മലയാള സിനിമയിലെ മസില്‍മാന്‍ എന്ന് അറിയപ്പെടുന്ന താരമാണ് ഉണ്ണി മുകുന്ദന്‍. നിരവധി ആരാധകരുളള താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കരായി എത്തിയ താരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയോട് വളരെയേറെ ആത്മാര്‍ത്ഥയുളള താരം തന്റെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകാനും തയ്യാറാകാറുണ്ട്. ഇപ്പോള്‍ ലോക്ഡൗണില്‍ സിനിമാ തിരക്കുകള്‍ക്ക് അവധി നല്‍കി ഒറ്റപ്പാലത്തെ വീട്ടിലാണ് ഇപ്പോള്‍ ഉണ്ണി മുകുന്ദനുള്ളത്. ഇവിടെ നിന്നുള്ള ഒരു സങ്കടകാഴ്ച ഇപ്പോള്‍ ഉണ്ണി പങ്കുവച്ചിരിക്കയാണ്.
ഒറ്റപ്പാലത്ത് ഈ അടുത്ത കാലത്താണ് ഉണ്ണി വീടുപണിതത്. സമീപത്ത് തന്നെ കൃഷിയിടവും പൂന്തോട്ടവുമെല്ലാമുള്ള മനോഹരമായ വീടാണ് ഇത്. ഉണ്ണിയുടെ മാതാപിതാക്കളും വളര്‍ത്തുനായ്ക്കളുമെല്ലാം വീട്ടിലുണ്ട്. ഇവരുമായി സമയം ചിലവിടുകയാണ് താരം. പുസ്തകങ്ങള്‍ വായിച്ചും സിനിമകള്‍ കണ്ടും ഇതുവരെ ചെയ്യാത്ത വീട്ടുജോലികളും ചെയ്തുമാണ് താരം ലോക്ഡൗണ്‍ ആസ്വദിക്കുന്നത്. വീടിനും സമീപത്ത് തന്നെയാണ് ഉണ്ണി മുകുന്ദന്റെ അച്ഛന്റെ കൃഷിയിടം. ഇവിടെ കൃഷി ചെയ്യുന്ന ജൈവപച്ചക്കറികളാണ് തന്റെ വീട്ടില്‍ ഉപയോഗിക്കുന്നത് എന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്തില്‍ ജോലിയുണ്ടായിരുന്ന അച്ഛന്‍ നാട്ടിലെത്തിയ ശേഷം ഫുള്‍ടൈം കര്‍ഷകനായി മാറിക്കഴിഞ്ഞു. അച്ഛന്റെ കൃഷി കണ്ട് ഉണ്ണിയും ലോക്ഡൗണ്‍ ദിവസങ്ങളില്‍ പറമ്പിലിറങ്ങിയെങ്കിലും അധികം വൈകാതെ പിന്‍മാറുകായിരുന്നു. ഇതിനെക്കാള്‍ എളുപ്പം ജിമ്മില്‍ വെയ്റ്റ് എടുക്കുന്നതായിട്ടാണ് തനിക്ക് തോന്നിയത് എന്നാണ് ഉണ്ണി വെളിപ്പെടുത്തിയത്.
എന്നാലിപ്പോള്‍ കൃഷിക്ക് നാശം സംഭവിച്ചിരിക്കയാണ് എന്നാണ് ഉണ്ണി പറയുന്നത്. മഴയത്തും കാറ്റത്തും പറമ്പില്‍ നട്ട വാഴകളും മറ്റ് കൃഷികളും നശിച്ചതിന്റെ വീഡിയോയും ഉണ്ണി പങ്കുവച്ചിട്ടുണ്ട്. അങ്ങനെ കൃഷിയുടെ കാര്യത്തില്‍ ഒരു തീരുമാനം ആയെന്നും ഇവിടെ വാഴ വാഴില്ലെന്ന് തോന്നുന്നുവെന്നുമാണ് ഉണ്ണി വീഡിയോക്ക് അടിക്കുറിപ്പ് നല്‍കിയത്. നിരവധി പേരാണ് കഷ്ടമായിപ്പോയി എന്ന് പറഞ്ഞ് കമന്റിട്ടത്. കൂട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് നടി സ്വാസികയുടെ കമന്റാണ്. അയ്യോ എന്നാണ് സ്വാസിക കമന്റിട്ടത്. മുമ്പ് സ്വാസികയുടെയും ഉണ്ണിയുടെയും പേര് ചേര്‍ത്ത് ഗോസിപ്പുണ്ടായിരുന്നതിനാല്‍ തന്നെ ആരാധകര്‍ ഈ കമന്റ് ഏറ്റെടുത്തിരിക്കയാണ്. ചേച്ചിക്കെന്താ ചേട്ടന്റെ വീട്ടിലെ വാഴയല്ലേ എന്നും. ഞങ്ങള്‍ക്ക് എല്ലാം മനസിലാവുന്നുണ്ടെന്നുമൊക്കെ കമന്റുകള്‍ എത്തുന്നുണ്ട്.