മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളാണ് നെടുമുടി വേണു.നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം ഏതാനും സിനിമകൾക്കു വേണ്ടി കഥയും എഴുതിയിട്ടുണ്ട്. അതേസമയം ഈ ലോക്ക് ഡൗൺ കാലത്ത് ഒരു സംഘം ആളുകള്‍ ആംബുലന്‍സില്‍ എറണാകുളത്തുനിന്ന് കാസര്‍കോട്ടേയ്ക്ക് ഒളിച്ചുകടക്കാന്‍ ശ്രമിക്കുകയും അവർ പിടിയിലാവുകയും ചെയ്‌തിരുന്നു. ഈ വേളയിലാണ് അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുന്‍പ് രോഗി ചമഞ്ഞ് ആംബുലന്‍സില്‍ ലൊക്കേഷനിലേക്കു യാത്ര ചെയ്തത് സംഭവം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
പെരുന്തച്ചന്‍ സിനിമയുടെ ചിത്രീകരണ സമയത്തായിരുന്നു സംഭവം. കര്‍ണാടകയിലെ കുന്ദാപുരത്തായിരുന്നു ലൊക്കേഷന്‍. ചിത്രത്തിലെ മാമ്പറ്റ ഉണ്ണി തമ്പുരാന്റെ വേഷം അവതരിപ്പിക്കാനായി നെടുമുടി വേണു മംഗലാപുരം റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങി. അവിടെ നിന്ന് എണ്‍പത് കിലോമീറ്ററോളം റോഡുമാര്‍ഗം സഞ്ചരിച്ചു വേണം ചിത്രീകരണം നടക്കുന്ന സ്ഥലത്തെത്താന്‍.
അപ്രതീക്ഷതമായി പ്രഖ്യാപിച്ച ബന്ദിനെ തുടര്‍ന്ന് അന്ന് രാവിലെ നാട് നിശ്ചലമായി. കടകള്‍ തുറക്കാനനുവദിക്കാതെയും വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് തടഞ്ഞും സമരക്കാര്‍ പ്രതിഷേധം ശക്തമാക്കി. രാവിലെ റെയില്‍വെ സ്റ്റേഷനിലെത്തിയ തന്നെ സ്വീകരിച്ച്‌കൊണ്ടുപോകാന്‍ പ്രൊഡക്ഷന്‍ ടീം ഒരു ആംബലന്‍സുമായാണ് എത്തിയത്. റെയില്‍വെ സ്റ്റേഷനില്‍ നിന്നും എഴുപത് കിലോമീറ്റര്‍ അകലെയുളള ഹോട്ടലിലേക്കും അവിടെ നിന്ന് ലൊക്കേഷനിലേക്കും ആംബുലന്‍സില്‍ തന്നെ യാത്ര തുടരാമെന്ന് അവര്‍ അറിയിച്ചു.
ആംബുലന്‍സിന്റെ വാതില്‍ തുറന്നുപിടിച്ച് വേഗം കയറൂ വേണ്വേട്ടാ... എന്ന ഡയലോഗ്. ആംബുലന്‍സിനെ കുറിച്ചു ചോദിച്ചപ്പോള്‍ ബന്ദായതുകൊണ്ട് സുരക്ഷിതയാത്ര ഒരുക്കാനാണ് അത്തരമൊരുമാര്‍ഗം സ്വീകരിച്ചതെന്നായിരുന്നു അവരുടെ മറുപടി.
ബന്ദ്ദിനത്തിലെ യാത്ര ഒഴിവാക്കാമെന്നും രാത്രിവരെ മംഗലാപുരത്തു തന്നെ തങ്ങാമെന്നും നെടുമുടി പറഞ്ഞെങ്കിലും, ആംബുലന്‍സുമായെത്തിയ സംഘം ധൈര്യം നല്‍കി അദ്ദേഹത്തെ വാഹനത്തില്‍ കയറ്റുകയായിരുന്നു. പ്രതിഷേധക്കാര്‍ വാഹനം വളയുകയാണെങ്കില്‍ സ്‌ട്രെക്ച്ചറില്‍ കയറിക്കിടന്നാല്‍ മതിയെന്നായിരുന്നു പ്രൊഡക്ഷന്‍ ടീം അന്ന് നല്‍കിയ ഉപദേശം.യാത്രയില്‍ അപകടവും അക്രമവുമൊന്നുമുണ്ടായില്ലെങ്കിലും ജല്‍സൂരിലെത്തിയപ്പോള്‍ റോഡില്‍ ആള്‍ക്കൂട്ടത്തെ കണ്ടു. ഉടനെ ഷര്‍ട്ടഴിച്ച് ആംബുലന്‍സില്‍ നീണ്ടുനിവര്‍ന്നു കിടക്കേണ്ടി വന്നു എന്നും താരം ഓർമപങ്കുവയ്ക്കുകയാണ്.