കമ്മട്ടിപ്പാടം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ നടൻ മണികണ്ഠന്‍ ആചാരി വിവാഹിതനായി. കൊറോണ വ്യാപനത്തെ തുടർന്ന് തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ വച്ച് നടന്ന ലളിതമായ വിവാഹച്ചടങ്ങിൽ ഏറെ ആളുകള്‍ പങ്കെടുത്തിരുന്നില്ല. മരട് സ്വദേശിനി അഞ്ജലിയേയാണ് താരം ജീവിത സഖിയാക്കിയിരിക്കുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയം ആറ് മാസങ്ങൾക്ക് മുന്നേ ആയിരുന്നു നടന്നിരുന്നത്. എന്നാൽ ഇപ്പോൾ താരം ലോക്ഡൗണിന്റെ ഭാഗമായി തുണിക്കടകള്‍ പൂട്ടിക്കിടന്നപ്പോള്‍ വിവാഹത്തിന് സാരിയും മുണ്ടും ഷര്‍ട്ടുമൊക്കെ സംഘടിപ്പിച്ചത് തന്റെ ആശാന്‍ രാജീവ് രവിയായിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.
'വീട്ടിലും സ്റ്റോക്കുള്ള വ്യാപാരികളെ അദ്ദേഹത്തിന് അറിയാമായിരുന്നു, അവരുടെ വീട് അദ്ദേഹത്തിന്റെ വീട്ടിനടുത്തായിരുന്നു. അവിടെ നിന്നാണ് വസ്ത്രങ്ങള്‍ ലഭിച്ചത്. അത് വലിയ അനുഗ്രഹമായിരുന്നു. വിവാഹത്തിന് മേക്കപ്പ് ചെയ്തത് റോണക്സ് ആണ്. അങ്ങനെ ഒരുപാട് പേര്‍ സഹായിച്ചു.'എന്നും മണികണ്ഠൻ ആചാരി വ്യക്തമാകുന്നു.
'മമ്മൂക്കയുടെ വിഡിയോ കോള്‍ വന്നപ്പോള്‍ സന്തോഷം കൊണ്ട് എന്താണ് പറയേണ്ടത് എന്നറിയാത്ത അവസ്ഥയായി പോയി. ലാലേട്ടന്‍ ആദ്യം വിളിച്ചപ്പോള്‍ ഞങ്ങള്‍ കണ്ടില്ല, വീട്ടിലാരോ ഫോണെടുത്ത് ഞങ്ങള്‍ തിരക്കിലാണെന്നു പറഞ്ഞു. പിന്നെ തിരിച്ചുവിളിച്ചപ്പോള്‍ ഒരുപാട് സ്നേഹത്തോടെയാണ് ലാലേട്ടനും ഞങ്ങളോട് സംസാരിച്ചതും ഞങ്ങളെ അനുഗ്രഹിച്ചതുമൊക്കെ.' എന്നും മണികണ്ഠന്‍ സന്തോഷത്തോടെ വ്യക്തമാക്കി.
അതേ സമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവാഹച്ചെലവുകള്‍ക്കായി മാറ്റിവച്ച പണം മണികണ്ഠൻ നൽകുകയും ചെയ്‌തു. ഈ തുക എംഎല്‍എ എം സ്വരാജ് ആയിരുന്നു ഏറ്റുവാങ്ങിയിരുന്നത്. മണികണ്ഠന്‍ ആചാരി മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയത് കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ്. പിന്നാലെ ഇതര ഭാഷകളില്‍ അടക്കം മണികണ്ഠന്‍ വേഷമിടുകയും ചെയ്‌തു. രജനീകാന്ത് ചിത്രമായ പേട്ടയിലൂടെ താരം കഴിഞ്ഞ വര്‍ഷം തമിഴിലും അരങ്ങേറിയിരുന്നു.