സുശാന്തിനു വേണ്ടി വിര്‍ച്വല്‍ ലോകത്ത് കണ്ണീര്‍ പൊഴിക്കുകയും സംസാരിക്കുകയും ചെയ്യുന്ന സെലിബ്രിറ്റികളെ വിമര്‍ശിച്ച് എം ഡി സുഹൃത്തും മാധ്യമപ്രവര്‍ത്തകയും റെയിന്‍ഡ്രോപ് മീഡിയ സ്ഥാപകയുമായ രോഹിണി അയ്യര്‍ രംഗത്ത്. വ്യക്തിപരമായ ചിലരുടെ അജണ്ട നടപ്പാക്കുന്നതിനു സുശാന്തിന്റെ മരണത്തെ ഇക്കൂട്ടര്‍ ഉപയോഗിക്കുകയാണെന്ന് രോഹിണി തുറന്ന് പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു കുറിപ്പിലൂടെയാണ് രോഹിണി ഇക്കാര്യങ്ങൾ തുറന്ന് പറയുന്നത്.
സുശാന്ത് ഒരു പോരാളിയായിരുന്നു. നിങ്ങളുടെ കൂട്ടത്തില്‍പ്പെടാന്‍ അയാള്‍ ഒരിക്കലും ആഗ്രഹിച്ചില്ല. അയാള്‍ എപ്പോഴും പുറത്തു പോയ പുകഞ്ഞ കൊള്ളിയായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് സിനിമയ്ക്കു പുറത്ത് ഒരു ജീവിതം ഉണ്ടായിരുന്നത്. സിനിമ അയാളുടെ ജീവിതത്തിലെ ചെറിയൊരു ഭാഗം മാത്രമായിരുന്നു. അതല്ലാതെ ഒരുപാടു ലോകങ്ങള്‍ അയാള്‍ക്കുണ്ടായിരുന്നു.
''വിജയം സുശാന്തിന് ഒരു വിഷയമേ ആയിരുന്നില്ല. അയാള്‍ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. സമപ്രായക്കാരായ പല താരങ്ങളെക്കാള്‍ സൂപ്പര്‍ഹിറ്റുകള്‍ നല്‍കിയ അഭിനേതാവാണ് സുശാന്ത്. എന്നാല്‍ 100 കോടി ക്ലബിനെക്കുറിച്ച് അയാള്‍ ആകുലപ്പെട്ടില്ല. അത്തരമൊരു ക്ലബില്‍ സ്ഥാനം പിടിക്കാനോ മത്സരയോട്ടത്തിന്റെ ഭാഗമാകാനോ സുശാന്ത് ശ്രമിച്ചില്ല. പുരസ്കാരങ്ങളുടെ പിന്നാലെ പോയില്ല. ഇരുന്ന് ബോറടിച്ചിട്ടാണ് ഒരു പുരസ്കാര നിശയില്‍ നിന്ന് സുശാന്ത് ഇറങ്ങിപ്പോന്നത്. മികച്ച നടനായി സുശാന്തിന്റെ പേര് പ്രഖ്യാപിക്കുന്നതിന് മുന്‍പെ ആയിരുന്നു ആ ഇറങ്ങിപ്പോക്കെന്ന് ഓര്‍ക്കണം. അദ്ദേഹത്തിന്റെ താല്‍പര്യവും ശ്രദ്ധയും നേടാന്‍ വെറുമൊരു പ്രശസ്തതിഫലകത്തേക്കാള്‍ കൂടുതലായി എന്തെങ്കിലും വേണമായിരുന്നു.
''സുശാന്തിന്റെ നേട്ടങ്ങള്‍ എണ്ണമറ്റതാണ്. ക്വാണ്ടം ഫിസിക്സ് പോലെ ലളിതമായിരുന്നു അയാള്‍. സമാനതകളില്ലാത്ത പ്രതിഭാശാലി. സാര്‍ത്രേയും നീഷെയും വായിക്കുന്ന വ്യക്തി. ജ്യോതിശാസ്ത്രവും നിസംഗതാവാദവും പഠിച്ചിരുന്ന ഒരാള്‍. അദ്ദേഹം കവിതയെഴുതി. ഗിറ്റാര്‍ വായിച്ചു. വലതു കൈ കൊണ്ടും ഇടതു കൈ കൊണ്ടും എഴുതി. പ്രകൃതിയെ സ്നേഹിച്ചു. ചൊവ്വയില്‍ പോകാന്‍ കൊതിച്ചു.
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കെന്ന പോലെ സയന്‍സ് പ്രൊജക്ടുകള്‍ക്കും അദ്ദേഹം പണം ചെലവഴിച്ചു. അതുകൊണ്ട്, നിങ്ങളുടെ പരിമിതമായ അറിവുകളിലേക്ക് സുശാന്തിനെ ചെറുതാക്കരുത്... നിങ്ങളുടെ അജന്‍ഡ നടപ്പാക്കുന്നതിലേക്ക് അദ്ദേഹത്തിന്റെ കഴിവുകളെ പരിമിതപ്പെടുത്തരുത്''.
സുശാന്തിന്റെ അപ്രതീക്ഷിത വിയോഗത്തോടെ ഞെട്ടിപ്പിക്കുന്ന പിന്നാമ്പുറക്കഥകളാണ് ബോളിവുഡില്‍ നിന്നുയരുന്നത്. സുശാന്തിന്റെ കരിയര്‍ ഇല്ലാതാക്കാന്‍ പ്രമുഖ നിര്‍മാണ കമ്പനി ശ്രമിച്ചെന്നും അതുമൂലമുണ്ടായ വിഷാദമാണ് താരത്തിന്റെ ജീവനെടുത്തതെന്നും ആരോപണമുയര്‍ന്നു. ഇത്തരം ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് രോഹിണി അയ്യരുടെ ഈ വെളിപ്പെടുത്തല്‍.