വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന സിനിമയിലൂടെ മഞ്ജു വാര്യരുടെ മകളായിട്ടാണ് അനശ്വര വെള്ളിത്തിരയിലേക്ക് ചുവട് വയ്ക്കുന്നത്. അതിന് പിന്നാലെ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. നിരവധി സിനിമകളിൽ ഇപ്പോൾ അനശ്വര നായികയായി വേഷമിടുകയാണ്.
സിനിമയിൽ ചുവട് വച്ചതോടെ വിമർശനങ്ങളും അനശ്വരയ്ക്ക് പിന്നാലെയുണ്ട്. ആദ്യ സിനിമയിലെ അഭിനയത്തിന് പിന്നാലെ ഒരു പൊതുപരിപാടിയില്‍ വന്ന ശേഷം പഴി കേള്‍ക്കേണ്ടി വന്ന അവസ്ഥയെ കുറിച്ച് ഇപ്പോൾ അനശ്വര ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ്.
സിനിമാ നടിയായതിന് ശേഷം വിചാരിക്കാത്ത കാര്യങ്ങള്‍ക്ക് പഴിക്കേള്‍ണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് വിവാഹചടങ്ങുകളും മറ്റും ഭൂരിഭാഗവും ഒഴിവാക്കുകയാണ് ചെയ്യുന്നത്. കാരണം അത്തരം ഇടങ്ങളില്‍ പോയി വന്ന് കഴിഞ്ഞാല്‍ അച്ഛനും അമ്മയ്ക്കും ഫോണ്‍ കോളുകള്‍ വരും. മോള്‍ക്ക് ഭയങ്കര ജാഡയാണല്ലേ, ഞങ്ങളോട് സംസാരിച്ചില്ല, ഇങ്ങനെ പെരുമാറിയില്ല എന്നൊക്കെ പറഞ്ഞിട്ട്.
ഉദാഹരണം സുജാത ഇറങ്ങിയ സമയത്ത് അച്ഛന്റെ അടുത്ത ബന്ധുവിന്റെ വിവാഹത്തിന് പോയി. പൊതുവേ വിവാഹ ഫോട്ടോകളില്‍ നില്‍ക്കാന്‍ ഇഷ്ടമില്ലാത്ത ആളാണ് ഞാന്‍. വിവാഹ വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോള്‍ പയ്യന്റെ കൂടെ ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ എല്ലാവരെയും വിളിച്ചു. അയ്യോ ഞാനില്ല നിങ്ങളെടുക്കെന്ന് പറഞ്ഞ് മാറി കളഞ്ഞു. അതൊക്കെ കഴിഞ്ഞ് പിറ്റേ ദിവസം ഒരു സുഹൃത്ത് എനിക്കൊരു ഫേസ്ബുക്ക് പോസ്റ്റ് അയച്ച് തന്നു. തലേ നാള്‍ കണ്ട ഫോട്ടോഗ്രാഫറുടേതായിരുന്നു ആ പോസ്റ്റ്.
അതിങ്ങനെയായിരുന്നു. 'കഴിഞ്ഞ ദിവസം ഒരു വിവാഹത്തിന്റെ ഫോട്ടോ എടുക്കാന്‍ പോയപ്പോള്‍ അടുത്തിടെ ഇറങ്ങിയ ഒരു സിനിമയില്‍ അഭിനയിച്ച കുട്ടിയെ കണ്ടു. പത്ത് സിനിമയില്‍ അഭിനയിച്ച അഹങ്കാരത്തോടെ മുഖം വക്രിച്ച് എന്റെ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ആ കുട്ടി തിരിഞ്ഞു നടന്നു. കുട്ടിയുടെ മനസില്‍ അഹങ്കാരം കുത്തി വെച്ചത് സ്വപ്ന ലോകത്ത് നില്‍ക്കുന്ന മാതാപിതാക്കളാണ്'. ഇതായിരുന്നു ആ പോസ്റ്റിന്റെ ഉള്ളടക്കം. അതെനിക്കും കുടുംബത്തിനും വലിയ വിഷമമുണ്ടാക്കി എന്നും അനശ്വര വ്യക്തമാകുന്നുണ്ട്.