മലയാള സിനിമയിൽ ഒട്ടനവധി നായികമാർ ഉണ്ടായിട്ടുണ്ട്. എന്നാൽ തനിക്ക് അഭിനയം മാത്രമല്ല സിനിമയിലെ മറ്റ് മേഖലകളിൽ കൂടി കൈവയ്ക്കാൻ ആഗ്രഹമുണ്ടെന്നും അതിനനുസരിച്ച് പ്രയത്നിച്ച ഒരു നടിയാണ് മലയാളികളുടെ പ്രിയ താരമായ ഗീതു മോഹൻദാസ്. വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ ഒരു മുദ്ര പതിപ്പിക്കാൻ താരത്തിന് സാധിച്ചു. ലോക സിനിമയുടെ നെറുകയിലേക്ക് മലയാള സിനിമയെ എത്തിക്കാനുള്ള തേരോട്ടത്തിലാണ് ഗീതു മോഹൻദാസ് ഇപ്പോൾ.
മോഹൻദാസിന്റെയും ലതയുടെയും മകളായി 1984 ജൂണ് എട്ടാം തീയതിയാണ് ഗീതു മോഹൻദാസ് ജനിച്ചത്. ഗീതു മോഹൻദാസിന്റെ ശെരിക്കുമുള്ള പേര് ഗായത്രി ദാസ് എന്നാണ്. വിളിപ്പേരായ ഗീതു എന്നത് സിനിമയിലേക്ക് വന്നപ്പോൾ തന്റെ സിനിമ പ്പേര് ആയി സ്വീകരിച്ചു. തന്റെ അഞ്ചാം വയസ്സിൽ തന്നെ സിനിമാലോകത്തേക്ക് വന്ന വ്യക്തിയാണ് ഗീതു. 1986ൽ ഇറങ്ങിയ ഒന്ന് മുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ പ്രധാന ബാലതാരമായി അഭിനയിച്ചത് ഗീതു മോഹൻദാസാണ്. ആ വർഷം മികച്ച ബാലതരത്തിനുള്ള സംസ്ഥാന അവാർഡും സ്വന്തമാക്കി. ആദ്യ ചിത്രത്തിൽ തന്നെ അവാർഡ് നേടുന്ന അപൂർവം വ്യക്തികളിൽ ഒരാളായി ഗീതു മാറി. മലയാളത്തിലെ ഹിറ്റ് ചിത്രമായ ഫാസിലിന്റെ എന്റെ മാമാട്ടികുട്ടി അമ്മയ്ക്ക് എന്ന ചിത്രതത്തിന്റെ തമിഴ് പതിപ്പായ എൻ ബൊമ്മകുട്ടി അമ്മക്ക് എന്ന ചിത്രത്തിൽ പ്രധാന വേഷവും ഗീതുവിന്റെ കയ്യിൽ എത്തിയിരുന്നു. തുടർന്ന് സിനിമയിൽ നിന്ന് മാറി പഠിക്കാൻ തയ്യാറെടുക്കുകയായിരുന്നു. ഇന്ത്യയിലും മലേഷ്യയിലും കാനഡയിലും ആയിട്ടാൻ ഗീതുവിന്റെ പഠനകാലം പൂർത്തിയായത്. വലുതായതിന് ശേഷം തിരിച്ച് വീണ്ടും മലയാള സിനിമ ലോകത്തേക്ക് ഗീതു വരുകയായിരുന്നു. മോഹൻലാൽ ചിത്രമായ ലൈഫ് ഇസ് ബ്യൂട്ടിഫുലിലൂടെയാണ് വീണ്ടും വരുന്നത്. അതിന് ശേഷം സിനിമ ലോകത്ത് നിരസാന്നിധ്യമായി മാറുകയായിരുന്നു. തെങ്കാശിപ്പട്ടണം, വാൽക്കണ്ണാടി, പകൽപ്പൂരം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ശേഷം തന്റേതായ ഒരു ഫാൻ ബേസ് ഉണ്ടാക്കാൻ ഗീതുവിന് സാധിച്ചു. അകലെ, തകരചെണ്ട, ഭരതൻ എഫക്ട്, രാപ്പകൽ, സീത കല്യാണം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജും ഇന്ദ്രജിത്തും നായകന്മാരായി അഭിനയിച്ച നമ്മൾ തമ്മിൽ എന്ന ചിത്രത്തിലായിരുന്നു ഗീതു അവസാനമായി അഭിനയിച്ചത്.
2009ൽ ഗീതു മോഹൻദാസ് തന്റെ ചലച്ചിത്ര നിർമാണ കമ്പനിയായ 'അണ്പ്ലഗ്ഗ്ഡ്' ആരംഭിച്ചു. 'കേൾക്കുന്നുണ്ടോ' എന്ന തന്റെ ഹ്രസ്വചിത്രം നിർമിച്ചതും തന്റെ സിനിമ നിർമാണ കമ്പനി തന്നെയാണ്. റോട്ടർഡാമിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ഈ ചിത്രം മികച്ച ഹ്രസ്വ കഥകൾക്കുള്ള 3 അന്താരാഷ്ട്ര അവാർഡുകളും ഇന്ത്യയിലെ ദേശീയ ചലച്ചിത്ര അവാർഡും നേടി. 2014 മുതൽ പന്ത്രണ്ടാം ക്ലാസ് കേരള സംസ്ഥാന സിലബസിലെ ഒരു അധ്യായമായി ഈ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. ഗീതുവിന്റെ ആദ്യ ചലച്ചിത്രമായ ലയേഴ്‌സ് ഡൈസ് സ്ക്രിപ്റ്റിനും പ്രോജക്ട് ഡവലപ്മെന്റിനുമായി ഹ്യൂബർട്ട് ബാൽസ് ഫണ്ട് സ്വീകരിച്ചു. 2014 ലെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ ലോക നാടക മത്സര വിഭാഗത്തിൽ ഈ ചിത്രം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഗീതുവിന്റെ രണ്ടാമത്തെ ചിത്രമായ നിവിൻ പോളി നായകനായ 'മൂത്തോൻ' ടോറോന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. മലയാളി പ്രേക്ഷകർ ഇന്നും സജീവമായി ചർച്ച ചെയ്യുന്ന ചിത്രങ്ങളിൽ ഒന്നാണ് മൂത്തോൻ.
2009 നവംബർ 14 ന് ഛായാഗ്രാഹകൻ രാജീവ് രവിയെ വിവാഹം ചെയ്തു. കൊച്ചിയിലാണ് ഇരുവയുടെയും വിവാഹം കഴിഞ്ഞത്. ദമ്പതികൾക്ക് ആധാരന എന്ന മകളുണ്ട്. മകളുമായിട്ടുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലും മറ്റ് സമൂഹ മാധ്യമങ്ങളിലും ഗീതു മോഹൻദാസ് പങ്കുവയ്ക്കാറുണ്ട്. ഫോട്ടോകളും വിഡിയോകളെല്ലാം വൈറൽ ആയി മാറാറുമുണ്ട്. സിനിമയിലും നല്ല സൗഹൃദങ്ങൾ ഉറപ്പിക്കുന്ന വ്യക്തിയാണ് ഗീതു മോഹൻദാസ്. പൂർണിമ ഇന്ദ്രജിത്തുമായി വളരെ അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്ന ഒരാളാണ് ഗീതു. മഞ്ജു വാരിയർ, റീമ കല്ലിങ്കലുമായും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ്. തന്റെ ഭർത്താവായ രാജീവ് രവിയും ഛായഗ്രഹണ മേഖലയിൽ നിന്ന് മാറി സംവിധാനത്തിലേക്കും കടന്നു. അന്നയും റസൂലും എന്ന ചിത്രം സംവിധാനം ചെയ്തത് രാജീവ് രവിയാണ്. മൂത്തോൻ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും രാജീവ് രവിയുടേതാണ്.