മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യരുടെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നാണ് സല്ലാപം. ദിലീപ് മഞ്ജു പ്രണയജോഡിയില്‍ ചരിത്രം കുറിച്ച സിനിമയായിരുന്നു ലോഹിതദാസിന്റെ കയ്യോപ്പില്‍ മലയാളികള്‍ക്ക് സമ്മാനിച്ച ചിത്രം. സല്ലാപം സിനിമയില്‍ ആദ്യം പരിഗണിച്ചിരുന്നത് ആനിയെ ആയിരുന്നെന്നും പിന്നീട് ആണ് ആ വേഷം മഞ്ജുവിലേക്കെത്തിയതെന്നും ലോഹിതദാസിന്റെ ഭാര്യ സിന്ധു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.നടിയുടെ രംഗപ്രവേശം ആണ് അവരുടെ ഭാവി തീരുമാനിക്കുന്നത്. സല്ലാപത്തില്‍ ആദ്യം പരിഗണിച്ചിരുന്നത് ആനിയെ ആയിരുന്നു. കിരീടം ഉണ്ണിയാണ് ആനിയെ നിര്‍ദേശിക്കുന്നത്.
എന്നാല്‍ പിന്നീട് സാര്‍(ലോഹിതദാസ്) പറഞ്ഞു, 'അത്രയും സൗന്ദര്യം ഉള്ള കുട്ടി വേണ്ട. ഇത്രയും കളര്‍ വേണ്ട നമുക്കൊരു നാടന്‍ പെണ്‍കുട്ടി മതി'. അങ്ങനെയാണ് മഞ്ജുവിലേക്കെത്തുന്നത്. തൂവല്‍ക്കൊട്ടാരത്തില്‍ മഞ്ജു അഭിനയിക്കണമെന്നത് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. മഞ്ജു എന്നും ബഹുമാനുമുള്ള കുട്ടിയായിരുന്നു. നടിയെ നമ്മള്‍ ആദരിക്കുന്നത് അവരുടെ പെരുമാറ്റവും സ്വഭാവവും കാണുമ്പോഴാണ്. സാറിന്റെ നായികമാരില്‍ മഞ്ജുവിനോടാണ് എനിക്ക് ബഹുമാനം.'സിന്ധു പറഞ്ഞു.
ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ സിനിമകളിലെ തിലകന്റെ വേഷം നെടുമുടി വേണു തട്ടിയെടുത്തു എന്ന ആരോപണം തെറ്റാണെന്നും സിന്ധു വെളിപ്പെടുത്തി. 'തിലകന്റെ വേഷം നെടുമുടി വേണു തട്ടിയെടുത്തിട്ടില്ല. ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ നെടുമുടിയെ മനസ്സില്‍ കണ്ടു തന്നെയാണ് ലോഹിതദാസ് എഴുതിയത്. താരങ്ങളെ നിശ്ചയിക്കുന്നതില്‍ ലോഹിതദാസ് ഇടപെടുമായിരുന്നു. തിലകന് ചേരുന്ന വേഷം മാത്രമേ അദ്ദേഹത്തിന് നല്‍കൂ എന്ന് ലോഹിതദാസിന് വാശിയുണ്ടായിരുന്നു. 1987, 88, 89 വര്‍ഷങ്ങളില്‍ തിലകന് സംസ്ഥാന പുരസ്‌കാരം കിട്ടിയിരുന്നു. അതെല്ലാം തന്നെ ലോഹിതദാസിന്റെ ചിത്രങ്ങള്‍ക്കായിരുന്നു. നെടുമുടി വേണു ആ വേഷം തട്ടിയെടുത്തു എന്നത് തിലകന്റെ തോന്നല്‍ മാത്രമായിരുന്നു'. സിന്ധു പറഞ്ഞു.
'മമ്മൂട്ടിയെ നായകനാക്കി തനിയാവര്‍ത്തനം ചെയ്തുകഴിഞ്ഞ ശേഷം അദ്ദേഹത്തിന് പനി വരുമ്പോള്‍ പിച്ചുംപേയും പറയുമായിരുന്നു. 'ബാലേട്ടന്‍ (മമ്മൂട്ടിയുടെ കഥാപാത്രം) പാവമായിരുന്നു, പതിനായിരം രൂപക്ക് വേണ്ടി ബാഗ് കൊണ്ടുപോയി' എന്നൊക്കെ പറയും. കുറച്ച് കാലം ഞാനും വല്ലാത്ത അവസ്ഥയില്‍ ആയിപ്പോയിരുന്നു'.
'മലയാളസിനിമയില്‍ കുറച്ച് ആളുകളുമായി ലോഹിതദാസിന് കുറച്ച് പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം അവരെല്ലാം ഇവിടെയുള്ള കാര്യങ്ങള്‍ തിരക്കാറുണ്ട്. ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ വേരിന് ശക്തിയുണ്ടാകുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. താങ്ങാന്‍ ആളുണ്ടാകുമ്പോള്‍ ശക്തി ക്ഷയിക്കുകയാണ് ചെയ്യുക. എന്റെ ഏറ്റവും വലിയ സമ്പാദ്യം ഈ ഏകാകന്തതയാണ്. സാറിന്റെ അവസാന പത്തുദിവസം എന്റെ കൂടെയായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് ഇരുന്ന് അവസാനം കണ്ട സിനിമ വെങ്കലം ആണ്.'
'മോഹന്‍ലാലിനും മമ്മൂട്ടിക്കുമെല്ലാം സ്നേഹമുണ്ട്. ദിലീപിന്റെ കരിയറില്‍ തന്നെ ബ്രേക്കായ സിനിമയായിരുന്നു സല്ലാപം. ദിലീപ് പലപ്പോഴും വന്നിട്ടുണ്ട്. പിന്നെ അവരൊക്കെ തിരക്കുള്ള നടന്മാരല്ലേ. ലോഹിതദാസും അങ്ങോട്ടും പോയിട്ടുണ്ടാകില്ല. അതിനെ വൈകാരികമായി കാണാന്‍ ആഗ്രഹിക്കുന്നില്ല.'
'തന്റെ കഥാപാത്രങ്ങള്‍ക്ക് ചേരുന്നവരെ നോക്കിയാണ് അദ്ദേഹം അഭിനേതാക്കളെ നിശ്ചയിച്ചത്. അമരത്തില്‍ മമ്മൂട്ടിയെ നിശ്ചയിച്ചതു പോലെയാണ് കിരീടത്തില്‍ മോഹന്‍ലാലിനെ നിശ്ചയിച്ചത്. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ലോഹിതദാസ് നിലനിന്നത്. അവര്‍ക്കായി തന്റെ സിനിമകള്‍ ഒരുക്കി. അതിന് വേണ്ടി കഥാപാത്രങ്ങളെ ഉപയോഗിക്കുകയാണ് അദ്ദേഹം ചെയ്തത്. ആരില്‍ നിന്നും ഒരു നന്ദിയും അദ്ദേഹം പ്രതീക്ഷിച്ചിട്ടില്ല'.സിന്ധു പറഞ്ഞു.