അപൂര്‍വ്വ സ്നേഹ ബന്ധം എന്നാണ് അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറും ഏക മകളും തമ്മിലുണ്ടായിരുന്ന സ്നേഹത്തിന് സുഹൃത്തുകളും അയല്‍ക്കാരും നല്കുന്ന നിര്‍വചനം. അത്രമേല്‍ സ്നേഹമായിരുന്നു ജാനിക്കുട്ടി എന്നു വിളിക്കുന്ന തേജസ്വിനിക്ക് അച്ഛനോടും തിരിച്ച് ബാലുവിന് തന്റെ മകളോടുമുണ്ടായിരുന്നത്. പെറ്റമ്മയേക്കാള്‍ ജാനിക്ക് ജീവന്‍ തന്റെ അച്ഛനായിരുന്നു. ഇപ്പോള്‍ ദൈവം ജാനിക്ക് വേണ്ടിയാണ് ബാലുവിനെയും ഒപ്പം കൂട്ടിയതെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നാണ് ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തുകള്‍ പറയുന്നത്.
15 വര്‍ഷം മക്കളില്ലാത്ത ദുഃഖം അനുഭവിച്ച ബാലുവിനും ലക്ഷ്മിക്കും പ്രാര്‍ത്ഥനകള്‍ ദൈവം കേട്ടപ്പോള്‍ കിട്ടിയ കുഞ്ഞു മാലാഖയായിരുന്നു തേജസ്വിനി. അതിനാല്‍ തന്നെ ലക്ഷ്മിയുടെ ഗര്‍ഭകാലം മുതല്‍ എല്ലാകാര്യങ്ങളും നോക്കിയിരുന്നത് ബാലുവാണ്. അച്ഛന്റെ പൊന്നുമോളായി തന്നെയാണ് ജാനി വളര്‍ന്നതും. ഏത് യാത്രകളിലും ബാലുവിന്റെ മടിയില്‍ കയറിപ്പറ്റിയിരുന്ന ജാനി അപകടസമയത്തും അച്ഛന്റെ മടിയില്‍ ഇരുന്ന് നെഞ്ചില്‍ തലചായ്ച്ചാണ് ഉറങ്ങിയിരുന്നത്. ബാലുവും ലക്ഷ്മിയും മകളുമാണ് തിട്ടമംഗലത്തെ വീട്ടില്‍ താമസിച്ചിരുന്നത്. അതിനാല്‍ തന്നെ മകളുടെ എല്ലാ കാര്യവും അച്ഛനും അമ്മയുമാണ് നോക്കിയിരുന്നത്. വീടിന്റെ മുറ്റത്ത് ഓടിക്കളിക്കുകയും കൊഞ്ചി സംസാരിക്കുകയും ചെയ്തിരുന്ന ജാനിയുടെ മുഖം അയല്‍ക്കാര്‍ക്ക് വേദനയോടെയെ ഓര്‍ക്കാന്‍ കഴിയൂ. ഉണ്ണാനും ഉറക്കാനുമെല്ലാം ജാനിക്ക് അച്ഛന്‍ തന്നെ വേണമായിരുന്നു. എപ്പോഴും അച്ഛന്‍ എടുക്കണമെന്നതും ജാനിക്ക് നിര്‍ബന്ധമായിരുന്നു.
ബാലു വീട്ടിലുള്ള നേരം മുഴുവന്‍ വയലിന്‍ നാദവും പാട്ടുമാണ് വീട്ടില്‍ മുഴങ്ങുന്നത്. അതിനോടൊപ്പം തന്നെ ജാനിയുടെ കരച്ചിലും ചിരിയുമാണ് വീടിനെ ഉണര്‍ത്തിയിരുന്നത്. ഈ വീട്ടില്‍ തന്നെയാണ് ജാനിയുടെ സംസ്‌കാരവും നടത്തിയിരിക്കുന്നത്. പ്രണയിച്ച് വിവാഹം കഴിച്ച ബാലുവിന്റെയും ലക്ഷ്മിയുടെയും ദാമ്പത്യം തന്നെ ആരിലും അസൂയ ജനിപ്പിക്കുന്നതായിരുന്നു. കാത്തിരിപ്പിനൊടുവില്‍ ഒരു മകള്‍ കൂടി കൂട്ടായി എത്തിയപ്പോള്‍ സ്വര്‍ഗം കിട്ടിയ പ്രതീതിയായിരുന്നു ബാലുവിനും ലക്ഷ്മിക്കും. അതിനാല്‍ തന്നെ മകള്‍ക്കായുള്ള നേര്‍ച്ചകള്‍ ഒന്നും കുടുംബം ഒഴിവാക്കാറില്ലായിരുന്നു. ഇങ്ങനെ മകള്‍ക്കായുള്ള നേര്‍ച്ച നടത്തി വരും വഴിയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്.
ബാലു വീട്ടിലുള്ള സമയം മുഴുവന്‍ കുഞ്ഞിനൊപ്പമാണ് ചിലവിട്ടിരുന്നത്. കുഞ്ഞിനായി വയലിന്‍ വായിക്കുകയും മകള്‍ക്ക് പിറകേ ഓടുകയും കളിക്കുകയും ചെയ്തിരുന്ന ബാലുവിന്റെ വിയോഗം അയല്‍ക്കാര്‍ക്ക് ഞെട്ടലാകുകയാണ്. ഇനി ഈ വീട്ടിലേക്ക് ഇതൊന്നും എത്തില്ലെന്നും അവര്‍ക്ക് വിശ്വസിക്കാനാകുന്നില്ല.