മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയും നർത്തകിയുമാണ് പാരിസ് ലക്ഷ്മി. സ്ത്രീകളുടെ സ്വപ്‌നങ്ങള്‍ക്കു വേണ്ടി പുരുഷന്മാരും ത്യാഗം ചെയ്യണമെന്ന് ഇപ്പോൾ താരം തുറന്ന് പറയുകയാണ്. ത്യാഗം നല്ലതാണെന്നും, എന്നാല്‍ അത് എപ്പോഴും സ്ത്രീകള്‍ ചെയ്യണ്ടതാണ് എന്ന് തനിക്ക് അഭിപ്രായമില്ലെന്നും ലക്ഷ്മി മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തുന്നു.
ത്യാഗം നല്ലതാണ്. പക്ഷേ എപ്പോഴും വേണ്ടെന്നാണ് എന്റെ അഭിപ്രായം. പുരുഷന്മാരും ത്യാഗം ചെയ്യണം. സ്ത്രീകള്‍ക്ക് വേണ്ടി. അവരുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടി. അതിന്റെ സാഫല്യത്തിന് വേണ്ടി. സ്ത്രീകളുടെ ത്യാഗം വ്യക്തിത്വത്തെ മറക്കും എങ്കില്‍ ഒരു പുരുഷന്റെ സ്ത്രീക്ക് വേണ്ടി ഉള്ള ത്യാഗം അവളെ ഉന്നതങ്ങളില്‍ എത്തിക്കും.
സ്ത്രീകളോട് വളരെ ആത്മവിശ്വാസത്തോടുകൂടി ജീവിക്കണമെന്നും, ദുര്‍ബലരാണ് എന്നുള്ള ചിന്ത വെടിഞ്ഞ് ഉള്ളിലെ ശക്തിയെ തിരിച്ചറിഞ്ഞ് ജീവിക്കണമെന്നും ലക്ഷ്മി പറയുന്നു. 'ഒരിക്കലും പുരുഷന്മാരേക്കാള്‍ കഴിവ് കുറഞ്ഞവര്‍ ആണെന്നുള്ള ചിന്ത അരുത്. സ്ത്രീകള്‍ക്ക് സ്വപ്നങ്ങള്‍ ഉണ്ടാകണം. അഭിനിവേശം ഉണ്ടാകണം. ഭാവിയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാകണം. സ്ത്രീകളും എല്ലാം അര്‍ഹിക്കുന്നു എന്ന് തിരിച്ചറിയണം'. പാരിസ് ലക്ഷ്മി എന്ന വിളിപ്പേര് ഇഷ്ടമാണെങ്കിലും കേരളത്തിന്റെ ലക്ഷ്മിയായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും ലക്ഷ്മി അഭിമുഖത്തില്‍ പറയുന്നു.