനയിക്കാൻവേണ്ടി വന്നതാണെന്നറിഞ്ഞാൽ ചിലപ്പോൾ എന്താണ് വിചാരിക്കുക. അതുകൊണ്ട് കാത്തിരുന്നു , വിധിയുണ്ടെങ്കിൽ എനിക്കുള്ളത് ഒരു സമയത്ത് എന്നെതേടി വരുമെന്ന വിശ്വാസത്തോടെ. അങ്ങനെ ഒമ്പതുവർഷത്തോളം സഹായിയായി പ്രവർത്തിച്ചു.
ഷൈനിലെ സംവിധായകൻ ?
എന്നിലെ അഭിനേതാവ് സംവിധാനസഹായി ആയി പ്രവർത്തിക്കുമ്പോഴും സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ പോലെ സിനിമ അന്ന് സാങ്കേതിമായി അത്ര വികസിച്ചിട്ടില്ല. ഒരു പടം അസിസ്റ്റ് ചെയ്തുകഴിഞ്ഞാൽ ഒരു പടം സംവിധാനം ചെയ്യാനുള്ള മോഹം ആദ്യം ഉണ്ടായിരുന്നില്ല. ഒരു അസി. ഡയറക്ടർക്ക് ഒരു സിനിമ എളുപ്പത്തിൽ ചെയ്യാൻ ഏറെ ബുദ്ധിമുട്ടാണ്. എന്നാൽ ഇന്ന് സാങ്കേതിമായി സിനിമ വളർന്നു. കാര്യങ്ങൾ എളുപ്പത്തിൽ നടക്കും. ആർക്കും സിനിമ ചെയ്യാനാകും. ഇപ്പോഴത്തെ സ്‌കൂൾ വിദ്യാർത്ഥികൾവരെ മനോഹരമായ ഷോർട്ട് ഫിലിമുകൾ എടുക്കുന്നുണ്ട്. ഇപ്പോഴത്തെ സംവിധായകർ സഹായി ആകാതെതന്നെ സിനിമ ചെയ്യുന്നു. ഇതിഹാസയുടെ സംവിധായകൻ ബിനു വെഡിങ് ഫോട്ടോഗ്രഫിയിൽനിന്ന് വന്നതാണ്. സിനിമയുടെ പാരമ്പര്യമില്ല. ഈ മൂന്നുവർഷത്തിനുള്ളിൽ സംഭവിച്ചതാണ് ഇത്തരം മാറ്റം. എനിക്കും സിനിമ ചെയ്യാനുള്ള ആഗ്രഹം ഉണ്ടായിരുന്നു. അതിനുള്ള ശ്രമവും നടന്നിരുന്നു. അപ്പോഴേക്കും അഭിനയത്തിലേക്ക് ഞാൻ തിരിയുയായിരുന്നു. ഇപ്പോൾ അഭിനയത്തോടുമാത്രമെ താത്പര്യമുള്ളൂ.
ഗദ്ദാമയും ഇതിഹാസയും ആണല്ലോ ഷൈനിലെ നടനെ പ്രേക്ഷകരെ തിരിച്ചറിയിച്ചത് ?
കമൽസാർ ഗദ്ദാമയിലേക്ക് ഒരാളെ അന്വേഷിച്ചുനടക്കുന്ന സമയം. ആ സമയത്ത് എന്റെ മുടി നീട്ടിവളർത്തിയിരുന്നു. എന്റെ രൂപത്തെക്കുറിച്ച് മനസിലായപ്പോൾ കമൽ സാർ എന്നെ കൊടുങ്ങല്ലൂർക്ക് വിളിച്ചു. ഈ വേഷത്തെകുറിച്ച് കമൽസാർ പറഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. നമ്മൾ പറയാതെതന്നെ നമ്മുടെ ആഗ്രഹം മനസിലായപോലെ. പിന്നെ ദുബായിലായിരുന്നു ഷൂട്ട്. എന്റെ രൂപവും പിന്നെ സഹായിയായി പ്രവർത്തിക്കാനും കഴിയും. ഇതൊക്കെയാണ് ഗദ്ദാമയിലെത്താൻ അഭിനയിക്കാൻ സഹായിച്ചത്. അന്നയും റസൂലും ഒക്കെ ചെയ്തിരുന്ന സമയം. ഇതിനിടയിൽ മൂന്നാലു ചിത്രങ്ങളിൽ അഭിനയിച്ചു. ഈയിടെയാണ് ബിനു ഇതിഹാസയുടെ കഥയുമായി സമീപിക്കുന്നത്. ബിനു താരമൂല്യമുള്ള നടന്മാരെ സമീപിച്ചെങ്കിലും നടന്നില്ല. അവരുടെ ബഡ്ജറ്റിനുള്ളിൽ എന്നെവച്ച് ഇതിഹാസ ചെയ്യാമെന്ന് അവർ തീരുമാനിച്ചു. കഥ കേട്ടപ്പോൾ കൗതുകം തോന്നി. പരുക്കൻവേഷവും പെണ്ണിഷായ വേഷവും കൂടികലർന്ന കോമഡി വിഷയം. ഏതെങ്കിലും ഒരു സിനിമയിൽനിന്ന് നടനായി ആരംഭിക്കണം. അങ്ങനെയാണ് ഇതിഹാസ എന്ന സിനിമയിൽ അഭിനയിക്കുന്നത്.
സിബിമലയിലിന്റെ സൈഗാൾ പാടുകയാണ് എന്ന ചിത്രത്തിൽ നായകനായല്ലോ ?
ജീവിതത്തിൽ മോശംസമയം എനിക്കും ഉണ്ടായിരുന്നു. അതിനുശേഷം എന്നെ പഴയതുപോലെതന്നെ ഏറെ സ്നേഹത്തോടെതന്നെയാണ് എല്ലാവരും കണ്ടത്. ഇത്തരം മോശം സമയത്ത് എന്നെ സഹായിച്ചതും ഒപ്പം നിന്നതും വീട്ടുകാരും കൂട്ടുകാരുമാണ്. നമ്മളെ മുന്നോട്ട് നയിച്ചതും ഇവരൊക്കെതന്നെയാണ്. അല്ലാതെ പഴയകാര്യങ്ങൾ ഓർത്തിരുന്നാൽ എന്താ കാര്യം. ജാമ്യംകിട്ടിയതിനുശേഷമാണ് സിബിസാറിന്റെ സിനിമയിൽ അഭിനയിക്കുന്നത്. സിബിസാറിനെ എനിക്കു മുമ്പ് പരിചയമൊന്നുമില്ല.
ഫെഫ്കയുടെ മീറ്റിങിനു വരുമ്പോൾ കാണും. സിബിസാറിന്റെ സിനിമളൊക്കെ കാണുമ്പോൾ സാറിന്റെ ചിത്രങ്ങളിൽ അഭിനയിക്കണമെന്നൊക്കെ ആഗ്രഹമുണ്ടായിട്ടുണ്ട്. കിരീടം, ഭരതം, സമ്മർ ഇൻ ബത്ലെഹേം ഒക്കെ കാണുമ്പോൾ എന്നിലെ അഭിനേതാവ് കൊതിക്കാറുണ്ട്. കമൽസാറിന്റെ രാപ്പകലിന്റെ തിരക്കഥ ടി.എ. റസാഖിന്റെതാണ്. അങ്ങനെ ടി.എ. റാസാഖിനെ പരിചയമുണ്ട്. സൈഗാൾ പാടുകയാണ് എന്ന ചിത്രത്തിന്റെ കഥ ഒരു കൊച്ചുകുട്ടിയെ ഏൽപ്പിക്കുന്നപോലെയാണ് സിബിസാറും ടി.എ. റാസാഖും ഏൽപ്പിച്ചത്. ഞാൻ ഇത്ര കൂടുതൽ നേരം ഒരു കഥാപാത്രം ചെയ്തതും ഈ സിനിമയിൽതന്നെയാണ്. സിബിസാർ പറയുന്നതുപോലെ അതിൽ അഭിനയിച്ചു. അതൊരു നല്ല അനുഭവമായിരുന്നു.
ഒറ്റാലിനെ മെയ്‌തിരി എന്ന കഥാപാത്രം ?
ആന്റൺ ചേക്കോവിന്റെ വാങ്കാ എന്ന കഥയെ ആധാരമാക്കി ജയരാജ്സാർ സംവിധാനം ചെയ്ത ചിത്രമാണ് ഒറ്റാൽ. ഐ.എഫ്.എഫ.കെ.യിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം ഒറ്റാൽ കരസ്ഥമാക്കിയിരുന്നു. ഈ ചിത്രത്തിൽ മെയ്‌തിരി എന്ന ഒരു നെഗറ്റീവ് കഥാപാത്രമാണ് ഞാൻ ചെയ്തത്. കുറേ താറാവുകളും ഒരു ലോറിയുമുള്ള ഒരാളാണ് മെയ്‌തിരി. അന്നയും റസൂലും ,ഇതിഹാസ ഈ സിനിമകളിലെല്ലാം അഭിനയം കണ്ട് ജയരാജ് സാർ വിളിച്ച് അഭിപ്രായം പറഞ്ഞിരുന്നു. അങ്ങനെയാണ് ഞാൻ ഒറ്റാലിലെത്തുന്നത്. ബാലവേല വിഷയമായ ഈ ചിത്രം ഏറെ കാലികപ്രസക്തിയുള്ളതാണ്.
ആർട്ട് സിനിമയെക്കുറിച്ചുള്ള ഷൈനിന്റെ കാഴ്‌ച്ചപ്പാട് ?
ഇത്തരം ചിത്രങ്ങൾ തിയേറ്ററുകളിൽ പലപ്പോഴും എത്താറില്ല. എത്തിയാൽതന്നെ പ്രേക്ഷകർ കാണാൻ മടിക്കുന്നു. ഞാൻ ഗൗരവമുള്ള ഇത്തരം സിനിമകൾ കൂടുതൽ കാണാറില്ല. എന്നാൽ ചെറുപ്പത്തിൽ പൊന്തന്മാടയും വിധേയനും വീട്ടുകാർ കാണിച്ചുതന്ന സിനിമയാണ്. ഇത്തരം സിനിമ കണ്ടുകഴിഞ്ഞാൽ പിന്നെ ആ സിനിമ മനസിൽ എപ്പോഴും നിലനിൽക്കും. എന്നിലെ അഭിനേതാവിലുള്ള വിശ്വാസം കണ്ടാണ് ജയരാജ് സാർ ഈ വേഷത്തിലേക്ക് ക്ഷണിച്ചത്. അത് എന്നിൽ ഒരു നല്ല നടനുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നു. കൂടുതൽ ആത്മവിശാസം തരുന്നു. രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിലെ ജോണിയും ശക്തമായ വേഷമാണ്.
ഒരു കാറ്റിൽ ഒരു പായ്കപ്പൽ
ഒരു കാറ്റിൽ ഒരു പായ്കപ്പൽ റിലീസായിരിക്കുകയാണ്. നല്ല അഭിപ്രായമാണ്. നവാഗതനായ പി വിജയകുമാറാണ് സംവിധായകൻ. ഡോ സുന്ദർമേനോനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മൈഥിലിയാണ് നായിക. സുരാജ് വെഞ്ഞാറമൂട്, ജോയ്മാത്യു, സുനിൽ സുഗത എന്നിവരും അഭിനയിക്കുന്നു. ആലപ്പുഴയുടെ പശ്ചാത്തലത്തിൽ നടക്കുന്ന പ്രണയചിത്രമാണിത്. ഇരുപതുവർഷത്തെ ഷിപ്പിലെ ജോലി കഴിഞ്ഞ് നാട്ടിലെത്തുന്ന അജിത് മേനോനായാണ് ഞാൻ അഭിനയിക്കുന്നത്. അയാൾ ഒരു പായ്കപ്പൽ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ്. അവിടെയ്ക്ക് വരുന്ന സാറ എന്ന കഥാപാത്രമാണ് മൈഥിലിയുടേത്. കപ്പൽനിർമ്മാണത്തിലൂടെയും അവരുടെ പ്രണയത്തിലൂടെയും ആലപ്പുഴയുടെ പശ്ചാത്തലത്തിൽ പറയുന്ന രസകരമായൊരുകഥയാണ് ഒരു കാറ്റിൽ ഒരു പായ്കപ്പൽ.