മലയാളികൾക്ക് ഏറെ സുപരിചിതനായ പിന്നണി ഗായകനാണ് വിജയ് യേശുദാസ്. തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തുളു , തെലുഗു എന്നീ ഭാഷകളിൽ നിരവധി ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും ഗായകനെ തേടി എത്തുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ എന്റെയും ഭാര്യ ദര്‍ശനയുടെയും വിവാഹം പ്രണയവിവാഹമായിരുന്നു എന്നും അപ്പയുടെ സുഹൃത്തിന്റെ മകളായിരുന്നു ദര്‍ശനയെങ്കിലും തനിക്ക് വലിയ പരിചയമൊന്നുമുണ്ടായിരുന്നില്ലെന്ന് ജെബി ജെംഗക്ഷന്‍ പരിപാടിയില്‍ വിജയ് തുറന്ന് പറഞ്ഞിരിക്കുകയാണ്.
4 വര്‍ഷത്തെ പ്രണയത്തിന് ശേഷമായാണ് വിവാഹിതരായത്. തന്റെ പാട്ട് കേട്ട് കൊണ്ടല്ല ഭാര്യ വീണത്. അതിന് മുന്‍പൊന്നും തന്റെ പാട്ട് കേട്ടിരുന്നില്ല. അപ്പയ്ക്ക് ദര്‍ശനയുടെ അമ്മയെ 5 വയസ്സ് മുതല്‍ അറിയാം. കുടുംബങ്ങള്‍ തമ്മില്‍ പരിചയമുണ്ട്. എന്നാല്‍ ഞാന്‍ ദര്‍ശനയെ ആദ്യമായി കണ്ടത് വാലന്റൈന്‍സ് ഡേയുടെ അന്നാണ്. അപ്പയ്ക്കും ചിത്രച്ചേച്ചിക്കുമൊപ്പം ഷാര്‍ജയില്‍ പരിപാടിയുണ്ടായിരുന്നു. അന്നാണ് ആദ്യമായി ദര്‍ശനയെ കണ്ടത്.
അന്ന് ഫുഡ് പോയിസണൊക്കെ അടിച്ച് ക്ഷീണത്തോടെയാണ് ബാക്ക് സ്‌റ്റേജില്‍ വരുന്നത്. വിനോയ് , വീണ ഈ രണ്ട് സുഹൃത്തുക്കളും അന്ന് പരിപാടിക്കുണ്ടായിരുന്നു. മുന്‍പൊരു പരിപാടിക്ക് പോയപ്പോഴാണ് അവരുമായി സൗഹൃദത്തിലായത്. ദാസേട്ടന്റെ മകനാണെന്ന ജാഡയൊന്നുമില്ല. ഭയങ്കര ഡൗണ്‍ റ്റു എര്‍ത്താണ്. അവര്‍ എന്നെക്കുറിച്ച് ദര്‍ശനയോട് കുറേ സംസാരിച്ചിരുന്നു. ഞാന്‍ ഡ്രസിംഗ് റൂമിലേക്ക് വരുമ്പോള്‍ അവര്‍ ദൂരെ ഇരിക്കുന്നത് കണ്ടിരുന്നു. സുഖമില്ലാത്തതിനാല്‍ അവരെയൊന്നും ശ്രദ്ധിക്കാതെ നേരെ റൂമിലേക്ക് കയറുകയായിരുന്നു.
ഭയങ്കര ജാഡയാണല്ലോയെന്നായിരുന്നു ദര്‍ശനയുടെ റിയാക്ഷന്‍. നിങ്ങള്‍ എന്തൊക്കെയാണ് പറഞ്ഞതെന്നൊക്കെയായിരുന്നു ചോദിച്ചത്. ആദ്യ ഗാനം കഴിഞ്ഞതിന് ശേഷം അപ്പ അവരുടെ കുടുംബത്തെ പരിചയപ്പെടുത്തി തന്നിരുന്നു. അപ്പോഴും വലിയ താല്‍പര്യത്തോടെയായിരുന്നില്ല ഞാന്‍ നിന്നിരുന്നത്. എനിക്ക് എന്തൊരു ജാഡയാണെന്നായിരുന്നു ദര്‍ശന കരുതിയത്. ഞാന്‍ വയ്യാണ്ടായി സൈഡായിരിക്കുകയാണെന്ന് അവര്‍ക്കറിയില്ലല്ലോ. യാത്ര പറഞ്ഞ് പോരുന്നതിനിടയില്‍ എല്ലാവരേയും കെട്ടിപ്പിടിച്ചിരുന്നു. ലാസ്റ്റ് വന്നാണ് ദര്‍ശനയ്ക്ക് കൈ കൊടുത്തത്.
അന്ന് എനിക്ക് 22 വയസ്സായിരുന്നു. സാരിയിലാണ് ആദ്യമായി ദര്‍ശനയെ കണ്ടത്. അതിനാല്‍ 20, 21 വയസ്സൊക്കെയുണ്ടാവുമെന്നായിരുന്നു കരുതിയത്. അതിന് ശേഷം ദര്‍ശനയും ഫാമിലിയും ഞങ്ങള്‍ താമസിച്ച ഫ്‌ളാറ്റിലേക്ക് അപ്പയേയും അമ്മയേയും കാണാനായി വന്നിരുന്നു. ആരാണ് വന്നതെന്നറിയാനായുള്ള ആകാംക്ഷയിലായിരുന്നു. നമ്മളെ കാണാനായി ആരോ വന്നത് പോലെയായിരുന്നു തോന്നിയത്. ദര്‍ശനയുടെ അച്ഛനേയും അമ്മയേയുമൊന്നും മുന്‍പ് അങ്ങനെ പരിചയപ്പെട്ടിരുന്നില്ല.
ജീന്‍സും ടീഷര്‍ട്ടുമൊക്കെയായിരുന്നു അന്നത്തെ വേഷം. സാരിയില്‍ കണ്ടയാളെ പെട്ടെന്ന് മറ്റൊരു രൂപത്തില്‍ കണ്ടപ്പോള്‍ സ്റ്റക്കായി. വയസ്സ് ചോദിച്ചാലോയെന്ന് ചിന്തിച്ചിരുന്നു. അതിന് ശേഷമാണ് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചത്. 17 എത്തുന്നതേയുള്ളൂവെന്നായിരുന്നു അന്ന് മനസ്സിലാക്കിയത്. ഇന്ന് പരിപാടിക്ക് വരുന്നുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ചിലപ്പോള്‍ വരാന്‍ സാധ്യതയുണ്ടെന്നായിരുന്നു പറഞ്ഞത്. അന്നും സാരിയണിഞ്ഞായിരുന്നു വന്നത്. അടുത്തിടപഴകാനുള്ള അവസരമായിരുന്നു ലഭിച്ചത്.
രണ്ട് ദിവസം കൂടെ അവിടെ നില്‍ക്കേണ്ടതായി വന്നിരുന്നു. അപ്പ നേരത്തെ പോയിരുന്നു. അന്ന് ഫ്രണ്ട്‌സിന്റെ കൂടെ പുറത്തൊക്കെ പോയിരുന്നു. വിനോയിന്റെ കൂടെ ദര്‍ശനയും വന്നിരുന്നു. അതിന് ശേഷം വലിയ കോണ്ടാക്‌റ്റൊന്നുമുണ്ടായിരുന്നില്ല. തിരിച്ച് ഇന്ത്യയിലേക്ക് വന്ന് ഒരു മാസത്തിന് ശേഷമാണ് അപ്പയ്ക്ക് ഫോണ്‍ ലഭിച്ചത്. ആ ഫോണില്‍ നിന്നും ആദ്യ എസ്എംഎസ് അയച്ചത് ദര്‍ശനയ്ക്കായിരുന്നു. മുന്‍പ് ഒരു ഇമെയില്‍ അയച്ചിരുന്നു. അവിടെ തന്നെ നിന്നുവെന്നത്.
എന്തോ ഒരു സ്പാര്‍ക്ക് രണ്ടാള്‍ക്കും ഉണ്ടായിരുന്നു. രക്ഷിതാക്കള്‍ക്കും അത് സന്തോഷമായിരുന്നു. എന്റെ മോള്‍ടെ ഡിഗ്രി കഴിയാതെ വിവാഹമില്ലെന്നായിരുന്നു ദര്‍ശനയുടെ ഫാദര്‍ പറഞ്ഞത്. എനിക്കും സമയം വേണമായിരുന്നു. 2007 ലായിരുന്നു വിവാഹം. അതിന് ശേഷമാണ് കോലക്കുഴല്‍ വിളിയെന്ന പാട്ടൊക്കെ വരുന്നത്. ജീവിതത്തില്‍ ഏറെ സന്തോഷിച്ചത് വിവാഹത്തിന്റെ അന്നായിരുന്നു. ആദ്യത്തെ വെഡ്ഡിങ് ആനിവേഴ്‌സറിയുടെ അന്നാണ് എനിക്ക് മികച്ച ഗായകനുള്ള അവാര്‍ഡ് ലഭിച്ചത്. 7 വര്‍ഷമെടുത്താണ് അവാര്‍ഡ് ലഭിച്ചത്. അത് സമ്മാനിച്ചത് വിവാഹ വാര്‍ഷിക ദിനത്തിന്റെ അന്നായിരുന്നു.