സിനിമയും യഥാര്‍ത്ഥ ജീവിതവും രണ്ടാണെന്നും, അതിനാല്‍ വസ്ത്രധാരണ രീതിയും അതിനനുസരിച്ച് മാറ്റണമെന്നും നടന്‍ സുമന്‍. നടിമാരുടെ വസ്ത്രധാരണം സംബന്ധിച്ചുള്ള നടന്‍ ശിവജിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സുമന്റെ പരാമര്‍ശങ്ങള്‍. ശിവജിയുടെ ആശങ്കകള്‍ ശരിയായിരിക്കാമെന്നും, എന്നാല്‍ അദ്ദേഹം അത് പ്രകടിപ്പിച്ച രീതിയും ഉപയോഗിച്ച വാക്കുകളും തെറ്റായിപ്പോയെന്നും സുമന്‍ വ്യക്തമാക്കി.
സില്‍ക്ക് സ്മിത, ജയമാലിനി, വിജയലളിത തുടങ്ങിയ നടിമാര്‍ സ്‌ക്രീനില്‍ ഗ്ലാമറസ് വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും, യഥാര്‍ത്ഥ ജീവിതത്തില്‍ വളരെ ലളിതവും മാന്യവുമായ വസ്ത്രങ്ങള്‍ ധരിച്ചവരായിരുന്നു. ആധുനികകാലത്തെ നടിമാര്‍ ഈ വ്യത്യാസം തിരിച്ചറിയണം. പഴയകാല നടിമാര്‍ക്ക് വസ്ത്രധാരണത്തില്‍ മികച്ച അച്ചടക്കം ഉണ്ടായിരുന്നുവെന്നും, എവിടെ എങ്ങനെ പെരുമാറണമെന്ന് അവര്‍ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്നും സുമന്‍ ചൂണ്ടിക്കാട്ടി. ഏത് വസ്ത്രമാണ് എവിടെ ഉചിതമെന്നും എവിടെ അല്ലാ എന്നും അവര്‍ക്ക് വ്യക്തമായി അറിയാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുമ്പ്, ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കരുതെന്നും സാരിയോ അല്ലെങ്കില്‍ ശരീരം മുഴുവനായി മൂടുന്ന വസ്ത്രങ്ങളോ ധരിക്കാനുമായിരുന്നു ശിവജി നായികമാരോട് അഭ്യര്‍ത്ഥിച്ചത്. മുഴുവനായി മൂടുന്ന വസ്ത്രത്തിലോ സാരിയിലോ ആണ് സൗന്ദര്യമെന്നും ശരീരഭാഗങ്ങള്‍ തുറന്നുകാണിക്കുന്നതിലല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഈ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തതോടെ ശിവജി മാപ്പ് പറയുകയും ചെയ്തിരുന്നു.