മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ബാലാജി ശർമ. നിരവധി കഥാപാത്രങ്ങളിലൂടെ നടനായും വില്ലനായും തിളങ്ങുകയും ചെയ്‌തു താരം. സ്കൂളിൽ പഠിക്കുന്ന കാലത്ത് ആരംഭിച്ചതായിരുന്നു താരത്തിന്റെ സിനിമ മോഹം. എയർഫോഴ്‌സ് ഉദ്യോഗസ്ഥനാളിൽ നിന്ന് വെള്ളിത്തിരയിലേയ്ക്ക് എത്തിയ വഴികളെ കുറിച്ച് ബാലാജി മനോരമ ഡോട്കോമിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.
സ്കൂളിൽ പഠിക്കുമ്പോൾ തന്നെ അഭിനയ മോഹം തുടങ്ങിയിരുന്നു. 16-ാമത്തെ വയസ്സിൽ എയർഫോഴ്സ് പരീക്ഷ വിജയിച്ചു. അവിടെ പോലീസായി ജോലികിട്ടി. അപ്പോഴും അഭിനയ മേഹം മനസ്സിലുണ്ടായിരുന്നു.പിന്നെ ഡിഗ്രിയും എൽഎൽബിയുമെല്ലാം ജോലിയിലിരുന്നു കൊണ്ട് നേടി. അതോടെ റിസ്ക് എടുക്കാനുള്ള ധൈര്യം കിട്ടി. പിന്നീട് നല്ലൊരു ജോലf രാജിവെച്ച് നേരെ സിനിമാ നടനാകാൻ ചാൻസ് ചോദിച്ച് ഇറങ്ങുകയായിരുന്നു.
ആദ്യം ജൂനിയർ ആർട്ടിസ്റ്റായി ഒരു അവാർഡ് സിനിമയിൽ ചാൻസ് ലഭിക്കുകയായിരുന്നു.അതിൽ തോണി തള്ളുന്ന ഒരു സീനുണ്ട്. എനിക്ക് ഈഗോ അടിച്ചു. ഞാൻ ഇത്രയും നല്ല ജോലിയും കളഞ്ഞു നടനാകാൻ വന്നത് ഇതിനാണോ എന്ന് ചോദിച്ചു. അപ്പോഴാണ് കൂടെ തോണി തള്ളാൻ വന്ന ജൂനിയർ ആർട്ടിസ്റ്റ് എസ്ഐ ആണെന്ന് മനസ്സിലായത്. പുള്ളിയും എന്നെപ്പോലെ അഭിനയമോഹി തന്നെ.. അതോടെ അങ്ങനെ തുടർന്നാൽ ജീവിതം പച്ചപിടിക്കില്ല എന്ന് ബോധ്യമായി.
പിന്നീട് വാണിജ്യ സിനിമകളുടെ സംവിധായകന്മാരുടെ ചിത്രത്തിൽ ചാൻസ് ചോദിച്ചു. അങ്ങനെ ചെറിയ വേഷങ്ങൾ ലഭിച്ചു തുടങ്ങി. ആ സമയത്ത് സിനിമ- സീരിയലുകളിൽ അവസരങ്ങൾ ലഭിച്ചു.മധുപാൽ ഒഴിമുറിയിലേക്ക് വിളിച്ചതാണ് ഒരു വഴിത്തിരിവായത്.ആ വേഷം ശ്രദ്ധിക്കപ്പെട്ടു. പിന്നീടാണ് ഭാഗ്യം പോലെ സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു. ഇപ്പോൾ 90 സിനിമകളിൽ അഭിനയിച്ചു.
ഭാര്യ സ്മിതയ്ക്കും മകൾക്കും അമ്മയ്ക്കുമൊപ്പം വീട്ടിലാണിപ്പോൾ. മകൾ ജീവിതത്തിലേയ്ക്ക് കടന്ന് വന്നിട്ട് ഒന്നേമുക്കാൽ വർഷമേ ആയിട്ടുള്ളൂ.ഷൂട്ടിങ്ങിന്റെ തിരക്കുകൾക്കിടെ അവളെ ശരിക്കൊന്നു ഓമനിക്കാൻ പോലും പലപ്പോഴും കഴിഞ്ഞിട്ടില്ല. ആ കുറവെല്ലാം ഇപ്പോൾ പരിഹരിക്കുകയാണ്.പിന്നെ ക്രിയേറ്റീവ് ആയി സമയം ചെലവിടാൻ ശ്രമിക്കുന്നുണ്ട്. ഒരു ലോക്ഡൗൺ സ്റ്റോറി എന്ന പേരിൽ ഒരു ഷോർട് ഫിലിം ചെയ്തു.ഇതിനൊപ്പം അത്യാവശ്യം എഴുത്തുകളും പുരോഗമിക്കുന്നു.