മലയാളസീരിയല്‍ ലോകത്തിനെ സങ്കടത്തിലാഴ്ത്തി സിനിമ-സീരിയല്‍ താരം റാംമോഹന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 68 കാരനായ റാം ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ മരിച്ചത്. അതേസമയം തങ്ങളുടെ സഹപ്രവര്‍ത്തകന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സീരിയല്‍ ലോകം ഒന്നടങ്കം റാം മോഹന്റെ വീട്ടിലെത്തി.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ട്രിവാന്‍ഡ്രം ക്ലബ്ബിലെ ഒരു ചടങ്ങില്‍ പങ്കെടുക്കവേ നെഞ്ചുവേദന അനുഭവപ്പെട്ട് റാം മോഹനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ഹൃദയസ്തംഭനത്തെ തുടര്‍ന്ന് കോമയിലായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പക്ഷാഘാതവും സംഭവിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയെങ്കിലും ഇന്ന് രാവിലെ റാംമോഹന്‍ വിടപറയുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിന് സമീപത്തുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം വൈകുന്നേരം 4.30-ന് തൈയ്ക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരം നടക്കും
അതേസമയം റാം മോഹന്റെ അപ്രതീക്ഷിത വിടവാങ്ങല്‍ സീരിയല്‍ ലോകത്തിന് ആകെ ഞെട്ടലായിരിക്കുകയാണ്. റാം മോന്റെ വിടവാങ്ങല്‍ വിശ്വസിക്കാനാകുന്നില്ലെന്ന് നടന്‍ കിഷോര്‍ സത്യ പ്രതികരിച്ചു. ഊര്‍ജ്ജസ്വലനായ നടനായിരുന്നു റാം എന്നും ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നതിന് രണ്ടു ദിവസം മുമ്പ് വരെ തന്നോടൊപ്പം അഭിനയിച്ച റാം ആശുപത്രിയില്‍നിന്നും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിച്ചതെന്നും കിഷോര്‍ പറഞ്ഞു.
അമൃത ടിവിയിലെ ക്ഷണപ്രഭാചഞ്ചലം എന്ന സീരിയയിലാണ് റാം മോഹന്‍ അവസാനമായി അഭിനയിച്ചത്. ബാലന്‍ പിള്ള എന്ന ഈ സിരിയലിലെ കഥാപാത്രം അഭിനയിച്ചത് ഇന്ന് സംപ്രേക്ഷണം ചെയ്യാനിരിക്കവേയാണ് റാം മോഹന്റെ വിയോഗമെന്നത് സീരിയല്‍ ലോകത്തിനാകെ വേദനയായി മാറി. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറാകുന്ന നടനായ റാം മോഹന്‍ ബന്ധങ്ങള്‍ക്ക് വില കൊടുക്കുന്ന വ്യക്തിയുമായിരുന്നു എന്ന് ക്ഷണപ്രഭാഞ്ചലത്തിന്റെ തിരക്കഥാകൃത്ത് ഗിരീഷ് ഓലിക്കര പ്രതികരിച്ചു.
അയലത്തെ സുന്ദരി, ശിവകാമി, കഥയിലെ രാജകുമാരി തുടങ്ങിയ സീരിയലിലും ചില സിനിമകളിലും റാം മോഹന്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.