മലയാളികള്‍ ലോക്ഡൗണ്‍ പിടിയിലായിട്ട് ഒരുമാസം തികയാന്‍ പോകുകയാണ്. നിയന്ത്രണങ്ങളുടെ ദിനങ്ങളാണ് കടന്നുപോകുന്നത്. പാവപ്പെട്ടവനും പണക്കാരുമെല്ലാം ഒരേപോലെയാണ് ഇപ്പോള്‍. സിനിമാഷൂട്ടിങ്ങുകള്‍ക്കും പൂട്ടുവീണതോടെ നടന്‍മാരും പണിയില്ലാതെ വീട്ടിലിരിപ്പാണ്. കുടുംബാംഗങ്ങള്‍ക്കൊപ്പം വീട്ടിലിരിക്കാന്‍ കൂടുതല്‍ ദിവസം കിട്ടിയ സന്തോഷത്തിലാണ് താരങ്ങള്‍ ഇപ്പോള്‍. പ്രശസ്ത താരങ്ങളുടെ ലോക്ഡൗണ്‍ വിശേഷങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.
മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും സ്വന്തം വീടുകളില്‍ വിശ്രമത്തിലാണ്. മഞ്ഞില്‌വിരിഞ്ഞ പൂക്കള്‍ റിലീസായതിനുശേഷം ഇത്രയും സ്വതന്ത്രമായ മനസ്സോടെ മോഹൻലാൽ വീട്ടിലിരിക്കുന്നത് കണ്ടിട്ടില്ലെന്നാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ പറയുന്നത്. ചെന്നൈയില്‍ കടലോരത്തുള്ള വീട്ടിലാണ് മോഹന്‍ലാല്‍. ആളൊഴിഞ്ഞ ബീച്ചില്‍ വെറുതേ നടക്കുന്നതാണ് ഇപ്പോള്‍ മോഹന്‍ലാലിന് ഏറെയിഷ്ടം. മക്കളും ലാലിനൊപ്പം ചെന്നൈയിലെ വീട്ടിലുണ്ട്. മമ്മൂട്ടിയാകട്ടെ പുതിയ വീട്ടില്‍ മക്കളായ ദുല്‍ഖറിനും സുറുമിക്കുമൊപ്പം സമയം ചിലവിടുന്ന തിരക്കിലാണ്.
മമ്മൂട്ടി എറണാകുളത്ത് പുതിയ വീട്ടിലേക്കു താമസം മാറിയിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ. കൊറോണ പ്രശ്‌നം ഉടലെടുത്തതിനാല്‍ ആരെയും അറിയിക്കാതെയായിരുന്നു ഗൃഹപ്രവേശം. വീടുമായൊന്നു പരിചയപ്പെടാന് ഇപ്പോള്‍ ഇഷ്ടംപോലെ സമയമുണ്ട്. അത്യാധുനിക സൗകര്യങ്ങളുള്ള വീട്ടില്‍ നിന്നുള്ള ചില ചിത്രങ്ങളും വീഡിയോയുമെല്ലാം ദുല്‍ഖര്‍ പങ്കുവച്ചിരുന്നു. നടന്‍ ദിലീപിനാകട്ടെ ഒരുവയസുകാരി ഇളയ മകള്‍ മഹാലക്ഷ്മിക്ക് ഒപ്പം സമയം ചിലവിടാന്‍ ഒത്തിരി സമയം ലഭിച്ചിരിക്കയാണ്. നടി മഞ്ജു വാര്യര്‍ ഉള്ളത് തൃശൂര്‍ പുള്ളിലെ കുടുംബവീട്ടിലാണ്. സഹോദരന്‍ മധുവും കുടുംബവും അമ്മയുമായി ഉത്സവമേളമാണ് ഇപ്പോള്‍ തറവാട്ടില്‍. യുവനടന്‍മാരുടെ കാര്യവും മറിച്ചല്ല, ജയസൂര്യ, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, നിവിന്‍ പോളി, ഫഹദ് തുടങ്ങിയവരും കുടുംബത്തൊടൊപ്പം ആഘോഷത്തിലാണ്. ആറ്റുനോറ്റു കിട്ടിയ മകന്‍ ഇസഹാക്കിനൊപ്പമാണ് ചാക്കോച്ചന്റെ ലോക്ഡൗണ്‍ ആഘോഷം. ടൊവിനോ സ്വന്തം വീട്ടില്‍ അച്ഛനും അമ്മയ്ക്കുമൊപ്പമാണ്. അമ്മ തമിഴ്‌നാടുവരെ പോയി വന്നതിനാല്‍ ക്വാററ്റീനിലായത് കൊണ്ട് ഭാര്യയെയും മകളെയും ടൊവിനോ സ്വന്തം വീട്ടിലേക്ക് അയക്കുകയായിരുന്നു. സുരാജ് വെഞ്ഞാറമൂട് കുടുംബസമേതം ഇപ്പോള്‍ വെഞ്ഞാറമൂട്ടിലെ വീട്ടിലുണ്ട്. ജോലിക്കാരെ വിശ്രമിക്കാന് വിട്ട് നടന് സിദ്ദിഖ് ഇപ്പോള് കൂടുതല്‍ സമയം അടുക്കളയിലാണ്. ഇരിങ്ങാലക്കുടയിലെ വീട് അടിച്ചുവാരുന്നതും തുണികള്‍ കഴുകി ഉണക്കാനിടുന്നതുമൊക്കെ ഇന്നസെന്റും ആലീസും ചേര്ന്നാണ്.
ജയറാമും കുടുംബസ്ഥന്റെ റോള്‍ ഏറ്റെടുത്ത് കഴിഞ്ഞു. മക്കളായ കാളിദാസിനും മാളകിവയ്ക്കുമൊപ്പമാണ് ജയറാമും ലോക്ഡൗണില്‍. വീട്ടുകാര്യങ്ങള്‍ നോക്കിയും വസ്ത്രം ഇസ്തിരിയിട്ടുമൊക്കെയാണ് നല്ലൊരു വീട്ടുകാരനായി ജയറാം മാറുന്നത്. സിനിമ കഴിഞ്ഞാല്‍ കൃഷിയെ സ്‌നേഹിക്കുന്ന നടന്‍ ശ്രീനിവാസനും ഭാര്യ വിമലയും വീടിനോടുചേര്ന്നു പച്ചക്കറിത്തോട്ടത്തില് വിയര്ത്തു പണിയെടുക്കുകയാണ്. എന്നാല്‍ ലോക്ഡൗണില്‍ അപ്രതീക്ഷിതമായി വീണുകിട്ടിയ അവധി ആഘോഷിക്കാന്‍ പറ്റാതെ പോയത് നടന്‍ പൃഥിരാജിനാണ്. ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനായി ജോര്‍ദാനില്‍ പോയ പൃഥി അവിടെ കുടുങ്ങുകയായിരുന്നു. മകള്‍ അല്ലിക്കും ഭാര്യ സുപ്രിയയ്ക്കുമൊപ്പം ചിലവിടേണ്ട നടന്റെ വിലപ്പെട്ട സമയം കൂടിയാണ് അങ്ങനെ നഷ്ടമായത്.