ഹാസ്യത്തിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ചിട്ടുള്ള താരമാണ് രമേശ് പിഷാരടി. 2008-ൽ പുറത്തിറങ്ങിയ 'പോസിറ്റീവ്' എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് ചുവട് വച്ചത്. എന്നാൽ ഇപ്പോൾ താരം സംവിധായകന്റെ റോളിലും തിളങ്ങുകയാണ്. മുന്നില്‍ നിന്ന് പെര്‍ഫോം ചെയ്യുന്നവര്‍ക്ക് പോലും എട്ടിന്റെ പണി കൊടുക്കാറുള്ള പിഷാരടി തന്റെ കല്യാണ ചരിത്രത്തിന്റെ രസകരമായ ഒരു അനുഭവത്തെക്കുറിച്ച് ഒരു മാധ്യമത്തിലൂടെ തുറന്ന് പറയുകയാണ് ഇപ്പോൾ.
'പെണ്ണുകാണല്‍ നടത്തിയതിന് പിന്നാലെ സൗമ്യയുടെ വീട്ടുകാര്‍ എന്നെപ്പറ്റിയുള്ള അന്വേഷണവും തുടങ്ങിയിരുന്നു. എന്റെ നാടായ വെള്ളൂരില്‍ വന്നു അന്വേഷണം നടത്തനായിരുന്നു അവരുടെ പരിപാടി. അവരെല്ലാം പൂനൈയിലായത് കൊണ്ട് സൗമ്യയുടെ അച്ഛന്‍ നാട്ടിലുള്ള ബന്ധുവായ ഒരു പാര്‍ട്ടിക്കാരനെയാണ് എന്നെപ്പറ്റി അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്. എന്നെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടിക്കാരന്‍ വന്നതാകട്ടെ എന്റെ അടുക്കലും.
നാട്ടിലെ എറ്റവും നല്ല ചെറുപ്പക്കാരനാണെന്നും വളരെ നല്ല സ്വഭാവക്കാരനാണെന്നുമൊക്കെ ഞാന്‍ എന്നെപ്പറ്റി തന്നെ അയാളോട് പറഞ്ഞു. എന്റെ പൊക്കി പറയലെല്ലാം പാവം പാര്‍ട്ടിക്കാരന്‍ വിശ്വസിച്ചു. അയാള്‍ അതെല്ലാം അത് പോലെ തന്നെ സൗമ്യയുടെ അച്ഛനെ അറിയിച്ചു. അതോടെ ലോകത്തിലെ ഏറ്റവും നല്ല മരുമകനെ കിട്ടിയെന്ന വിശ്വാസത്തില്‍ സൗമ്യയുടെ അച്ഛന്‍ ഈ കല്യാണം ഉറപ്പിച്ചു'.