യൂബര്‍ ഡ്രൈവറില്‍ നിന്ന് നേരിടേണ്ടിവന്ന മോശം പെരുമാറ്റത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അഹാന കൃഷ്ണ. അഹാനയും അമ്മ സിന്ദു കൃഷ്ണയും യാത്രചെയ്യാനായി ബുക്ക് ചെയ്ത യൂബര്‍ ഡ്രൈവറില്‍ നിന്നാണ് മോശമായ പെരുമാറ്റം നേരിടേണ്ടിവന്നത്. കൊച്ചിയില്‍ വച്ച് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന സംഭവം വിവരിച്ചിരിക്കുകയാണ് അഹാന ഇപ്പോള്‍.
ഷോപ്പിങ് മാളില്‍ എത്തിയ അഹാനയും അമ്മയും ഇവിടെനിന്നുള്ള മടക്കയാത്രയ്ക്കാണ് യൂബര്‍ ബുക്ക് ചെയ്തത്. പറഞ്ഞ സമയത്ത് തന്നെയെത്തിയ കാറില്‍ പ്രവേശിച്ച ഇവര്‍ക്ക് പിന്നീട് ഡ്രൈവറില്‍ നിന്ന് മോശം പെരുമാറ്റമാണ് നേരിടേണ്ടിവന്നത്. പെയ്മെന്റ് കാര്‍ഡ് ആണോ ക്യാഷ് ആണോ എന്ന് ചോദിച്ചായിരുന്നു തുടക്കം. കാര്‍ഡ് ആണെന്ന് പറഞ്ഞതും അത് ക്യാഷ് ആക്കണമെന്ന് ആജ്ഞാപിക്കുകയായിരുന്നു അയാളെന്ന് അഹാന പറയുന്നു. തനിക്ക് പെട്രോള്‍ അടിക്കണമെന്നതായിരുന്നു അയാള്‍ പറഞ്ഞ ന്യായം. നോക്കട്ടെ എന്ന് പറഞ്ഞ് ഓപ്ഷന്‍ മാറ്റാന്‍ ശ്രമിച്ച അഹാനയോട് എനിക്ക് പെട്രോള്‍ അടിക്കണം നിങ്ങളുടെ കാര്‍ഡ് ഒന്നും എനിക്ക് വേണ്ട എന്നെല്ലാം പറഞ്ഞ് തട്ടിക്കേറുകയായിരുന്നു ഇയാള്‍.
യൂബര്‍ കാര്‍ഡ്, ക്യാഷ് ഓപ്ഷനുകള്‍ തന്നിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ ഇത് യൂബറിന്റെ വണ്ടിയല്ല എന്റെ വണ്ടിയാണ് എന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഒടുവില്‍ തന്റെ കാറില്‍ നിന്ന് ഇറങ്ങാന്‍ അയാള്‍ ആവശ്യപ്പെടുകയായിരുന്നെന്ന് അഹാന പറഞ്ഞു. 'ഇറങ്ങുമ്പോള്‍ കാറിന്റെ നമ്പര്‍ ഫോട്ടോ എടുക്കാന്‍ അമ്മ എന്നോട് പറഞ്ഞു. ഇതുകേട്ടയുടന്‍ അയാള്‍ ' എന്നാ കേറ് ഞാന്‍ കൊണ്ടുവിടാം' എന്നായി. അതിന്റെ ആവശ്യമില്ല എന്നുപറഞ്ഞ് ഞങ്ങള്‍ ഇറങ്ങി. മറ്റൊരു യൂബര്‍ ബുക്ക് ചെയ്ത് കാത്തുനില്‍ക്കുമ്പോള്‍ ഇതേ ഡ്രൈവര്‍ വീണ്ടും എത്തിയെന്നും കാറില്‍ കേറാന്‍ നിര്‍ബന്ധിച്ചെന്നും അഹാന പറയുന്നു.
യൂബര്‍ അധികൃതര്‍ക്ക് ഇതേക്കുറിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും അഹാന പറഞ്ഞു. ഇത്തരത്തിലൊരു സംഭവം ഒറ്റയ്ക്കുള്ള ദിവസങ്ങളില്‍ രാത്രി വൈകിയാണ് സംഭവിക്കുന്നതെങ്കില്‍ ആരാണെങ്കിലും പേടിക്കുമെന്നും യൂബര്‍ പോലൊരു കമ്പനിയുടെ വിശ്വാസ്യതയാണ് ഇത്തരത്തിലുള്ള സംഭവങ്ങളിലൂടെ നഷ്ടപ്പെടുന്നതെന്നും അഹാന പറഞ്ഞു. വിന്‍സെന്റ് എന്ന പേരുള്ള ഡ്രൈവറുടെ വണ്ടി ബുക്ക് ചെയ്ത സ്‌ക്രീന്‍ ഷോട്ട് സഹിതം അഹാന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചു. ഈ പേരിലുള്ള ആളുടെ വണ്ടി കണ്ടാല്‍ ഒരിക്കലും ബുക്ക് ചെയ്യരുതെന്നായിരുന്നു അഹാനയുടെ നിര്‍ദേശം. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണം വിഡിയോയിലൂടെ പങ്കുവയ്ക്കുകയായിരുന്നു താരം.