അമ്മയുടെ മക്കള്‍ ആരെല്ലാമെന്ന് ഇന്നറിയാം! തമ്മിലടികള്‍ക്ക് ശേഷം അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന്; നിര്‍ണായകമാകുന്ന യോഗത്തില്‍ മോഹന്‍ലാല്‍ രാജിവച്ചേക്കുമെന്ന് സൂചന; മുഴുവന്‍ എക്സിക്യൂട്ടീവ് അംഗങ്ങളും യോഗത്തിന് എത്തിയേക്കില്ല; ട്രഷറര്‍ ജഗദീഷും സെക്രട്ടറി സിദ്ദിഖും പങ്കെടുക്കുമെന്ന് വിവരം
തമ്മിലടികള്‍ക്കും ചേരി തിരിവുകള്‍ക്കും ശേഷം താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടിവ് ഭാരവാഹികളുടെ നിര്‍ണായക യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. അമ്മയുടെ മുന്നില്‍ പരിഹാരം കാണേണ്ട വിഷയങ്ങള്‍ പലതാണ്. ഡബ്ള്യൂ.സി.സിയുമായുള്ള നിലപാടിനെ ചൊല്ലി സിദ്ദിഖും ജഗദീഷും തമ്മില്‍ കടുത്ത വാക്പോര് നടന്ന പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. അതേ സമയം വിവാദങ്ങളില്‍ പ്രതികരിക്കാത്ത മോഹന്‍ലാല്‍ താരസംഘടനയില്‍ നിന്ന് രാജിവെച്ചേക്കുമെന്ന സൂചനയും ഉയരുന്നുണ്ട്.
അമ്മ-ഡെബ്ള്യൂ.സി.സി തര്‍ക്കങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് സംഘടനയുടെ ഭാരവാഹികള്‍ കൊച്ചിയില്‍ യോഗം ചേരുന്നത്. ടിയന്തരസാഹചര്യത്തില്‍ വിളിച്ചു ചേര്‍ത്തതിനാല്‍ മുഴുവന്‍ എക്സിക്യൂട്ടീവ് അംഗങ്ങളും യോഗത്തിന് എത്തിയേക്കില്ല. ഡബ്ള്യൂ.സി.സി അംഗങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയതിനെ തുടര്‍ന്ന് അമ്മയുടെ ട്രഷറര്‍ ജഗദീഷും സെക്രട്ടറി സിദ്ദിഖും തമ്മില്‍ ഭിന്നതയുണ്ടായിരുന്നു.ഇതിനെ തുടര്‍ന്ന് നടന്‍ ബാബുരാജ് അടക്കമുള്ളവരുടെ എതിര്‍ സ്വരങ്ങള്‍ പുറത്തു വന്നിരുന്നു. ഒരു വിഭാഗം ദിലീപിനെ പൂര്‍ണമായി പിന്തുണയ്ക്കുമ്പോള്‍ മറ്റൊരു വിഭാഗം പ്രസിഡന്റായ മോഹന്‍ലാലിനോടൊപ്പമാണ്. എന്നാല്‍ ആരോപണങ്ങള്‍ തന്റെ പേര് അനാവശ്യമായ വലിച്ചിഴയ്ക്കുന്നതിനോട് മോഹന്‍ലാലിന് താല്‍പ്പര്യമില്ലെന്നാണ് സൂചന. അതിനാല്‍ താരം രാജിവയ്ക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
ജഗദീഷ്-സിദ്ദീഖ് തര്‍ക്കം പരിഹരിക്കുന്നതിന് ചര്‍ച്ചയില്‍ ശ്രമങ്ങളുണ്ടാകുമെന്നാണ് സൂചന. കോഴിക്കോട് ഷൂട്ടിംഗിലായതിനാല്‍ നടന്‍ സിദ്ദിഖ് യോഗത്തിന് എത്തുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.എന്നാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പരമാവധി ശ്രമിക്കണമെന്നാണ് അമ്മ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
യോഗത്തിന് എത്തുമെന്നും നിലപാട് വ്യക്തമാക്കുമെന്നും ജഗദീഷ് അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ഡെബ്ള്യൂ.സി.സി ഉന്നയിച്ച ആരോപണങ്ങളും യോഗം ചര്‍ച്ച ചെയ്യും. മലയാള സിനിമയില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡെബ്ള്യൂ.സി.സി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി അമ്മയ്ക്ക് നോട്ടീസ് അയച്ചിരുന്നു. കേസ് അടുത്തയാഴ്ച പരിഗണിക്കാനിരിക്കെ ഇക്കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. നടി ദിവ്യ ഗോപിനാഥ് നടന്‍ അലന്‍സിയറിനെതിരെ ഉന്നയിച്ച മീ റ്റൂ ആരോപണവും ചര്‍ച്ച ചെയ്തേക്കും.
സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി കഴിഞ്ഞ 13ന് നടത്തിയ വാര്‍ത്താസമ്മേളനമാണ് അടിയന്തിര എക്സിക്യൂട്ടീവ് വിളിക്കാന്‍ കാരണമായത്. ദിലീപിനെതിരായ അച്ചടക്കനടപടി വൈകുന്നതുള്‍പ്പെടെ തങ്ങള്‍ ഉന്നയിച്ച കാര്യങ്ങളോടുള്ള വിമുഖതയും മലയാളസിനിമ കാലാകാലങ്ങളായി വച്ചുപുലര്‍ത്തുന്ന സ്ത്രീവിവേചനവുമൊക്കെ ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തില്‍ അംഗങ്ങള്‍ ആരോപിച്ചിരുന്നു.