മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു അമരം. ചിത്രത്തിലെ അച്ചൂട്ടിയുടെ ഡയലോഗുകളും പാട്ടുമൊക്കെ ഇന്നും പ്രേക്ഷക മനസ്സിൽ മായാതെ നില്പുണ്ട്. ഭരതനും മമ്മൂട്ടിയും ലോഹിതദാസും ഒന്നിച്ച ചിത്രത്തിൽ അപ്രതീക്ഷിതമായിട്ടാണെങ്കിലും അശോകനും മാതുവും അഭിനയിച്ചിരുന്നു. അമരം തിയേറ്ററുകളിലേക്ക് എത്തിയിരുന്നത് 1991ലായിരുന്നു. സിനിമയുടെ പ്രേമേയമാകുന്നത് തന്റെ മകളായ മുത്തിനെ പഠിപ്പിച്ച് ഡോക്ടറാക്കുകയെന്ന അച്ചൂട്ടിയുടെ സ്വപ്‌നമാണ്. എന്നാൽ ഇപ്പോൾ ഈ സിനിമയുടെ പിന്നാമ്പുറ കഥകൾ തുറന്ന് പറഞ്ഞിരിക്കുകയാണ് നിര്‍മ്മാതാവായ ബാബു തിരുവല്ല.
അശോകനേയും മാതുവിനേയുമായിരുന്നില്ല ചിത്രത്തില്‍ അഭിനയിക്കാനായി തീരുമാനിച്ചിരുന്നത്. അപ്രതീക്ഷിത ട്വിസ്റ്റിലൂടെയായിരുന്നു ഇവര്‍ ഇരുവരും ഈ ചിത്രത്തിലേക്ക് എത്തിയത്. ഇരുവരുടേയും കരിയറിലെ തന്ന മറക്കാനാവാത്ത ചിത്രമായി മാറുകയായിരുന്നു ഇത്. തമിഴകത്തെ ഒരു നടിയായിരുന്നു രാധയായത്. കുറച്ച് ദിവസം ഈ താരത്തെ വെച്ച് ഷൂട്ടിംഗും നടത്തിയിരുന്നു. എന്നാല്‍ എത്ര ശ്രമിച്ചിട്ടും ശരിയാവാതെ വന്നപ്പോഴാണ് മാതുവിനെ സമീപിച്ചത്. സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരുന്ന മാതു അങ്ങനെയാണ് ഈ ചിത്രത്തിലേക്ക് എത്തിയത്.
രാഘവന്റെ റോളിലേക്ക് നിശ്ചയിച്ചിരുന്നത് സഞ്ജയ് മിത്രയെ ആയിരുന്നു. വൈശാലിയിലെ ഋഷ്യശൃംഗനിലൂടെയാണ് ഈ താരം മലയാളികളുടെ മനസ്സില്‍ ചേക്കേറിയത്. മലയാളത്തിലെ ആദ്യ ചിത്രത്തിലൂടെ തന്നെ ഗംഭീര സ്വീകരണമായിരുന്നു ഈ താരത്തിന് ലഭിച്ചത്. രാഘവന്റെ റോളിലേക്ക് താരത്തെ നിശ്ചയിച്ചിരുന്നുവെങ്കിലും അവസാനനിമിഷം അത് അശോകനിലേക്ക് എത്തുകയായിരുന്നു. ടെലിഗ്രാം സന്ദേശമായിരുന്നു അതിന് വഴിതെളിയിച്ചത്.
അഞ്ചെട്ട് സിനിമകള്‍ ചെയ്‌തെങ്കിലും കൂടുതല്‍ സ്‌ട്രെയിനെടുത്ത് ചെയ്ത ചിത്രമാണ് അമരമെന്നും ബാബു തിരുവല്ല പറയുന്നു. കടലില്‍ വെച്ചുള്ള കളികളാണല്ലോ എല്ലാം. വൈശാലിയുടെ 100ാം ദിനത്തിലെ ചടങ്ങില്‍ വെച്ചാണ് മമ്മൂട്ടിയെ കണ്ടത്. അന്ന് ഒരു സിനിമ മാത്രമേ ചെയ്തിട്ടുണ്ടായിരുന്നുള്ളൂ. മിന്നാമിനുങ്ങിന് നുറുങ്ങുവെട്ടം, മമ്മൂട്ടിയോട് ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം ഓക്കെ പറയുകയായിരുന്നു. പിന്നീടാണ് ലൊക്കേഷനും കാസ്റ്റിങ്ങുമൊക്കെ തീരുമാനിച്ചത്.
സഞ്ജയ്ക്ക് ചിത്രത്തില്‍ അഭിനയിക്കുന്നതിനായി എത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് ടെലഗ്രാം വരികയായിരുന്നു. ഇതോടെയാണ് രാഘവന്റെ വേഷത്തിലേക്ക് ആരെ പരിഗണിക്കുമെന്ന ചര്‍ച്ച വന്നത്. ആ സമയത്താണ് അശോകനെക്കുറിച്ച് പറഞ്ഞത്. അദ്ദേഹത്തിന്റെ മുടിയും രൂപവുമൊക്കെ ആ കഥാപാത്രത്തിന് കറക്റ്റായിരുന്നു. എല്ലാവരും നന്നായിരിക്കുമെന്നും പറഞ്ഞു. അങ്ങനെയാണ് അശോകന്‍ വന്നത്. വിളിച്ചതിന് ശേഷമായി അശോകനെത്തുകയായിരുന്നു എന്നും ബാബു തിരുവല്ല വ്യക്തമാകുന്നു.