മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഇടവേള ബാബു. ചെറുതും വലുതമായ നിരവധി കഥാപാത്രങ്ങൾ താരം പ്രേക്ഷകർക്കായി സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. താരത്തിന്റെ അമ്മയുടെ വിയോഗ വാര്‍ത്ത കഴിഞ്ഞ ആഗസ്റ്റ് 26 നായിരുന്നു പുറത്ത് വരുന്നത്. എന്നാൽ ഇപ്പോൾ അമ്മയെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറയുകയാണ് നടൻ.
അമ്മയുടെ പിറന്നാള്‍ മരണത്തിന്റെ തലേ ദിവസമായിരുന്നു. കേക്കൊക്കെ മുറിച്ച് ആഘോഷത്തോടെയാണ് ഞങ്ങള്‍ മക്കള്‍ക്കും കൊച്ചു മക്കള്‍ക്കുമൊപ്പം ഉറങ്ങാന്‍ കിടന്നത്. പുലര്‍ച്ചെ ഒരു മണിയോടെ ടോയിലെറ്റില്‍ പോയി തിരിച്ച് വരുമ്പോള്‍ കട്ടിലിനരികില്‍ കുഴഞ്ഞ് വീണു കിടക്കുകയായിരുന്നു അമ്മ. ശബ്ദം കേട്ട ഉടൻ തന്നെ സഹോദരന്‍ ജയചന്ദ്രന്‍ എത്തുകയും ചെയ്‌തു. പത്ത് മിനുറ്റിനുള്ളില്‍ അമ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമായിരുന്നു അമ്മയുടെ മരണകാരണം. അമ്മയായിരുന്നു എന്റെ ലോകം.
ഞാനിങ്ങനെ അവിവാഹിതനായി കഴിയുന്നു എന്നതായിരുന്നു അമ്മയുടെ ആകെയുള്ള വിഷമം. അത് സംഭവിക്കാതെ പോയത് വ്യക്തിപരമായ കാരണങ്ങളാല്‍ എന്ന് പറഞ്ഞാല്‍ മതിയല്ലോ. എന്നാലും അമ്മയ്ക്ക് ഞാന്‍ നല്ല മകനായിരുന്നു എന്നാണ് എന്റെ വിശ്വാസം. അമ്മ അടുത്തിടെയായി ഞാന്‍ എപ്പോഴും അടുത്ത് വേണം എന്ന് ആഗ്രഹിച്ചിരുന്നു. അമ്മയുടെ ആ ആഗ്രഹവും ലോക്ഡൗണ്‍ ആയതോടെ നിറവേറ്റാന്‍ കഴിഞ്ഞു. പിറന്നാള്‍ ആഘോഷം കഴിഞ്ഞാണ് അമ്മ പോയത്. പതിവില്‍ കൂടുതല്‍ ചിത്രങ്ങള്‍ ആയിരുന്നു ഇത്തവണ അമ്മയുടെ ജന്മദിനാഘോഷത്തിന് പകര്‍ത്തിയിരുന്നു.
എന്റെ മനസില്‍ ഇനി ഒരു പിറന്നാള്‍ ആഘോഷത്തിന് അമ്മ ഉണ്ടായില്ലെങ്കിലോ എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു. അത് സത്യമായപ്പോള്‍ എന്തോ മനസില്‍ ഒരു വല്ലാത്തൊരു വിങ്ങല്‍. 25-ാം തീയ്യതിയായിരുന്നു അമ്മയുടെ പിറന്നാള്‍. അന്നായിരുന്നു അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി. അതിനാല്‍ എനിക്ക് അമ്മയോടൊപ്പം ഊണ്‍ കഴിക്കാന്‍ എനിക്ക് സാധിക്കാതെ പോകുകയും ചെയ്‌തു. അമ്മയെ കണക്ട് ചെയ്യാന്‍ ഇക്കാര്യം പങ്കുവെച്ചപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു. ലാലേട്ടനും ജയസൂര്യയും ഹണി റോസും രചന നാരായണന്‍കുട്ടിയും അമ്മയുമായി വീഡിയോ കോളില്‍ സംസാരിച്ചു. അമ്മയ്ക്ക് അത് വലിയ സന്തോഷമായി. അമ്മയുമായി ലാലേട്ടന്‍ ലോക്ഡൗണ്‍ കാലത്തും സംസാരിച്ചിട്ടുണ്ട്.
ഒരു സംഗീത അധ്യാപക എന്ന നിലയില്‍ അമ്മയ്ക്ക് അതുപോലെ ദാസേട്ടനും സുജാത ചേച്ചിയുമൊക്കെ എനിക്ക് അയച്ച വോയിസ് ക്ലിപ്പ് കേട്ട് എന്നെ കുറിച്ച് വലിയ അഭിമാനം തോന്നിയെന്നും പറഞ്ഞിരുന്നു. എന്റെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ അംഗീകാരമായിരുന്നു. എല്ലാവരെയും മനസ് തുറന്ന് അമ്മ സ്‌നേഹച്ചിരുന്ന ആളാണ്. അച്ഛനും ഒരു കലാസ്‌നേഹിയായിരുന്നു. പോലീസില്‍ ആയിരുന്ന അച്ഛന്‍ എങ്കിലും പിന്നീട് പന്ത്രണ്ട് വര്‍ഷത്തോളം പാറമേക്കാവ് ദേവസ്വത്തിന്റെ മാനേജരായി ജോലി നോക്കിയിരുന്നു. കലാകാരന്മാര്‍ ആനയും പൂരവും ഒക്കെയായി നിറഞ്ഞ് നിന്ന വീടാണ് എന്റേത്.
അമ്മയില്‍ നിന്നുമാണ് ഗുരുനാഥന്മാരെ ബഹുമാനിക്കാന്‍ ഞാന്‍ പഠിച്ചത്. സാമ്പത്തിക നേട്ടത്തിനായി കല ഒരിക്കലും അമ്മ ഉപയോഗിച്ചിട്ടില്ല. വെറും അഞ്ച് രൂപ കൈനീട്ടം വാങ്ങിയാണ് അടുത്ത കാലം വരെ അമ്മ ഡാന്‍സ് പഠിപ്പിച്ചിരുന്നത്. കലയ്ക്ക് കണക്ക് പറയരുത് മക്കളേന്ന് ഞാന്‍ ചില സിനിമകളുടെ പ്രതിഫലക്കാര്യം സംസാരിക്കുമ്പോള്‍, അമ്മ പറയും. പലപ്പോഴും ഞാനും അതിനാല്‍ തര്‍ക്കിക്കാറില്ല എന്നും താരം പറയുന്നു.