ലോക്ഡൗണ്‍കാലം വീട്ടിനുള്ളില്‍ കഴിയുകയാണ് പ്രശസ്ത താരങ്ങളെല്ലാം. ദുല്‍ഖര്‍ സല്‍മാന്‍ കുടുംബവുമൊത്ത് കൊച്ചിയിലെ പുതിയ വീട്ടിലാണ് താമസം. സഹോദരി സുറുമിയുടെ കുടുംബം, വാപ്പച്ചി മമ്മൂട്ടി, ഉമ്മ സുല്‍ഫത്ത്, മകള്‍ മറിയം, നല്ലപാതി അമാല്‍ എന്നിവര്‍ക്കൊപ്പമാണ് ദുല്‍ഖര്‍ ലോക്ഡൗണില്‍ ചിലവിടുന്നത്. തിരക്കിനിടയില്‍ വീണുകിട്ടിയ അപ്രതീക്ഷിത അവധിയില്‍ മകളോടൊപ്പമാണ് ഡിക്യു അടിപൊളിയാക്കുന്നത്. മകള്‍ മറിയത്തിനൊപ്പം കളിയും പാചകവുമൊക്കെയാണ് മറ്റു പരിപാടികള്‍. വര്‍ക്കൗട്ടും മുടക്കാറില്ല. മറ്റ് താരങ്ങളും സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെങ്കിലും കൂട്ടത്തില്‍ ആകെ പെട്ടുപോയത് നടന്‍ പൃഥിരാജാണ്. ആടുജീവിതത്തിന്റെ ഷൂട്ടിനായി ജോര്‍ദാനില്‍ പോയ പൃഥി അവിടെ കുടുങ്ങിക്കിടക്കുകയാണ് ഇപ്പോള്‍. അതേസമയം പൃഥിരാജിന്റെ അവസ്ഥയെ പറ്റിയുള്ള ദുല്‍ഖറിന്റെ ചില തുറന്നുപറച്ചിലുകള്‍ ശ്രദ്ധനേടുകയാണ്.
'പറ്റുമ്പോഴെല്ലാം പൃഥ്വിരാജുമായി സംസാരിക്കാറുണ്ട്. വളരെ സങ്കടമാണ് അവരുടെ കാര്യം എന്നാണ് ഡിക്യു പറയുന്നത്. മൂന്ന് ആഴ്ചയിലേറെയായി ഷൂട്ടിങ് മുടങ്ങി അവര്‍ ജോര്‍ദാനില്‍ പെട്ടിരിക്കുകയാണ്. സംഘത്തിലെ ആര്‍ക്കും അസുഖമൊന്നുമില്ല എങ്കിലും ഇങ്ങനെ കഴിയേണ്ടി വരുന്നത് കഷ്ടമാണ്. ഈ ചിത്രത്തിന് വേണ്ടി പൃഥ്വി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, ഭാരം കുറയാനായി പട്ടിണി കിടന്നിട്ടുണ്ട്. അഞ്ചാറു മാസം എടുത്താണ് ഈ ചിത്രത്തിന് വേണ്ട ഒരു ശാരീരികാവസസ്ഥയിലേക്ക് പൃഥ്വി എത്തിയത്. അങ്ങനെ കഷ്ടപ്പെട്ട് തയ്യാറെടുത്തിട്ട് ചിത്രീകരിക്കാന്‍ സാധിക്കാതെ വരുന്നത് നിര്‍ഭാഗ്യകരമാണെന്ന് ദുല്‍ഖര്‍ കൂട്ടിച്ചേര്‍ക്കുന്നു.
എന്നാല്‍ പൃഥിരാജിന് താന്‍ ആശ്വാസമേകുന്നുണ്ടെന്നും ദുല്‍ഖര്‍ വെളിപ്പെടുത്തി. ഇപ്പോള്‍ ഇടയ്ക്കിടയ്ക്ക് ഞാന്‍ അദ്ദേഹത്തെ വിളിക്കാറുണ്ട്. സിനിമകള്‍ കണ്ട് പരസ്പരം അഭിപ്രായം പറയുന്നുണ്ട്. ഇത്രയും കാലം ഞങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ടിരുന്നില്ല. പക്ഷേ ഇപ്പോള്‍ ഇങ്ങനെ ആയതില്‍ സന്തോഷമുണ്ട്. രണ്ടുദിവസം കൂടുമ്പോഴെല്ലാം ഇപ്പോള്‍ ഫോണ്‍ചെയ്യും. മെസേജും അയക്കാറുണ്ട്. കഠിനമായ അവസ്ഥയില്‍ കടന്നുപോകുന്ന പൃഥിയെ സന്തോഷിപ്പിക്കാന്‍ വെറുതേ എന്തെങ്കിലുമൊക്കെ പറയുമെന്നും ദുല്‍ഖര്‍ പറയുന്നു. ദുല്‍ഖറിന്റെ നല്ല മനസിനെ പ്രകീര്‍ത്തിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.